സമുദായം വേര്‍തിരിച്ചു നല്‍കേണ്ടതോ പൗരത്വം
ഇന്ത്യയില്‍ കുടിയേറിയ അന്യദേശക്കാര്‍ക്ക് പൗരത്വം നല്‍കുന്നതില്‍ ഇന്ത്യയെപ്പോലൊരു മതേതരരാജ്യം സാമുദായിക ഉപാധി വയ്ക്കുന്നതു ശരിയാണോ.
പട്ടിണിയും ദാരിദ്ര്യവുമാണോ സംവരണത്തിനു മാനദണ്ഡം. ആ അടിസ്ഥാനത്തിലാണോ ഭരണഘടനാ ശില്‍പ്പികള്‍ ഇന്ത്യയില്‍ സംവരണമേര്‍പ്പെടുത്തിയത്.
ഈ ചോദ്യങ്ങള്‍ക്കും ഇതുപോലെയുള്ള നൂറുനൂറു ചോദ്യങ്ങള്‍ക്കും ഇന്നത്തെ രാഷ്ട്രീയപശ്ചാത്തലത്തില്‍ ഉത്തരം കിട്ടില്ലെന്നുറപ്പാണ്.
കാരണം, നാനാ ജാതിമത വിഭാഗങ്ങളില്‍പ്പെടുന്ന രാജ്യത്തെ ജനങ്ങളെ, മഹനീയമെന്നു നാം അഭിമാനിക്കുന്ന ഈ നാട്ടിലെ മതേതരത്വത്തെ, ലോകത്തെ ഏറ്റവും മികച്ച ജനാധിപത്യരാജ്യമെന്ന സമുന്നതപദവിയില്‍ ഇത്രയും നാള്‍ ഇന്ത്യയെ അവരോധിച്ച വിശിഷ്ടമായ ഭരണഘടനയെ, ഭാരതീയരുടെ പരമ്പരാഗതമായ നന്മകളെ... എല്ലാം തകിടം മറിച്ചുകൊണ്ടാണിപ്പോള്‍ കാര്യങ്ങള്‍ പുരോഗമിക്കുന്നത്.
ഭാരതീയ ജനാധിപത്യത്തിന്റെ ശ്രീകോവിലായ പാര്‍ലമെന്റില്‍ കഴിഞ്ഞദിവസങ്ങളില്‍ വളരെ തിടുക്കത്തില്‍ രണ്ടു നിയമനിര്‍മാണം നടന്നു, ദേശീയ പൗരത്വ ബില്ലും മുന്നോക്കവിഭാഗത്തിനുള്ള സംവരണ ബില്ലും. അതിലൊന്നു ഭരണഘടനയിലെ നിലവിലുള്ള വ്യവസ്ഥകള്‍പോലും തിരുത്തിക്കുറിക്കുന്നതാണ്.
നിലവിലുള്ള നിയമങ്ങള്‍ കാലഹരണപ്പെട്ടതോ ആധുനിക ജീവിതസാഹചര്യങ്ങളോടു പൊരുത്തപ്പെടാത്തതോ അപാകതകളുള്ളതോ ആണെങ്കില്‍ തിരുത്തേണ്ടത് അനിവാര്യമാണ്. അതിനു ഭരണഘടന തന്നെ അനുമതി നല്‍കുന്നുണ്ട്. മുന്‍കാലങ്ങളില്‍ അങ്ങനെ ധാരാളം തിരുത്തലുകള്‍ വരുത്തിയിട്ടുമുണ്ട്. ഭരണഘടനാവ്യവസ്ഥകള്‍ പോലും നിരവധി തവണ മാറ്റിയ ചരിത്രമുണ്ട്.ഇവിടെ അതാണോ സംഭവിച്ചിരിക്കുന്നത്.
ഇപ്പോള്‍ പാസ്സാക്കപ്പെട്ട ദേശീയ പൗരത്വബില്ലും സംവരണബില്ലും മതേതര ഇന്ത്യക്ക് അഭിമാനിക്കാവുന്നതാണോ. ആണെന്ന് അവകാശപ്പെടുന്നവരുണ്ടാകാം, പക്ഷേ, അതിനോടു യോജിക്കാനാവില്ല.
