അഫ്ഗാനില്‍ കൊല്ലപ്പെട്ടത് 6 ഐ.എസ് അനുകൂലികള്‍
കാബൂള്‍: അഫ്ഗാനിസ്ഥാനിലെ കിഴക്കന്‍ പ്രവിശ്യയായ നന്‍ഗര്‍ഹാറില്‍ വെള്ളിയാഴ്ചയുണ്ടായ ആക്രമണത്തില്‍ ആറു ഐ.എസ് അനുകൂലികള്‍ കൊല്ലപ്പെട്ടതായി അഫ്ഗാനിസ്ഥാന്‍ സ്ഥിരീകരിച്ചു. ഐ.എസിനെതിരേ സൈന്യം നടത്തിയ വ്യോമാക്രമണത്തിലാണ് ഇവര്‍ കൊല്ലപ്പെട്ടതെന്ന് സുരക്ഷാ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് അഫ്ഗാന്‍ വാര്‍ത്താ ഏജന്‍സിയായ ഖാമാ പ്രസ് റിപ്പോര്‍ട്ട് ചെയ്തു.
41 തീവ്രവാദികളാണ് സംഭവസമയത്ത് സ്ഥലത്തുണ്ടായിരുന്നത്. കൊല്ലപ്പെട്ടവര്‍ ഏതുരാജ്യക്കാരാണെന്ന് സ്ഥിരീകരണമില്ല. ഭീകരര്‍ക്കെതിരേ അഫ്ഗാന്‍ സൈന്യം പത്ത് ദിവസം മുന്‍പ് ആരംഭിച്ച ഷഹീന്‍-25 ഓപറേഷന്റെ ഭാഗമാണ് ആക്രമണം.
ഹസ്‌ക മിന ജില്ലയിലാണ് ആക്രമണം നടന്ന പ്രദേശം. അഫ്ഗാന്‍ ദേശീയ സൈന്യത്തിലെ 201 സിലാബ് വിഭാഗമാണ് ആക്രമണം നടത്തിയതെന്ന് സൈന്യം അറിയിച്ചു. ആക്രമണത്തില്‍ 25 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ടെന്ന് പേരുവെളിപ്പെടുത്താത്ത ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി പറയുന്നു. നിരവധി ആയുധങ്ങള്‍ സൈന്യം പിടിച്ചെടുക്കുകയും പലതും നശിപ്പിക്കുകയും ചെയ്തു.
അഫ്ഗാനിലുള്ള സഖ്യസൈന്യവും കരസേനയും വ്യോമാക്രമണം നടത്തുന്ന വ്യോമസേനയെ സഹായിച്ചു. അഫ്ഗാനിലെ 34 പ്രവിശ്യകളില്‍ ഒന്നാണ് നന്‍ഗര്‍ഹാര്‍. ഇവിടെ സര്‍ക്കാര്‍ വിരുദ്ധ ഭീകരഗ്രൂപ്പുകളുടെ ശക്തികേന്ദ്രമാണ്. താലിബാനില്‍ നിന്ന് വിട്ട ഒരുവിഭാഗമാണ് നന്‍ഗര്‍ഹാര്‍ കേന്ദ്രീകരിച്ച് ഐ.എസ് പ്രവര്‍ത്തനം തുടങ്ങിയതെന്നാണ് റിപ്പോര്‍ട്ട്. കേരളത്തിലെ കാസര്‍കോട് പടന്നയില്‍ നിന്ന് കാണാതായ തെക്കേകോലത്ത് ഹഫീസുദ്ദീന്‍(29) അഫ്ഗാനിസ്ഥാനില്‍ വെള്ളിയാഴ്ചയുണ്ടായ വ്യോമാക്രണമത്തില്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇവര്‍ നന്‍ഗര്‍ഹാറിലെത്തിയെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു.
അതിനിടെ, ഇന്നലെ നന്‍ഗര്‍ഹാറില്‍ നിന്ന് ഐ.എസ് തടവിലാക്കിയ 42 സിവിലിയന്‍മാരെ സൈന്യം രക്ഷപ്പെടുത്തി. നാലുമാസം മുന്‍പ് പാച്ചര്‍ അഗം ജില്ലയിലാണ് ഐ.എസ് ഇവരെ തടവിലാക്കിയതെന്ന് പ്രവിശ്യാ സുരക്ഷാ ചീഫ് ജനറല്‍ സയ്യിദ് അഖ ഗുല്‍ റോഹാനി അറിയിച്ചു. പ്രദേശത്തെ ഐ.എസില്‍ നിന്ന് മോചിപ്പിക്കാനുള്ള നീക്കത്തിലാണ് സൈന്യമെന്ന് അദ്ദേഹം അറിയിച്ചു.
ഓപറേഷന്‍ ഷഹീന്‍-25
പത്തു ദിവസം മുന്‍പ് തുടങ്ങിയ ഓപറേഷന്‍ ഷഹീന്‍-25 ല്‍ 150 ഐ.എസ് അനുകൂലികള്‍ കൊല്ലപ്പെടുകയോ പരുക്കേല്‍ക്കുകയോ ചെയ്തുവെന്ന് പ്രവിശ്യാ ഗവര്‍ണറുടെ വക്താവ് അതാഉല്ല കൊഗ്‌യാനി അറിയിച്ചു.
അഫ്ഗാന്‍ നാഷനല്‍ ഡിഫന്‍സ്, സെക്യൂരിറ്റി ഫോഴ്‌സ്, അഫ്ഗാന്‍ നാഷനല്‍ ആര്‍മി എന്നിവരാണ് സംഘത്തിലുള്ളത്. നാഷനല്‍ സെക്യൂരിറ്റി കൗണ്‍സിലാണ് ഓപറേഷന് അനുമതി നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."