വാഹന പാര്‍ക്കിങിനുള്ള സ്ഥലമേറ്റെടുക്കല്‍ നടപടി തുടങ്ങി: മന്ത്രി എ.സി മൊയ്തീന്‍
ചാവക്കാട്: ബീച്ച് പാര്‍ക്കിലെത്തുന്ന സഞ്ചാരികളുടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനുള്ള ഭൂമി ഏറ്റെടുക്കലിനുള്ള നടപടി ആരംഭിച്ചതായി വ്യവസായ, യുവജന ക്ഷേമ വകുപ്പ് മന്ത്രി എ.സി മൊയ്തീന്‍. ചാവക്കാട് നഗരസഭയില്‍ ''എല്ലാവര്‍ക്കും ഭവനം പദ്ധതി'' ഒന്നാം ഘട്ട ധനസഹായ വിതരണോദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചാവക്കാട് ബീച്ച് സൗന്ദര്യവല്‍ക്കരണത്തിന്റെ രണ്ടാഘട്ട പ്രവര്‍ത്തനമാരംഭിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ബജറ്റിനു പുറത്ത് വിഹിതം നല്‍കും. ഗുരുവായൂര്‍ നഗരസഭയുടെ വികസനത്തിന് സംസ്ഥാന സര്‍ക്കാര്‍ തയാറാക്കി കേന്ദ്ര സര്‍ക്കാറിന് സമര്‍പ്പിച്ച പദ്ധതിയും ചാവക്കാടിനു ഗുണകരമാകുമെന്ന് മന്ത്രി വ്യക്തമാക്കി. ചാവക്കാട് ബീച്ച് പാര്‍ക്ക് വികസനത്തിന് മുന്‍കൈയെടുത്ത മന്ത്രി അത് സംബന്ധമായി പ്രതികരിക്കുമെന്ന് ചടങ്ങില്‍ അധ്യക്ഷനായി കെ.വി അബ്ദുള്‍ഖാദര്‍ എം.എല്‍.എ സൂചിപ്പിച്ചപ്പോഴാണ്് മന്ത്രി ഇക്കാര്യം പറഞ്ഞത്.
ഭവന രഹിതരായവര്‍ക്ക് ഭവനം നല്‍കുക എന്ന ലക്ഷ്യത്തോടെ രൂപം നല്‍കിയ കേന്ദ്രാവിഷ്‌കൃത പദ്ധതിയായ പ്രധാന്‍ മന്ത്രി ആവാസ് യോജന പി.എം.എ.വൈയില്‍ ഉള്‍പ്പെടുത്തിയാണ് സഹായധനം വിതരണം ചെയ്യുന്നത്. 640 ചതുരശ്ര അടി വിസ്തീര്‍ണമുള്ള വീട് നിര്‍മിക്കുന്നതിനായി മൂന്ന് ലക്ഷം രൂപയാണ് ഓരോ ഗുണഭോക്താവിനും അനുവദിക്കുന്നത്.
പദ്ധതി നടത്തിപ്പിനായി ആകെ ചെലവാകുന്ന തുകയായ 10.6 കോടി രൂപയില്‍ 5.3 കോടി കേന്ദ്രവിഹിതവും 1.7 കോടി സംസ്ഥാന വിഹിതവും 1.8 കോടി നഗരസഭ വിഹിതവുമാണ്. 1.7 കോടിയാണ് ഗുണഭോക്തൃവിഹിതം. നഗരസഭ വിഹിതം കണ്ടെത്തന്നുതിനായി ഈ വര്‍ഷത്തെ പദ്ധതി തുകയില്‍ നിന്ന് 56 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. നഗരസഭയില്‍ പദ്ധതിക്കായി സര്‍വേ നടത്തിയതില്‍ ഭൂരഹിതരും ഭവനരഹിതരുമായി 1721 പേരാണുള്ളത്. ഇതില്‍ സ്വന്തമായി ഭൂമി ഉള്ളവരും എന്നാല്‍ ഭവനരഹിതരുമായ 355 പേരെയാണ് ഓന്നംഘട്ട പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇവര്‍ക്കുള്ള ആദ്യഘട്ട ധനസഹായമാണ് മന്ത്രി വിതരണോദ്ഘാടനം നടത്തിയത്.
മൂന്ന് ഘട്ടങ്ങളിലായിട്ടാണ് ഭവന നിര്‍മാണ പദ്ധതി നടപ്പിലാക്കുന്നത്. നഗരസഭാ വൈസ് ചെയര്‍പേഴ്‌സണ്‍ മഞ്ജുഷ സുരേഷ്, സ്ഥിരം സമിതി അംഗങ്ങളായ എ.സി ആനന്ദന്‍, എ.എ മഹേന്ദ്രന്‍, സഫൂറ ബക്കര്‍, എം.ബി രാജ ലക്ഷ്മി, നഗരസഭാ പ്രതിപക്ഷ നേതാവ് കെ.കെ കാര്‍ത്യായനി, സെക്രട്ടറി എം.കെ ഗരീഷ് സി.പി.എം ഏരിയാ സെക്രട്ടറി എം. കൃഷ്ണദാസ്, കെ.പി.സി.സി എക്‌സിക്യൂട്ടീവ് അംഗം പി.കെ അബൂബക്കര്‍ ഹാജി, മുസ്്‌ലിം ലീഗ് നിയോജകമണ്ഡലം പ്രസിഡന്റ് വി.കെ മുഹമ്മദ്, നഗരസഭാ മുന്‍ ചെയര്‍മാന്‍ എം.ആര്‍ രാധാകൃഷ്ണന്‍, സി.പി.ഐ ജില്ല എക്‌സിക്യൂട്ടീവ് അംഗം കെ.കെ സുധാകരന്‍, ലാസര്‍ പേരകം (സോഷ്യലിസ്റ്റ് ജനതാദള്‍), എന്‍.സി.പി സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം കെ.വി മോഹനകൃഷ്ണന്‍, കെ.വി സിദ്ധീഖ് ഹാജി (കേരള കോണ്‍ഗ്രസ് എം), പി.കെ സെയ്താലിക്കുട്ടി (കോണ്‍.എസ്), തേര്‍ളി നാരായണന്‍ (ബി.ജെ.പി) സംസാരിച്ചു. നഗരസഭാ ചെയര്‍മാന്‍ എന്‍.കെ അക്ബര്‍ സ്വാഗതവും സ്ഥിരം സമിതി അധ്യക്ഷന്‍ കെ.എച്ച് സലാം നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."