പൊലിസ് സ്റ്റേഷനുകളില്‍ സേവനാവകാശ നിയമം നടപ്പാക്കും
തിരുവനന്തപുരം: ഈ വര്‍ഷം പൊലിസ് സ്റ്റേഷനുകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനുള്ള വര്‍ഷമായി ആചരിക്കുമെന്ന് സംസ്ഥാന പൊലിസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു.
സര്‍വിസ് ഡെലിവെറി സെന്ററുകള്‍ ആയ പൊലിസ് സ്റ്റേഷനുകളില്‍നിന്ന് പൊതുജനസൗഹൃദമായ സേവനങ്ങള്‍ ലഭ്യമാക്കാന്‍ ലക്ഷ്യമിട്ടാണ് നടപടി.
2012 ലെ കേരള സംസ്ഥാന സേവനാവകാശ നിയമം പൊലിസ് സ്റ്റേഷനുകളില്‍ നടപ്പാക്കും. പാസ്‌പോര്‍ട്ട് അന്വേഷണം, പരാതി അന്വേഷണം, പരാതികള്‍ക്ക് രസീത് നല്‍കല്‍, എഫ്.ഐ.ആറിന്റെ പകര്‍പ്പും പോസ്റ്റ്‌മോര്‍ട്ടം സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പും നല്‍കല്‍, പൊലിസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ്, സമന്‍സും വാറണ്ടും നടപ്പാക്കല്‍, ആയുധ ലൈസന്‍സിനുള്ള എന്‍.ഒ.സി നല്‍കല്‍, നിശ്ചിത സമയത്തിനകം പെറ്റി കേസുകളും പരാതികളും തീര്‍പ്പാക്കല്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി വിട്ടുനല്‍കല്‍ എന്നിവ ഇതിന്റെ പരിധിയില്‍ വരും.
ഓണ്‍ലൈനില്‍ അപേക്ഷിക്കേണ്ട സേവനങ്ങളുടെ വിവരം ഇനി മുതല്‍ ഫീസ് സഹിതം നോട്ടിസ് ബോര്‍ഡില്‍ രേഖപ്പെടുത്തും. പാസ്‌പോര്‍ട്ട് അന്വേഷണം, പൊലിസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് അന്വേഷണം എന്നിവയുടെ ചുമതലയുള്ള പൊലിസ് ഉദ്യോഗസ്ഥരുടെ വിവരവും നോട്ടിസ് ബോര്‍ഡില്‍ ലഭിക്കും.
എല്ലാ പൊലിസ് സ്റ്റേഷനുകളിലും തൊണ്ടി സാധനങ്ങള്‍ സൂക്ഷിക്കുന്നതിന് ക്യൂആര്‍ കോഡ് സംവിധാനം ഏര്‍പ്പെടുത്തും. റെസിഡന്‍സ് അസോസിയേഷനുകള്‍, ജനപ്രതിനിധികള്‍ എന്നിവരെ ഉള്‍ക്കൊള്ളിച്ച് കൃത്യമായ ഇടവേളകളില്‍ യോഗം നടത്തും. എല്ലാ പൊലിസ് സ്റ്റേഷനുകളിലും കാമറ നിരീക്ഷണ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തും. 500 ചതുരശ്ര അടിയില്‍ കുറയാത്ത ജനമൈത്രി കേന്ദ്രം സ്ഥാപിക്കും. പ്രത്യേകം അടയാളപ്പെടുത്തിയ ശിശുസൗഹൃദകേന്ദ്രങ്ങള്‍ എല്ലാ പൊലിസ് സ്റ്റേഷനുകളിലും ഉണ്ടായിരിക്കും.
സ്റ്റേഷന്‍ കെട്ടിടങ്ങള്‍ക്ക് ഉള്ളിലും പുറത്തും ഒരേ നിറം തന്നെ നല്‍കാനും മൂന്നു ഭാഷകളില്‍ ബോര്‍ഡ് സ്ഥാപിക്കാനും നിര്‍ദ്ദേശം നല്‍കിയതായും സംസ്ഥാന പൊലിസ് മേധാവി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."