ഗതാഗത നിയന്ത്രണം കുരുക്കായി; നഗരം വീര്‍പ്പുമുട്ടുന്നു
ആലപ്പുഴ: ജനറല്‍ ആശുപത്രി ജങ്ഷനില്‍ ഇന്റര്‍ ലോക്കിങ് ടൈല്‍സ് പതിക്കുന്നതുമായി ബന്ധപ്പെട്ട് ആരംഭിച്ച ഗതാഗത നിയന്ത്രണം ദിവസങ്ങളായി നഗരത്തെ വീര്‍പ്പ് മുട്ടിക്കുന്നു.
മണിക്കൂറുകള്‍ നീണ്ട ഗതാഗതക്കുരുക്കാണു നഗരത്തിന്റെ ഭാഗങ്ങളിലും ദൃശ്യമായത്. നഗരത്തിലെ പ്രധാന ജങ്ഷനുകള്‍ക്കു പുറമെ ചെറിയ ജങ്ഷനുകളിലും മണിക്കൂറുകള്‍ നീണ്ട ഗതാഗതക്കുരുക്കാണു രൂപപ്പെട്ടത്. ഗതാഗതക്കുരുക്ക് അഴിക്കാന്‍ പൊലിസ് ഉദ്യോഗസ്ഥര്‍ക്കു നന്നേ വിയര്‍പ്പൊഴിക്കേണ്ടി വന്നു. കോടതിപ്പാലം, കല്ലുപാലം, വലിയ ചുടുകാട്, കൊട്ടാരപ്പാലം ജങ്ഷന്, പഴവീട്, കൈതവന,കളര്‍കോട് ,പുലയന്‍വഴി, വലിയകുളം, കലക്ടറേറ്റ് ജങ്ഷന്, ശവക്കോട്ടപ്പാലം തുടങ്ങിയ ഇടങ്ങളിലെല്ലാം ഗതാഗതക്കുരുക്കു ദൃശ്യമായിരുന്നു. പലയിടങ്ങളിലും റോഡരികിലെ വാഹനങ്ങളുടെ പാര്‍ക്കിംഗ് ഗതാഗതക്കുരുപ്പ് രൂക്ഷമാക്കി.
പൊലിസിന്റെ റിക്കവറി വാഹനമെത്തി ഇത്തരം വാഹനങ്ങള്‍ നീക്കിയാണ് ഗതാഗതം സുഗമമാക്കിയത്. ഗതാഗതക്കുരിക്കിന്റെ പേരില്‍ പലയിടങ്ങളിലും വാഹനയാത്രക്കാര്‍ തമ്മില്‍ വാക്കേറ്റവുമുണ്ടായി. ഗതാഗത കുരുക്കില്‍ നിന്നും രക്ഷ തേടി നഗരത്തിലെ ചെറു റോഡുകളിലേക്ക് അമിതമായ വാഹനങ്ങളെത്തിയത് ഈ പ്രദേശങ്ങളിലെ ജനങ്ങള്‍ക്ക് ദുരിതമായി. ഇടവിട്ട് എത്തിക്കൊണ്ടിരുന്ന ശക്തമായ മഴയും പല ജങ്ഷനുകളിലും ആവശ്യത്തിന് പൊലിസുകാരില്ലാതിരുന്നതും ഗതാഗതകുരുക്കു രൂക്ഷമാകുന്നതിനു കാരണമായി.
ഒരാഴ്ചയോളം നീണ്ടുനില്‍ക്കുന്ന ഗതാഗത നിയന്ത്രണം മൂലം യാത്രക്കാര്‍ തമ്മില്‍ സംഘര്ഷമുണ്ടാകുമോയെന്ന ആശങ്കയും ഉയര്‍ന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."