നിലമേല്‍ ആധുനിക ബസ് സ്റ്റാന്‍ഡ് യാഥാര്‍ഥ്യമാകുന്നു
കൊല്ലം: പുതുക്കിയ ശുചിമുറിയും മുലയൂട്ടല്‍ കേന്ദ്രവും ഉള്‍പ്പടെയുള്ള ആധുനിക സൗകര്യങ്ങളുമായി നിലമേലില്‍ ബസ് സ്റ്റാന്‍ഡ് നിര്‍മാണം അന്തിമഘട്ടത്തിലേക്ക്. പുതിയ സംവിധാനം അടുത്ത മാസം പ്രവര്‍ത്തന സജ്ജമാകും.
കടയ്ക്കല്‍, പാരിപ്പള്ളി, കിളിമാനൂര്‍, ചടയമംഗലം എന്നീ പ്രദേശങ്ങള്‍ കൂടിചേരുന്ന എം.സി റോഡിന് സമീപമുള്ള പ്രദേശത്തെ ഗതാഗതത്തിരക്കിന് പരിഹാരമാകും പുതിയ ബസ് സ്റ്റാന്‍ഡ്. നിലവില്‍ റോഡില്‍ ബസുകള്‍ പാര്‍ക്ക് ചെയ്യുന്ന രീതി ഇതോടെ ഒഴിവാക്കാനാകും.
നിലമേല്‍ കേന്ദ്രീകരിച്ചു സര്‍വിസ് നടത്തുന്ന അന്‍പതിലധികം ബസുകള്‍ക്ക് നിര്‍ത്തിയിടാനുള്ള സൗകര്യമാണ് ഒരുങ്ങുന്നത്. ഗവ. യു.പി സ്‌കൂളിനോട് ചേര്‍ന്നുള്ള 71.5 സെന്റ് സ്ഥലത്താണ് ബസ് സ്റ്റാന്‍ഡ് പൂര്‍ത്തിയാകുന്നത്. പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള 65 സെന്റിന് പുറമെ 6.5 സെന്റ് സ്ഥലം കൂടി വിലയ്ക്ക് വാങ്ങി.
തനതു ഫണ്ടില്‍ നിന്നുള്ള 17,09,964 രൂപയ്ക്കാണ് സ്വകാര്യ വ്യക്തിയില്‍നിന്ന് ഭൂമി വാങ്ങിയത്. ധനകാര്യകമ്മിഷന്‍ ഗ്രാന്‍ഡില്‍ നിന്നുള്ള 11,14,624 രൂപ വിനിയോഗിച്ചാണ് പദ്ധതി പൂര്‍ത്തിയാക്കുന്നത്.
പ്ലാന്‍ ഫണ്ടില്‍നിന്ന് മൂലയൂട്ടല്‍ കേന്ദ്രത്തിന്റ നിര്‍മാണത്തിനായി മൂന്നു ലക്ഷം, ടോയ്‌ലറ്റ് കോംപ്ലക്‌സുകളുടെ പുനരുദ്ധാരണത്തിനായി നാല് ലക്ഷം രൂപ എന്നിങ്ങനെയാണ് ചെലവഴിക്കുകയെന്ന് പഞ്ചായത്ത് പ്രസിഡന്റ് എ. എം. റാഫി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."