ഇറോം ശര്‍മിളക്ക് പൊലിസ് സംരക്ഷണം നല്കാന് നിര്‍ദേശം
ഇംഫാല്‍: മണിപ്പൂര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി ഇബോബി സിങ്ങിനെതിരേ തൗബാല്‍ മണ്ഡലത്തില്‍ മത്സരിക്കുന്ന ഇറോം ശര്‍മിളക്ക് പൊലിസ് സംരക്ഷണം നല്കാന് തെരഞ്ഞെടുപ്പ് കമ്മിഷന് മണിപ്പൂര്‍ സര്‍ക്കാരിന് നിര്‍ദേശം നല്കി. രാഷ്ട്രീയത്തിലിറങ്ങിയതോടെ തന്റെ ജീവനു ഭീഷണിയുണ്ടെന്ന് അവര്‍ വ്യക്തമാക്കിയിരുന്നു. പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ ഇക്കാര്യം കേന്ദ്രതെരഞ്ഞെടുപ്പ് കമ്മിഷന് റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്നാണു നടപടി.
മണ്ഡലത്തിലുടനീളം ഒറ്റക്ക് സൈക്കിളില്‍ യാത്രചെയ്യുന്ന ശര്‍മിളയുടെ സുരക്ഷയുടെ കാര്യത്തില്‍ പ്രജാ പാര്‍ട്ടി പ്രവര്‍ത്തകര്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു. അതേസമയം, തനിക്കു ജനങ്ങളില്‍ വിശ്വാസമുണ്ടെന്നും അവരുടെ സുരക്ഷ മതിയെന്നും ഇറോം ശര്‍മിള ഇതിനോട് പ്രതികരിച്ചു. തെരഞ്ഞെടുപ്പ് കമ്മിഷന്റെ ഉത്തരവിനെക്കുറിച്ച് അറിഞ്ഞയുടന്‍ തനിക്കു സംരക്ഷണം വേണ്ടെന്ന് രേഖാമൂലം കമ്മിഷനെ അറിയിച്ചിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.
തൗബാല്‍ മണ്ഡലത്തില്‍ മുഖ്യമന്ത്രിക്കെതിരേ മത്സരിക്കുന്നതുകൊണ്ടു ചില തീവ്രവാദ ഗ്രൂപ്പുകള്‍ ശര്‍മിളയെ അപായപ്പെടുത്താന്‍ സാധ്യതയുണ്ടെന്നു രഹസ്യാന്വേഷണ ഏജന്‍സികളും റിപ്പോര്‍ട്ട് ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."