സമ്പൂര്‍ണ സംവരണ രാജ്യത്തേക്ക് സ്വാഗതം
എ.കെ ഫസലുറഹ്മാന്‍ #
8606258457
ഇനി വാഗ അതിര്‍ത്തിയില്‍ നമുക്കൊരു ബോര്‍ഡുവയ്ക്കാം. സമ്പൂര്‍ണ സംവരണ രാജ്യത്തേക്ക് സ്വാഗതമെന്ന്. അനിയന്ത്രിതമായ ഇന്ധന വിലയില്‍ ഉപ്പ് തൊട്ട് കര്‍പ്പൂരം വരെയുള്ള സാധനങ്ങള്‍ക്കു വിലകൂടിയപ്പോള്‍ പിടിച്ചുനില്‍ക്കാനിനി പിടിവള്ളിയായി. വിലകൂട്ടിയാലെന്ത്, നിങ്ങള്‍ക്കെല്ലാം സംവരണമില്ലേ അഞ്ചേക്കര്‍ ഭൂമി, എട്ടുലക്ഷം വാര്‍ഷിക വരുമാനം, 1000 ചതുരശ്ര അടിയില്‍ വീട് ഇതൊന്നുമില്ലാത്തവര്‍ സാമ്പത്തിക സംവരണത്തിന് അര്‍ഹരാണ്. ദേശീയ സാംപിള്‍ സര്‍വേ ഓഫിസിന്റെയും (എന്‍.എസ്.എസ്.ഒ) ആദായനികുതി വകുപ്പിന്റെയും കണക്കുകളനുസരിച്ച് 95 ശതമാനം ഇന്ത്യക്കാരും ഇപ്പറഞ്ഞ മാനദണ്ഡത്തിനു കീഴിലാണ്. ഭരിക്കാനറിയാത്തവര്‍ മരിക്കാന്‍ നേരത്ത് കാണിക്കുന്ന ചില ചെപ്പടി വിദ്യകളുണ്ട്. സവര്‍ണരെ ലാക്കാക്കി ഭരണം നിലനിര്‍ത്താമെന്നാണ് കേന്ദ്ര ഭരണാധികാരികളുടെ മോഹം. ഇതിനിടെ അവര്‍ണരെയും പിന്നാക്ക ന്യൂനപക്ഷങ്ങളെയും നന്നായി നോവിച്ചു. നോട്ടുനിരോധനവും ജി.എസ്.ടിയും ഭൂരിപക്ഷ വിഭാഗങ്ങളെയും നോവിച്ചു. അന്ത്യശ്വാസം വലിക്കുംമുമ്പ് വില്‍പത്രം കണക്കെ ചില പ്രഖ്യാപനങ്ങള്‍ സാധാരണമാണ്. വോട്ടുസംഭരണത്തിന് സംവരണം ആയുധമാക്കിയ ഭരണകൂട രീതി പക്ഷെ രാജ്യത്തിന്റെ ഭരണഘടനയുടെ ആണിക്കല്ല് തകര്‍ക്കുന്നതാണ്.
ഇന്ത്യാ മഹാരാജ്യത്തെ ജനസംഖ്യയില്‍ 14.2 ശതമാനമാണ് വലിയ ന്യൂനപക്ഷ വിഭാഗമായ മുസ്‌ലിംകള്‍. 2.3 ശതമാനം ക്രിസ്ത്യന്‍, 1.9 ശതമാനം സിഖ്, 0.8 ശതമാനം ബുദ്ധ, 0.5 ശതമാനത്തില്‍ താഴെയുള്ള ജൈന, പാഴ്‌സി, സൗരാഷ്ട്രര്‍ അടക്കം 20 ശതമാനമാണ് ന്യൂനപക്ഷങ്ങള്‍. രാജ്യത്തെ ആകെ ജനസംഖ്യയുടെ 80 ശതമാനവും നിലവില്‍ സാമൂഹിക സംവരണത്തിന്റെ പരിധിയിലുള്ളവരാണ്. 25 ശതമാനത്തോളമാണ് പട്ടികജാതി, പട്ടികവര്‍ഗ പിന്നാക്ക വിഭാഗങ്ങള്‍. ഏറ്റവും വലിയ ന്യൂനപക്ഷ വിഭാഗമായ മുസ്‌ലിംകളും ദലിതുകളും ഉള്‍പ്പെടെയുള്ള ഒ.ബി.സി എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന മറ്റു പിന്നാക്ക വിഭാഗങ്ങള്‍ രാജ്യ ജനസംഖ്യയുടെ 50 ശതമാനത്തിലധികമാണ്. 50 ശതമാനത്തിലധികം വരുന്ന ഒ.ബി.സിക്ക് 27 ശതമാനവും 25 ശതമാനമുള്ള പട്ടിക വിഭാഗങ്ങള്‍ക്ക് 22.5 ശതമാനവുമാണ് നിലവിലെ സംവരണം.
