HOME
DETAILS
MAL
മോദിക്കും ഗോഡ്‌സെക്കും ഒരേ ആശയം: രാഹുല്‍ ഗാന്ധി
backup
January 31 2020 | 05:01 AM
കല്‍പ്പറ്റ: മഹാത്മാ ഗാന്ധിയെ വെടിവച്ചു കൊന്ന ഗോഡ്‌സെയും പ്രധാനമന്ത്രി നരേന്ദ്രമോദിയും വിശ്വസിക്കുന്നത് ഒരേ ആശയത്തിലാണെന്നും അതു തുറന്നു സമ്മതിക്കാനുള്ള ധൈര്യം മോദിക്കില്ലെന്നതു മാത്രമാണ് വ്യത്യാസമെന്നും രാഹുല്‍ ഗാന്ധി എം.പി. കല്‍പ്പറ്റയില്‍ യു.ഡി.എഫ് വയനാട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഭരണഘടനാ സംരക്ഷണയാത്രയുടെ ഭാഗമായി നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രാജ്യത്തു ജീവിക്കുന്ന ജനങ്ങള്‍ പൗരത്വം തെളിയിക്കേണ്ട അവസ്ഥയുണ്ടാക്കിയിരിക്കുകയാണ് മോദി സര്‍ക്കാര്‍. രാജ്യത്തെ ജനങ്ങള്‍ പൗരത്വം തെളിയിക്കണമെന്നു പറയാന്‍ മോദിക്ക് എന്ത് അധികാരമാണുള്ളത്? ഇവിടെ ജനിച്ചുവളര്‍ന്നവര്‍ ഇന്ത്യക്കാരാണെന്നു തെളിയിക്കേണ്ട ഒരാവശ്യവുമില്ല. അതിനാരുടെയും സര്‍ട്ടിഫിക്കറ്റ് വേണ്ട.
ജനങ്ങളെ വിഭജിച്ച് വെറുപ്പിന്റെ രാഷ്ട്രീയം പടര്‍ത്തുക മാത്രമാണ് മോദി ചെയ്യുന്നത്. ഇതിനെ സ്‌നേഹത്തിലൂടെയും സഹവര്‍ത്തിത്വത്തിലൂടെയും എതിര്‍ത്തു തോല്‍പ്പിക്കുകയെന്നതാണ് നമ്മുടെ കടമ. എല്ലാ മതങ്ങളും ഒരുമിച്ചു നിന്ന് സത്യത്തെ അന്വേഷിക്കണമെന്നാണ് ഗാന്ധിജി ആഗ്രഹിച്ചത്. ശ്രീനാരായണഗുരുവും ഗുരുനാനാക്കും ഉള്‍പ്പെടെയുള്ള മഹാന്മാരെല്ലാം സത്യത്തിന്റെ പാതയിലൂടെ സഞ്ചരിച്ചവരാണ്. ഈ ആശയങ്ങളെയാണ് മോദി വെല്ലുവിളിക്കുന്നത്.
വിശ്വാസത്തിന്റെ പേരില്‍ ജനങ്ങളെ വിഭജിക്കുന്നു. അഭിപ്രായം പ്രകടിപ്പിച്ചതിന്റെ പേരില്‍ കല്‍ബുര്‍ഗിയെയും ഗൗരി ലങ്കേഷിനെയും പോലുള്ളവരെ കൊല്ലുന്നു. സ്ത്രീകള്‍ക്കെതിരേയുള്ള അതിക്രമങ്ങള്‍ കേള്‍ക്കാത്ത ഒരു ദിവസം പോലുമില്ല. ചരിത്രത്തിലില്ലാത്ത വിധം രാജ്യത്തു തൊഴിലില്ലായ്മ രൂക്ഷമായിരിക്കുന്നു. എന്നാല്‍ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കാന്‍ മോദിക്കു സമയമില്ല. മോദി സംരക്ഷിക്കുന്നത് സ്വന്തം സുഹൃത്തുക്കളെ മാത്രമാണ്. തുറമുഖങ്ങളും എയര്‍പോര്‍ട്ടുകളും അദാനിക്കു കൈമാറുകയാണ്. റെയില്‍വേ, ഭാരത് പെട്രോളിയം, ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ അടക്കമുള്ള സ്ഥാപനങ്ങള്‍ സ്വകാര്യവല്‍കരിക്കാനുള്ള നടപടികളുമായി മുന്നോട്ടുപോകുകയാണ്. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കാന്‍ സമയമില്ലാത്ത, ഗോഡ്‌സെയുടെ ആശയങ്ങള്‍ പിന്തുടരുന്ന മോദിക്കെതിരേ ഒരുമിച്ചു നിന്ന് പോരാടാമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."