HOME
DETAILS
MAL
വിദ്യാഭ്യാസ നവോഥാനത്തിന്റെ അഞ്ചര പതിറ്റാണ്ട്
backup
January 12 2019 | 22:01 PM
ളിയാഉദ്ദീന്‍ ഫൈസി മേല്‍മുറി#
ഇസ്‌ലാമിക വിശ്വാസബോധന പ്രചാരണങ്ങളുടെ ആദ്യ ദശയില്‍തന്നെ ആ സന്ദേശമെത്തിയ പ്രദേശങ്ങളിലൊന്നാണ് കേരളം. പ്രവാചകന്‍ മുഹമ്മദ് നബി(സ)യുടെ കാലത്തുതന്നെ കേരളത്തില്‍ ഇസ്‌ലാം എത്തിയതായി സൂചിപ്പിക്കുന്ന ഹദീസുകള്‍ കാണാം. പ്രവാചകന്റെ കാലത്തിനു തൊട്ടുപിറകെ വന്ന അനുചരന്മാരുടെ കാലത്ത് ഇവിടെ ഇസ്‌ലാം പ്രചരിച്ചെന്ന കാര്യം വ്യക്തമാക്കുന്ന ചരിത്രരേഖകളുമുണ്ട്. മാലിക് ബ്‌നു ദീനാറിന്റെ നേതൃത്വത്തിലെത്തിയ സംഘങ്ങളായിരുന്നു അന്നു പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കിയത്.
അവര്‍ കേരളതീരങ്ങളില്‍ അങ്ങോളമിങ്ങോളം പള്ളികള്‍ സ്ഥാപിച്ചു. പള്ളികള്‍ കേന്ദ്രീകരിച്ചു സമൂഹത്തിനു ദിശാബോധം നല്‍കുകയും മതവിജ്ഞാനം പകര്‍ന്നുനല്‍കുകയും ചെയ്തു. വിജ്ഞാനദാഹികള്‍ പള്ളികളില്‍ താമസിച്ചു മതം അഭ്യസിച്ചു. പള്ളികള്‍ ആരാധനാകേന്ദ്രങ്ങള്‍ക്കപ്പുറം വിജ്ഞാനകേന്ദ്രങ്ങളുമായി മാറിയത് അങ്ങനെയാണ്.
നബി തിരുമേനി മദീനയിലെ മസ്ജിദുന്നബവിയില്‍ തുടക്കംകുറിച്ച ദര്‍സ് സമ്പ്രദായം പതുക്കെ കേരളത്തില്‍ പ്രചരിച്ചു. ഈ വിജ്ഞാന പ്രസരണത്തിന്റെ നേതൃത്വം ക്രമേണ പൊന്നാനി മഖ്ദൂമുമാരുടെ കരങ്ങളിലാണ് എത്തിയത്. പൊന്നാനി മലബാറിന്റെ മക്കയായി മാറി. പൊന്നാനി വലിയ ജുമാമസ്ജിദ് കേരളത്തിലെ മതവിജ്ഞാനങ്ങളുടെ ഉന്നതകേന്ദ്രമായിത്തീര്‍ന്നു.
അവിടെ വിദ്യയുടെ വിളക്കത്തിരുന്ന് ഓതിത്തെളിഞ്ഞവര്‍ കേരളത്തില്‍ ആരാധനാകര്‍മങ്ങള്‍ക്കും വിജ്ഞാനപ്രചാരണത്തിനും നേതൃത്വം നല്‍കി. മതവിധികള്‍ക്കായി സമൂഹം മഖ്ദൂമുമാരെ അവലംബിച്ചു. പൊന്നാനി മഖ്ദൂമുമാരുടെ പ്രതാപം അവസാനിച്ചു പതിറ്റാണ്ടുകള്‍ക്കുശേഷമാണ് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ഒരു നിയോഗം പോലെ ആ ദൗത്യം ഏറ്റെടുക്കുന്നത്.
രൂപീകരണ പശ്ചാത്തലം
പള്ളി ദര്‍സുകളില്‍ പഠനം പൂര്‍ത്തിയാക്കിയ പണ്ഡിതര്‍ ഉപരിപഠനത്തിനു പ്രധാനമായി ആശ്രയിച്ചിരുന്നത് ദയൂബന്ദ് ദാറുല്‍ ഉലൂമിനെയും വെല്ലൂര്‍ ബാഖിയാത്തു സ്വാലിഹാത്തിനെയുമായിരുന്നു. ഭാഷ, സംസ്‌കാരം, വഴിദൂരം, ഭക്ഷണരീതി മുതലായ പല കാരണങ്ങള്‍ കേരളീയ ഉന്നത മതവിദ്യാഭ്യാസ രംഗത്തു പ്രതിസന്ധി സൃഷ്ടിച്ചു. കേരളത്തിലൊരു ഉന്നത മതവിദ്യാകേന്ദ്രത്തിന്റെ സാധ്യതയെ കുറിച്ചു പണ്ഡിതര്‍ ആലോചിക്കുന്നതും പട്ടിക്കാട് ജാമിഅഃ നൂരിയ്യ അറബിയ്യ സ്ഥാപിക്കപ്പെടുന്നതും അങ്ങനെയാണ്. കേരളത്തിലെ പള്ളിദര്‍സുകളില്‍നിന്നു പഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികള്‍ക്ക് ഉപരിപഠനം നടത്തി ഉന്നത ബിരുദം നല്‍കുന്ന സ്ഥാപനം സമസ്തയ്ക്കു കീഴില്‍ തന്നെ വേണമെന്നു നിര്‍ദേശിച്ചത് സയ്യിദ് അബ്ദുറഹ്മാന്‍ ബാഫഖി തങ്ങളായിരുന്നു.