ഇതൊക്കെയുണ്ടെങ്കിലും രാജ്യത്തെ ലഭ്യമായ സര്‍ക്കാര്‍, പൊതുമേഖല തൊഴിലുകളില്‍ 80 ശതമാനവും ബാക്കിവരുന്ന 20 ശതമാനത്തില്‍ താഴെയുള്ള മുന്നാക്ക വിഭാഗക്കാരാണെന്ന വസ്തുത മറച്ചുവച്ചാണ് ഇപ്പോഴുള്ള സാമ്പത്തിക സംവരണ നീക്കങ്ങള്‍.
എല്ലാവര്‍ക്കും സംവരണമായാല്‍ പിന്നെ സംവരണക്കാരായി ആരുണ്ടെന്ന ചോദ്യമാണ് ഉയരുക. പട്ടികജാതി, പട്ടികവര്‍ഗ, മുസ്‌ലിം തുടങ്ങിയ പിന്നാക്ക വിഭാഗങ്ങളുടെ സാമൂഹിക, സാംസ്‌കാരിക ഉന്നമനമാണ് സംവരണതത്വം ലക്ഷ്യമിട്ടതും ലക്ഷ്യമിടേണ്ടതും. ഇതു മറികടന്നാണ് കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തിക സംവരണ നീക്കം. അടിയന്തര മന്ത്രിസഭായോഗം ചേരുന്നു, തൊട്ടുപിന്നാലെ ബില്‍ ലോക്‌സഭയിലെത്തുന്നു, അതിനു പിന്നാലെ രാജ്യസഭയിലുമെത്തുന്നു. ലോക്‌സഭയില്‍ ഉയര്‍ന്ന എതിര്‍ശബ്ദങ്ങള്‍ മൂന്നാളിലൊതുങ്ങിയതാണ് ഭൂരിപക്ഷം വരുന്ന ഇന്ത്യയിലെ ദലിത്, ന്യൂനപക്ഷ, പിന്നാക്ക വിഭാഗങ്ങളെ ആശങ്കപ്പെടുത്തുന്നത്. 323 പേര്‍ അനുകൂലിച്ച ബില്ലിനെ ലോക്‌സഭയില്‍ മൂന്നുപേര്‍ മാത്രമാണ് എതിര്‍ത്തത്.
