പ്ലാസ്റ്റിക്കില്‍നിന്ന് മോചനം സാധ്യമാക്കും: മന്ത്രി കെ. രാജു
കൊല്ലം: പ്ലാസ്റ്റിക് മാലിന്യങ്ങളില്‍നിന്ന് നാടിനെ മോചിപ്പിക്കാനായി സര്‍ക്കാര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ലക്ഷ്യം കാണുന്നുവെന്ന് വനം വകുപ്പ് മന്ത്രി കെ. രാജു പറഞ്ഞു. കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്തില്‍ സ്ഥാപിച്ച പ്ലാസ്റ്റിക് മാലിന്യ സംസ്‌കരണ യൂനിറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പ്ലാസ്റ്റിക് മാലിന്യ ശേഖരണം കാര്യക്ഷമമായി നടപ്പാക്കുമ്പോഴും അതിന്റെ സംസ്‌കരണമാണ് വലിയ വെല്ലുവിളിയാകുന്നത് സംസ്‌കരണശാലകളിലൂടെ ഈ പരിമിതി മറിടക്കാമെന്നാണ് പ്രതീക്ഷ.ഇതുവഴി പ്ലാസ്റ്റികിന്റെ പുനരുപയോഗ സാധ്യത കൂടി പ്രയോജനപ്പെടുത്താം എന്നതാണ് വലിയ നേട്ടം. മാലിന്യ സംസ്‌കരണത്തിന്റെ പ്രാധാന്യം എല്ലാവരും തിരിച്ചറിഞ്ഞ് പരമാവധി സഹകരണം ഉറപ്പാക്കണം. വീട്ടിലെത്തുന്ന ഹരിതകര്‍മ സേനാംഗങ്ങള്‍ക്ക് ഉപയോഗമില്ലാത്ത പ്ലാസ്റ്റിക് കൈമാറാന്‍ വിമുഖത കാട്ടരുതെന്ന് മന്ത്രി ആവശ്യപ്പെട്ടു.
പ്രളയകാലത്ത് കാട്ടിയ യോജിപ്പ് നിലനിറുത്തി നവകേരള നിര്‍മാണത്തിനായി ഒത്തൊരുമിക്കാന്‍ എല്ലാവരും തയാറാകണം. കാര്‍ഷികമൃഗസംരക്ഷണ ക്ഷീരമേഖലകളിലേക്ക് കൂടുതല്‍ പേര്‍ കടന്നു വരുന്നത് പുനര്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്താകും.കൃഷി സാധനങ്ങള്‍ പരമാവധി പേരിലേക്കെത്തിക്കാനും കഴിയണമെന്ന് ബ്ലോക്കില്‍ തുടങ്ങിയ കാര്‍ഷികോത്പന്ന സംഭരണവിതരണ മൊബൈല്‍ യൂനിറ്റ് ഫഌഗ് ഓഫ് ചെയ്ത മന്ത്രി വ്യക്തമാക്കി. പി. അയിഷാപോറ്റി എം.എല്‍.എ അധ്യക്ഷയായി.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ശശികുമാര്‍, വൈസ് പ്രസിഡന്റ് ഷീബ സുരേഷ്, ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് കെ. ജഗദമ്മ, മറ്റു ജനപ്രതിനിധികള്‍, ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രൊജക്ട് ഡയറക്ടര്‍ എ. ലാസര്‍, ഹരിത കേരള മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ എസ്. ഐസക്, ശുചിത്വമിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ജി. സുധാകരന്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."