ബംഗ്ലാദേശ്, പാകിസ്താന്‍, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍നിന്നു പല കാലത്തായി ഇന്ത്യയില്‍ അഭയം പ്രാപിച്ചവര്‍ക്ക് ഇന്ത്യന്‍ പൗരത്വം അനുവദിക്കാന്‍ അനുമതി നല്‍കുന്നതാണു ലോക്‌സഭ പാസ്സാക്കിയ ദേശീയപൗരത്വ ബില്‍.
പതിറ്റാണ്ടുകളായി ഈ നാട്ടില്‍ അഭയം തേടിയവര്‍ക്കു പൗരത്വം നല്‍കുന്നതു നല്ല കാര്യം തന്നെ. പക്ഷേ, ആ നന്മയുടെ മുഖത്തു കരിതേയ്ക്കുന്ന ഒരു ഉപാധി കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിച്ച ബില്ലിലുണ്ട്.
ഹിന്ദു, ജൈന, സിക്ക്, പാഴ്‌സി, ക്രൈസ്തവ, ബുദ്ധ മതക്കാര്‍ക്കെല്ലാം പുതിയ ബില്ലു പ്രകാരം ഇന്ത്യന്‍ പൗരത്വം ലഭിക്കും. പക്ഷേ, മുസ്‌ലിമായാല്‍ പൗരത്വത്തിന് അര്‍ഹതയില്ല!!
എന്തുകൊണ്ട്.
മുസ്‌ലിം അഭയാര്‍ത്ഥിക്കെന്താണു പതിത്വം.
ഈ ചോദ്യങ്ങള്‍ക്കും ഉത്തരമില്ല. ദേശീയ പൗരത്വ ബില്‍ അക്കാര്യത്തില്‍ മൂകമാണ്.
ഉത്തരമുണ്ടാകില്ല, കാരണം, അതങ്ങനെയാണ്.
ദേശീയ പൗരത്വ രജിസ്റ്ററില്‍ അംഗത്വം കിട്ടാതെ അസമില്‍ ആയിരക്കണക്കിനാളുകള്‍ രാജ്യമില്ലാ പൗരന്മാരായി ക്യാമ്പുകളില്‍ കഴിയുകയാണ്. ഭാര്യയോ ഭര്‍ത്താവോ മക്കളോ എല്ലാം തെല്ലകലെ സ്വന്തം വീട്ടില്‍ കഴിയുമ്പോള്‍ അധികാരികള്‍ തയാറാക്കിയ പട്ടികയില്‍ പേരില്ലാത്തതിന്റെ പേരിലാണ് ഇവരെ ക്യാമ്പുകളില്‍ നട തള്ളിയിരിക്കുന്നത്.
ക്യാമ്പിലേതും സ്ഥിരമായ ആവാസസൗകര്യമല്ല. ദേശീയ പൗരത്വ രജിസ്റ്റര്‍ നടപടികള്‍ പൂര്‍ത്തിയാകുന്നതോടെ 'കണക്കില്‍പ്പെടാത്തവര്‍' അതിര്‍ത്തിക്കപ്പുറത്തേയ്ക്ക് ആട്ടിയകറ്റപ്പെടും. അതിര്‍ത്തിക്കപ്പുറത്തുള്ളവര്‍ ഇവരെ സ്വീകരിക്കാന്‍ കൈനീട്ടി നില്‍ക്കുകയാണെന്നാണോ ധാരണ. അന്യരാജ്യത്തു നിന്നെത്തുന്നവരെ അവര്‍ പിടിച്ചു തള്ളും. ഒടുവില്‍ മ്യാന്‍മറിലെ റോഹിംഗ്യന്‍ അഭയാര്‍ത്ഥികളെപ്പോലെ എങ്ങും അഭയം കിട്ടാതെ ചെകുത്താന്മാര്‍ക്കും അതിര്‍ത്തികള്‍ക്കുമിടയില്‍ ഇവരുടെയും ജീവിതമൊടുങ്ങും.
