ഹരിതചട്ടത്തില്‍ വസന്തോത്സവം
തിരുവനന്തപുരം: വസന്തോത്സവം പൂര്‍ണമായി ഹരിതചട്ടത്തിനുള്ളില്. പ്ലാസ്റ്റിക് കുപ്പികള്‍, പേപ്പര്‍ തെര്‍മോകോള്‍ പാത്രങ്ങള്‍ തുടങ്ങിയവ മഷിയിട്ടു നോക്കിയാലും വസന്തോത്സവവേദിയിലെങ്ങും കണ്ടെത്താനാവില്ല. വസന്തോത്സവം കാണാന്‍ കനകക്കുന്നിലെത്തുന്നവര്‍ പ്ലാസ്റ്റിക് കുപ്പികളില്‍ വെള്ളം കൊണ്ടുവരേണ്ടതില്ല.
സന്ദര്‍ശകര്‍ക്കായി 20 സ്ഥലങ്ങളില്‍ ശുദ്ധമായ കുടിവെള്ളം കരുതിവച്ചിട്ടുണ്ട്. സൗജന്യമായി അത് ഉപയോഗിക്കാം. പ്ലാസ്റ്റിക് കുപ്പികള്‍, സഞ്ചികള്‍ എന്നിവ കൊണ്ടുവരുന്നവര്‍ക്ക് ആശങ്കവേണ്ട. പ്രവേശന കവാടത്തിലുള്ള ജില്ലാ ശുചിത്വമിഷന്റെ കിയോസ്കില്‍ അവ ധൈര്യമായി ഏല്‍പ്പിക്കാം.
ഇനി അകത്തേക്കു കൊണ്ടുപോയേ മതിയാകൂ എങ്കില്‍ 10 രൂപയുടെ സ്റ്റിക്കര്‍ പതിപ്പിച്ചുതരും. പുറത്തിറങ്ങുന്നിടത്തുള്ള ശുചിത്വ മിഷന്റെ കിയോസ്കില്‍ സ്റ്റിക്കര്‍ പതിപ്പിച്ച കുപ്പി കാണിച്ചു പണം തിരികെ വാങ്ങാം.
മിഠായി കവറുകള്‍പോലുള്ള ചെറിയ വസ്തുക്കള്‍ വേസ്റ്റ് ബിന്നില്‍ നിക്ഷേപിക്കാനുള്ള സൗകര്യവുമുണ്ട്. പതിനായിരത്തില്‍പ്പരം പൂക്കള്‍ പുഞ്ചിരിക്കുന്ന വസന്തോത്സവ വേദിയില്‍ സര്‍വതും ഹരിതാഭം തന്നെ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."