പ്രക്ഷുബ്ധ യുവത്വം പോരാട്ടത്തില്‍
ഇന്ത്യയില്‍ മുസ്‌ലിംകള്‍ മൊത്തം ജനസംഖ്യയുടെ പതിനാലു ശതമാനമാണ്. അവര്‍ ഇവിടെ പെറ്റുപെരുകുകയാണെന്നു പറഞ്ഞ് സംഘ്പരിവാര്‍ ഹാലിളക്കുന്നുണ്ടെങ്കിലും, നൂറ്റാണ്ടുകള്‍ മുസ്‌ലിം രാജാക്കന്മാര്‍ നമ്മുടെ നാട് ഭരിച്ചിരുന്നിട്ടും ഇവിടെ മുസ്‌ലിം ജനസംഖ്യ വര്‍ധിപ്പിക്കാന്‍ ഒരു ശ്രമവും നടത്തിയിട്ടില്ല എന്നത് ചരിത്രം. വിവിധ നാടുകളില്‍ നിന്നു ഇന്ത്യയിലേക്ക് വരാനും ഇവിടുത്തെ പൗരന്മാരായി ജീവിക്കാനും ആഗ്രഹിക്കുന്ന ഒട്ടേറെ പേരുണ്ട്. ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രം സ്വന്തം ചോരകൊണ്ട് എഴുതി വീരചരമം പ്രാപിച്ച മുസ്‌ലിംകളും അക്കൂട്ടത്തില്‍പ്പെടുന്നു.
നമ്മുടെ ജനാധിപത്യ വ്യവസ്ഥയും ഏറെ പുകഴ്ത്തപ്പെട്ട മതനിരപേക്ഷ ഭരണഘടനയും ആണ് ഇന്നും ഇന്ത്യയുടെ ആകര്‍ഷണം. എന്നാല്‍ ഇന്ത്യന്‍ പൗരത്വം ലഭിക്കാന്‍ ഭരണഘടന നിഷ്‌കര്‍ഷിക്കുന്ന വ്യവസ്ഥയില്‍ മായം ചേര്‍ക്കാനാണ് കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മൃഗീയ ഭൂരിപക്ഷം നേടി അധികാരത്തിലേറിയ സംഘ്പരിവാര്‍ ശ്രമിക്കുന്നത്. ഏഴുഘട്ടങ്ങളിലായി കഴിഞ്ഞ വര്‍ഷം നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പ് എത്രമാത്രം സുതാര്യമായിരുന്നു എന്നു അറിയാനിരിക്കുന്നേയുള്ളു. രണ്ടു പ്രമുഖ സ്ഥാപനങ്ങള്‍ നിര്‍മ്മിച്ച 19 ലക്ഷം വോട്ടിങ് യന്ത്രങ്ങള്‍ കാണാതായെന്ന ആരോപണം ഉയര്‍ന്നിരുന്നു. ആ പശ്ചാത്തലത്തിലായിരുന്നു നരേന്ദ്രമോദി ഭരണകൂടത്തിന്റെ അരങ്ങേറ്റം. കാണാതായ വോട്ടിങ് യന്ത്രങ്ങളുടെ നിജസ്ഥിതി കോടതിയില്‍ ഇപ്പോഴും തങ്ങിക്കിടക്കുകയാണ്.