ഇങ്ങനെ സാമുദായിക വിവേചനത്തോടെ പൗരത്വം അനുവദിക്കുമ്പോള്‍ എന്തു സന്ദേശമാണ് ഭരണകൂടം ഇന്ത്യന്‍ ജനതയ്ക്കു മുന്നില്‍ അവതരിപ്പിക്കുന്നത്, മറ്റു മതവിഭാഗങ്ങളില്‍പ്പെടാത്തവര്‍ക്കില്ലാത്ത എന്തോ അസ്പൃശ്യത ഒരു മതവിഭാഗത്തിനുണ്ടെന്നല്ലേ.
ഇത്തരം വിഭാഗീയ ചിന്ത വളര്‍ന്നാല്‍ എവിടെയാണെത്തിച്ചേരുക. വിവിധ സമുദായങ്ങള്‍ തമ്മില്‍ അല്‍പ്പമെങ്കിലും അവശേഷിക്കുന്ന സൗഹാര്‍ദ്ദവും സാഹോദര്യവും പൂര്‍ണമായും തകരും. ഇന്ന് അന്യദേശത്തു നിന്ന് ഈ നാട്ടില്‍ കുടിയേറാന്‍ ആഗ്രഹിക്കുന്നവരില്‍ ഏതെങ്കിലും ഒരു സമുദായത്തിനു കല്‍പ്പിക്കുന്ന വിലക്ക് നാളെ ആ സമുദായത്തിലെ ഈ രാജ്യത്തെ ജനങ്ങള്‍ക്കു കൂടി ബാധകമായേക്കും.
അതും കഴിഞ്ഞ് ആ വിലക്ക് തങ്ങള്‍ക്കിഷ്ടമില്ലാത്ത എല്ലാ മതങ്ങളിലേയ്ക്കും ജാതികളിലേയ്ക്കും വ്യാപിച്ചേക്കും. ഇന്നു പ്രസ്താവനകളിലൂടെയും മുദ്രാവാക്യങ്ങളിലൂടെയും നടത്തിക്കൊണ്ടിരിക്കുന്ന 'ഞങ്ങള്‍ക്കിഷ്ടമില്ലാത്തതു ചെയ്യുന്നവനും പറയുന്നവനും തിന്നുന്നവനും ഈ രാജ്യത്തിനു വെളിയില്‍ പോ...' എന്ന ആക്രോശം നാളെ നിയമനിര്‍മാണത്തിനുള്ള ബില്ലായി പാര്‍ലമെന്റില്‍ അവതരിപ്പിച്ചു കൂടായ്കയില്ല.
എത്ര തന്ത്രപരമായാണ് ഫാഷിസം അജന്‍ഡ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്!
അതിന് ഏറ്റവും വലിയ തെളിവാണ് മുന്നോക്ക സംവരണ ബില്‍.
മുന്നോക്ക വിഭാഗങ്ങളിലെ ദരിദ്രനാരായണന്മാരുടെ വിശപ്പുമാറ്റാനും അവരുടെ മക്കള്‍ക്കു ഗുണനിലവാരമുള്ള വിദ്യാഭ്യാസം സൗജന്യമായി ലഭിക്കാനും അവസരം ലഭിക്കണം. അതില്‍ ആര്‍ക്കും തര്‍ക്കമില്ല. സാമ്പത്തിക ദുരിതത്തില്‍ നിന്ന് ഇന്ത്യയിലെ സമസ്ത ജനവിഭാഗങ്ങളെയും മോചിപ്പിക്കണം. അതാണല്ലോ, രാഷ്ട്രപിതാവ് മുന്നോട്ടുവച്ച 'സര്‍വോദയ' സങ്കല്‍പ്പം.