പിന്നാക്കക്കാരന്റെ ജനറല്‍ മെറിറ്റ് സാധ്യതകള്‍ പരിമിതപ്പെടുന്നതോടെ നഷ്ടമാവുന്ന സംവരണ സാധ്യതകള്‍ തിരിച്ചറിയാത്തതുകൊണ്ടോ ഇക്കാര്യത്തില്‍ നിലപാടില്ലാത്തതുകൊണ്ടോ അല്ല കോണ്‍ഗ്രസും സി.പി.എമ്മും ഉള്‍പ്പെടെയുള്ള മുഖ്യധാരാ രാഷ്ട്രീയപ്പാര്‍ട്ടികള്‍ മൗനികളായത്. സാമ്പത്തിക സംവരണത്തിനെതിരേ നിലപാടെടുത്താല്‍ സവര്‍ണ വോട്ടുബാങ്കില്‍ വിള്ളലുണ്ടാകുമെന്ന ആശങ്കയാണ് ഭാവി ഇന്ത്യ ബദലായി കാണുന്ന കോണ്‍ഗ്രസിന്റെ വായടപ്പിച്ചത്. മോദിയുടെയും ബി.ജെ.പിയുടെയും രാഷ്ട്രീയ കൗശലവും ഇതുതന്നെയായിരുന്നു. മുന്നാക്ക വിഭാഗത്തിലെ പിന്നാക്കക്കാര്‍ക്കെന്ന പേരിലുള്ള സാമ്പത്തിക സംവരണ ഭരണഘടനാ ഭേദഗതി ബില്ലിനെതിരേ പച്ചവിരിച്ച പാര്‍ലമെന്റിലെ പരവതാനിയില്‍ ചവിട്ടിനിന്നു സംസാരിച്ച ഇ.ടി മുഹമ്മദ് ബഷീറിന്റെ പാര്‍ട്ടിക്കാര്‍ക്ക് അറിയുമോ എന്നറിയില്ല, സാക്ഷാല്‍ ബി.ആര്‍ അംബേദ്കര്‍ ഭരണഘടനാ ഡ്രാഫ്റ്റിങ് കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത് അന്നത്തെ മുസ്‌ലിംലീഗിലൂടെയാണ്. തുടര്‍ന്നാണ് അദ്ദേഹം ഡ്രാഫ്റ്റിങ് കമ്മിറ്റി ചെയര്‍മാനായി തിരഞ്ഞെടുക്കപ്പെടുന്നതും ലോകത്തിലെ തന്നെ അതിബൃഹത്തായ ഒരു ഭരണഘടനയുടെ ശില്‍പിയാവുന്നതും.
ഏഴു പതിറ്റാണ്ടെത്തിയ ഈ ഭരണഘടനയുടെ പിറവിയാഘോഷം നടക്കാന്‍ ഇനി ആഴ്ചകള്‍ മാത്രമേയുള്ളൂ. ഈ ഘട്ടത്തില്‍ അതേ ഭരണഘടനയുടെ അന്തഃസത്തയായ സാമൂഹിക നീതി സങ്കല്‍പ്പങ്ങള്‍ അട്ടിമറിക്കുന്ന നീക്കത്തെ ഭരണ, പ്രതിപക്ഷങ്ങള്‍ ഒന്നിച്ചു പിന്തുണച്ചപ്പോള്‍ എതിര്‍പ്പിന്റെ മൂന്നൊച്ചകള്‍ കേട്ടതില്‍ രണ്ടും കേരളത്തില്‍ നിന്നായിരുന്നു. ആളും അര്‍ഥവും ആവോളമുണ്ടായിരുന്ന അവിഭക്ത ഇന്ത്യയില്‍നിന്ന് വിഭിന്നമായി ആകെയുള്ള രണ്ടിന്റെ കരുത്തില്‍ രാജ്യത്തെ പിന്നാക്കക്കാരായ സംവരണ വിഭാഗങ്ങളുടെ ശബ്ദമാവാന്‍ മുസ്‌ലിംലീഗിനായത് സമുദായ താല്‍പര്യത്തിനപ്പുറത്ത്, പഴയ അംബേദ്കര്‍ ബന്ധമൊരുക്കിയ ദീര്‍ഘവീക്ഷണമാണ്. നിലവില്‍ സംവരണാനുകൂല്യം ലഭിക്കുന്ന ഈഴവര്‍ തൊട്ട് മുസ്‌ലിം, നാടാര്‍, വിശ്വകര്‍മ, ധീവര, എല്‍.സി, ഒ.ബി.സി, ഒ.എക്‌സ് തുടങ്ങിയ പിന്നാക്ക വിഭാഗങ്ങളുടെയും പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങളുടെയും ആവശ്യമാണ് പാര്‍ലമെന്റില്‍ കഴിഞ്ഞ ദിവസം ഇവരിലൂടെ ഉയര്‍ന്നുകേട്ടത്. ബില്ലിനെ ലോക്‌സഭയില്‍ എതിര്‍ത്ത് വോട്ടുചെയ്ത എ.ഐ.എം നേതാവ് അസദുദ്ദീന്‍ ഉവൈസിക്കും അഭിമാനിക്കാം.