അതിനിടയില്‍ ഇന്ദ്രപ്രസ്ഥത്തിലിരുന്നു ഭരണചക്രം തിരിക്കാന്‍ തുടങ്ങിയ മോദി സര്‍ക്കാര്‍ അടുത്ത തെരഞ്ഞെടുപ്പിനുമുമ്പ് എന്തൊക്കെ നേടിയെടുക്കാന്‍ സാധിക്കുമെന്ന കണക്കു കൂട്ടലിലാണ്. ഇതിന്റെ ഭാഗമായാണ് ഗുജറാത്തിലെ മുസ്‌ലിം കൂട്ടക്കൊലകള്‍ക്ക് അന്നു അവിടെ മുഖ്യമന്ത്രി ആയിരുന്ന മോദിക്ക് വലംകയ്യായി പ്രവര്‍ത്തിച്ചുവെന്ന ആരോപണത്തില്‍പ്പെട്ട അമിത്ഷായെ കേന്ദ്ര ഗവണ്‍മെന്റില്‍ ആഭ്യന്തരമന്ത്രിയായി പ്രതിഷ്ഠിച്ചത്. കശ്മിര്‍ പ്രത്യേക പദവി റദ്ദാക്കല്‍, എന്‍.ഐ.എ നിയമ ഭേദഗതി, മുത്വലാഖ്, അസമിലെ പൗരത്വ പട്ടിക തുടങ്ങിയവ കൃത്യമായ ലക്ഷ്യത്തോടെയാണ് നടപ്പിലാക്കിയത്. എന്നാല്‍ അസമിലെ പൗരത്വ പട്ടികയില്‍ നിന്ന് പുറത്തായവരില്‍ ഭൂരിഭാഗവും ഹിന്ദുക്കളായതോടെ കേന്ദ്രത്തിന്റെ അടവുകള്‍ പാളി.
ഇതോടെയാണ് ഇന്ത്യ ഒട്ടാകെ ദേശീയ പൗരത്വ പട്ടിക തയാറാക്കാനും പൗരത്വ നിയമ ഭേദഗതിയുമായും കേന്ദ്ര ഭരണകൂടം ഇറങ്ങിത്തിരിച്ചത്. മത വിഭജനമായിരുന്നു പൗരത്വ നിയമ ഭേദഗതി കൊണ്ട് ലക്ഷ്യമാക്കുന്നത്. ഹിന്ദുമത വിശ്വാസികളെ ഇന്ത്യയിലേക്ക് കൊണ്ടു വരാമെന്നും അടുത്ത തെരഞ്ഞെടുപ്പില്‍ കൂട്ടമായിത്തന്നെ അവര്‍ തങ്ങളെ ജയിപ്പിച്ചു വിടുമെന്നുമായിരുന്ന സംഘ്പരിവാര്‍ ഈ നിയമത്തിലൂടെ കരുതിയത്.
എന്നാല്‍ ഹൈന്ദവരായ ജനകോടികള്‍ സംഘ്പരിവാര്‍ അജണ്ടയെ തള്ളിക്കളയുന്നതാണ് രാജ്യമെങ്ങും കാണുന്നത്. ഒരു പ്രത്യേക മതവിഭാഗക്കാരെമാത്രം ഒഴിച്ചു നിര്‍ത്തി തയാറാക്കുന്ന പദ്ധതികള്‍ ഈ നാട്ടില്‍ നടപ്പാക്കുന്നതിനെതിരേ ഇന്ത്യയുടെ മതേതര മനസ്സ് ഉയിര്‍ത്തെഴുന്നേറ്റിരിക്കുന്നു. പ്രത്യേകിച്ച് നാളെയുടെ ഭാഗധേയം നിര്‍ണയിക്കുന്ന യുവജന ലക്ഷങ്ങള്‍. മൂന്നു വര്‍ഷത്തോളം കൂടിയിരുന്നു ആലോചിച്ച് തയാറാക്കി അംഗീകരിച്ച ഇന്ത്യന്‍ ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങള്‍ക്ക് തുരങ്കം വയ്ക്കാന്‍ ഒരു ശക്തിയേയും അനുവദിക്കില്ലെന്നു അവര്‍ ഉദ്‌ഘോഷിക്കുന്നു. എല്ലാ മതവിശ്വാസങ്ങള്‍ക്കും പൂര്‍ണ്ണ സ്വാതന്ത്ര്യം നല്‍കുന്ന മതേതര ജനാധിപത്യ സോഷ്യലിസ്റ്റ് റിപ്പബ്ലിക് എന്ന ഇന്ത്യയുടെ സല്‍പേര് എന്ത് വില കൊടുത്തും നില നിര്‍ത്തുമെന്നു അവര്‍ പ്രഖ്യാപിക്കുകയും ചെയ്യുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."