സ്വാതന്ത്ര്യം കിട്ടി ഏഴു പതിറ്റാണ്ടു പിന്നിട്ടിട്ടും ആ ലക്ഷ്യം യാഥാര്‍ത്ഥ്യമാക്കാന്‍ ഫലപ്രദമായ നടപടികളൊന്നുമുണ്ടായിട്ടില്ല. 'ഗരീബി ഹഠാവോ' പോലുള്ള സുന്ദര മുദ്രാവാക്യങ്ങളുണ്ടായിട്ടുണ്ട്. പക്ഷേ, അതിനെയെല്ലാം മറികടന്ന് ഇന്ത്യയില്‍ പട്ടിണിക്കാരുടെ അംഗസംഖ്യ പെരുകിക്കൊണ്ടിരിക്കുകയാണ്. കടംപെരുകി കര്‍ഷകര്‍ ആത്മഹത്യ ചെയ്തുകൊണ്ടിരിക്കുന്നു. അതിലൊന്നും കണ്ണു പതിപ്പിക്കാതെ ഭരണാധികാരികളും രാഷ്ട്രീയനേതാക്കളും കോടാനുകോടി രൂപ വാരിവിതറി നടത്തുന്ന വിവാഹമാമാങ്കങ്ങളില്‍ പങ്കെടുത്ത് സായൂജ്യമടയുന്നു. അവിടെ നിരത്തുന്ന വിഭവങ്ങള്‍ നോക്കി 'ഇന്ത്യ... ഹാ... എത്ര സമ്പല്‍സമൃദ്ധം' എന്ന് ആശ്ചര്യപ്പെട്ടു നിര്‍വൃതിയടയുന്നു.
മുന്നോക്കക്കാരിലെ പിന്നോക്കക്കാര്‍ക്കെന്ന പേരില്‍ നടപ്പാക്കിയ 10 ശതമാനം സംവരണം അവര്‍ക്കു തന്നെ കിട്ടുമോ എന്ന ചോദ്യം അവശേഷിക്കുന്നുണ്ട്. പറയപ്പെടുന്നതനുസരിച്ച് വാര്‍ഷികവരുമാനം എട്ടു ലക്ഷം രൂപയില്‍ കുറവുള്ളവര്‍ ഈ സംവരണപരിധിയില്‍ വരും. വാര്‍ഷികവരുമാനം എട്ടുലക്ഷമെന്നാല്‍ മാസവരുമാനം 66,667 രൂപയാണ്. അതില്‍ ഒരു രൂപ കുറഞ്ഞാല്‍ സംവരണത്തിന് അര്‍ഹനായി.
66,666 രൂപ മാസവരുമാനം പട്ടിണിക്കാരന്റെ വരുമാനമാണോ. ലക്ഷങ്ങള്‍ വരുമാനമുള്ളവനും തന്ത്രപരമായി ബി.പി.എല്‍ പട്ടികയില്‍ കടന്നുകൂടുന്ന ഇക്കാലത്ത് സംവരണപട്ടികയില്‍ കടന്നുകൂടി മുന്നോക്കക്കാരിലെ സമ്പന്നന്‍ ഉദ്യോഗം തട്ടിയെടുക്കും. മുന്നോക്കക്കാരിലെ പിന്നോക്കക്കാരന്‍ വാപൊളിച്ചിരിക്കേണ്ടിവരും.
ലക്ഷ്യം, ഭരണഘടനാ ശില്‍പ്പികള്‍ ഏഴു പതിറ്റാണ്ടു മുന്‍പു തള്ളിക്കളഞ്ഞ സാമ്പത്തിക സംവരണം നടപ്പാക്കല്‍ തന്നെ.
ഇതുപോലെ ബില്ലുകളും നിയമങ്ങളും ഇനിയുമിനിയും വരും.
അതെല്ലാം തൊണ്ട തൊടാതെ വിഴുങ്ങാന്‍ ബാധ്യസ്ഥരായിത്തീര്‍ന്നിരുക്കുന്നു മതേതര ഇന്ത്യയിലെ പാവം പ്രജകള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."