ഒന്‍പതംഗ സുപ്രിംകോടതി വിധിയെ അക്ഷരാര്‍ഥത്തില്‍ അട്ടിമറിക്കുന്നതാണ് പുതിയ പത്തു ശതമാനം മുന്നാക്ക സാമ്പത്തിക സംവരണ നീക്കങ്ങള്‍. ഭരണഘടനയുടെ 15(4),16(4) അനുഛേദപ്രകാരം സാമൂഹ്യമായും വിദ്യാഭ്യാസപരമായും പിന്നാക്കം നില്‍ക്കുന്നവര്‍ക്കും സര്‍വിസില്‍ മതിയായ പ്രാതിനിധ്യം ലഭിച്ചിട്ടില്ലാത്ത പിന്നാക്ക വിഭാഗങ്ങള്‍ക്കുമാണ് സംവരണത്തിനുള്ള അര്‍ഹത.
ഭരണഘടനാ ഭേദഗതിയിലൂടെ മണ്ഡല്‍ കേസിലെ ഒന്‍പതാം വിധിയിലെ നിര്‍ദേശങ്ങള്‍ക്കു വിരുദ്ധമായുള്ള സാമ്പത്തിക സംവരണം പ്രായോഗികമാവില്ലന്നു വ്യക്തമായി അറിയുന്ന കേന്ദ്രസര്‍ക്കാരിന് വോട്ടുസംഭരണത്തിലപ്പുറം മറ്റൊരു താല്‍പര്യവുമില്ലെന്നതാണ് സത്യം.
കേന്ദ്രം പൊടിതട്ടിയെടുത്ത ഈ തന്ത്രത്തെ ആദ്യമേ സ്വാഗതം ചെയ്ത കേരള സര്‍ക്കാര്‍ പറഞ്ഞത് ഇതു വര്‍ഷങ്ങളായുള്ള ഇടതുപക്ഷ ആവശ്യമാണെന്നാണ്. കൃത്യമായ പഠനത്തിന്റെ അടിസ്ഥാനത്തില്‍ നരേന്ദ്രന്‍ കമ്മിഷന്‍ റിപ്പോര്‍ട്ടും പിന്നാലെ സച്ചാര്‍, പാലോളി സമിതി റിപ്പോര്‍ട്ടുകളും വെളിച്ചത്തു കൊണ്ടുവന്ന പിന്നാക്ക വിഭാഗങ്ങളുടെ പ്രാതിനിധ്യക്കുറവും സംവരണ നഷ്ടവും നികത്താന്‍ നിലവിലുള്ള സംവരണ നീക്കങ്ങള്‍ വിജയിച്ചിട്ടില്ലെന്നിരിക്കെ യാതൊരു പഠനത്തിന്റെയും പിന്തുണയില്ലാതെയുള്ള കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തിക സംവരണ നീക്കം കേരളത്തിലെ സര്‍ക്കാരിനു സ്വീകാര്യമാവുന്നതിന്റെ ലോജിക്കാണ് പിടികിട്ടാത്തത്. പിന്നാക്കക്കാരെ കൈയിലെടുക്കാന്‍ സംവരണ നിയമം കൊണ്ടുവന്ന ഭരണകൂടം തന്നെ സംവരണ താല്‍പര്യങ്ങളെ അട്ടിമറിക്കുന്ന സാമ്പത്തിക സംവരണം കൊണ്ടുവന്നതിനെ ഇങ്ങനെ ചുരിക്കിപ്പറയാം. സോഫ്റ്റ് വെയര്‍ പടച്ചുവിടുന്ന കമ്പനികള്‍ തന്നെയാണ് അതിനെ നശിപ്പിക്കുന്ന വൈറസുകളുടെയും നിര്‍മാതാക്കള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."