ഇന്ത്യയിലേക്കുള്ള യാത്രക്ക് സഊദി പൗരന്മാർക്ക് വിസാനടപടികള്‍ എളുപ്പമാക്കി
ജിദ്ദ: ഇന്ത്യയിലേക്കുള്ള യാത്രക്ക് സഊദി പൗരന്മാർക്ക് വിസാനടപടികള്‍ എളുപ്പമാക്കി ഇന്ത്യന്‍ സര്‍ക്കാര്‍. വിനോദ സഞ്ചാരത്തിനും ചികിത്സക്കും ബിസിനസ് ആവശ്യത്തിനും പോകുന്നതിനുള്ള വിസകളിന്മേലുള്ള നടപടികളാണ് ലഘൂകരിച്ചത്. മള്‍ട്ടി എന്‍ട്രി ടൂറിസ്റ്റ് വിസകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന ചാര്‍ജും പകുതിയായി കുറച്ചിട്ടുണ്ട്.
വിസകളുടെ കാലദൈര്‍ഘ്യവും വര്‍ധിപ്പിച്ചു. ഇന്ത്യ സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്ന സഊദി പൗരന്മാര്‍ക്ക് ഏര്‍പ്പെടുത്തിയ ഇ-വിസ സേവനമാണ് കൂടുതല്‍ എളുപ്പമാക്കിയത്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ സഊദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ ഇന്ത്യാ സന്ദര്‍ശന വേളയിലുണ്ടായ തീരുമാനപ്രകാരമാണ് ഓൺലൈൻ വിസ (ഇ-വിസ) സംവിധാനം ഇന്ത്യ ഏര്‍പ്പെടുത്തിയത്. ഇതോടെ ടൂറിസ്റ്റ്, ബിസിനസ്, മെഡിക്കല്‍, കോണ്‍ഫറന്‍സ് ആവശ്യങ്ങള്‍ക്ക് ഇന്ത്യയിൽ പോകാൻ ഓണ്‍ലൈന്‍ വഴി വിസയ്ക്ക് അപേക്ഷിക്കാനും നേടാനും സഊദി പൗരന്മാര്‍ക്ക് അവസരം തുറന്നുകിട്ടി. ഇത് കൂടുതല്‍ എളുപ്പമാക്കാനും കൂടുതൽ സൗഹൃദപരമാക്കാനുമാണ് വിസാ ഫീസ് കുറച്ചും ഇന്ത്യയിൽ തങ്ങാനുള്ള കാലദൈർഘ്യം വർധിപ്പിച്ചും പുതിയ ഉത്തരവുണ്ടായിരിക്കുന്നത്.
മള്‍ട്ടി എന്‍ട്രിയോടുകൂടിയ ഹ്രസ്വകാല ടൂറിസ്റ്റ് വിസ ഒരു മാസത്തേക്ക് 25 ഡോളറാണ് പുതുക്കിയ നിരക്ക്. അതേസമയം ഏപ്രില്‍ മുതല്‍ ജൂൺ വരെയുള്ള പ്രത്യേക കാലയളവിലാണെങ്കില്‍ 10 ഡോളര്‍ മാത്രം നൽകിയാൽ മതി. ഒരു വര്‍ഷത്തേക്കുള്ള മല്‍ട്ടിപ്പിള്‍ എന്‍ട്രി ടൂറിസ്റ്റ് വിസയുടെ ഫീസ് 80 ഡോളറില്‍ നിന്ന് 40 ഡോളറായും കുറച്ചു. 80 ഡോളര്‍ നല്‍കിയാല്‍ അഞ്ച് വര്‍ഷത്തേക്കുള്ള മള്‍ട്ടിപ്പിള്‍ എന്‍ട്രി ടൂറിസ്റ്റ് വിസയും ഇനി അനുവദിക്കും.
ബിസിനസ്, മെഡിക്കല്‍, കോണ്‍ഫറന്‍സ് വിസകളുടെയും കാലദൈര്‍ഘ്യം വര്‍ധിപ്പിച്ചിട്ടുണ്ട്. ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നതിന് നാല് ദിവസം മുമ്പ് അപേക്ഷ നല്‍കിയാലും ഇനി വിസ ലഭിക്കും. ഓൺലൈൻ വിസക്ക് പുറമെ എംബസി വഴിയുള്ള കടലാസ് വിസകള്‍ അനുവദിക്കുന്നത് തുടരും. ഇത് അനുവദിക്കുന്നതിനുള്ള കാലതാമസം പരമാവധി രണ്ട് പ്രവൃത്തി ദിനങ്ങളായി പരിമിതപ്പെടുത്തിയിട്ടുണ്ട്. അതേ സമയം കഴിഞ്ഞ വര്‍ഷം 19,116 ഓൺലൈൻ വിസകളും 18,598 കടലാസ് വിസകളുമാണ് സഊദി പൗരന്മാർക്ക് ഇന്ത്യ അനുവദിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."