അങ്ങനെ സമസ്തയുടെ പണ്ഡിതനേതൃത്വത്തിന്റെയും ബാഫഖി തങ്ങള്‍, പി.എം.എസ്.എ പൂക്കോയ തങ്ങള്‍ അടക്കമുള്ള സമുദായ നേതാക്കളുടെയും ശ്രമഫലമായി ജാമിഅഃ സ്ഥാപിതമായി. ജീവിതസമ്പാദ്യം മുഴുവന്‍ ദാനം ചെയ്ത് പട്ടിക്കാട് കെ.വി ബാപ്പു ഹാജി സ്ഥാപനത്തിന് ഭൗതികമായ അടിത്തറയൊരുക്കി. നിസ്വാര്‍ഥനും മതസംരംഭങ്ങളുടെ അഭ്യുദയകാംക്ഷിയുമായിരുന്നു കറാച്ചിയില്‍ ബിസിനസ് നടത്തിയിരുന്ന ബാപ്പു ഹാജി. 1962 ഏപ്രില്‍ ഇരുപതിനാണ് അറബിക് കോളജ് കമ്മിറ്റി സമസ്ത രൂപീകരിക്കുന്നത്. 1963 ഫെബ്രുവരി മൂന്നിന് സയ്യിദ് ശിഹാബുദ്ദീന്‍ ഇമ്പിച്ചിക്കോയ തങ്ങള്‍ തറക്കല്ലിട്ടു. അതേ വര്‍ഷം മാര്‍ച്ച് 18ന് ഖുഥുബി മുഹമ്മദ് മുസ്‌ലിയാര്‍ ക്ലാസ് ഉദ്ഘാടനം ചെയ്തു.
സമസ്ത നേരിട്ടു നിയന്ത്രിക്കുന്ന ഏക ഉന്നത സ്ഥാപനമാണ് ജാമിഅഃ നൂരിയ്യ. സമസ്തയ്ക്കും സമുദായത്തിനും നേതൃത്വം നല്‍കിയവര്‍ തന്നെയാണ് എക്കാലവും ജാമിഅയുടെ സാരഥ്യം വഹിച്ചത്. പ്രഥമ പ്രസിഡന്റ് ബാഫഖി തങ്ങളും സെക്രട്ടറിയും പ്രിന്‍സിപ്പലും ശംസുല്‍ ഉലമാ ഇ.കെ അബൂബക്ര്‍ മുസ്‌ലിയാരുമായിരുന്നു. എക്കാലവും പാണക്കാട് കുടുംബത്തിന്റെ നേതൃത്വവും ശ്രദ്ധയും ജാമിഅക്കു ലഭിച്ചിട്ടുണ്ട്. പി.എം.എസ്.എ പൂക്കോയ തങ്ങള്‍, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ എന്നിവര്‍ ജാമിഅയെ ദീര്‍ഘകാലം നയിച്ചു. നിലവില്‍ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പ്രസിഡന്റും സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ ജനറല്‍ സെക്രട്ടറിയുമാണ്. കെ.വി മുഹമ്മദ് മുസ്‌ലിയാര്‍, പി.വി.എസ് മുസ്ഥഫാ പൂക്കോയ തങ്ങള്‍, ഹാജി കെ. മമ്മദ് ഫൈസി എന്നിവര്‍ ജാമിഅയുടെ ഉയര്‍ച്ചയില്‍ വലിയ പങ്കുവഹിച്ചു മണ്‍മറഞ്ഞ സാരഥികളാണ്.
സമസ്തയ്ക്കു നേതൃത്വം നല്‍കിയ കേരളത്തിലെ തലയെടുപ്പുള്ള പണ്ഡിതരാണ് എക്കാലവും ജാമിഅയില്‍ അധ്യാപകരായിരുന്നത്. ശംസുല്‍ ഉലമയ്ക്കു പുറമെ സമസ്ത പ്രസിഡന്റുമാരായിരുന്ന കണ്ണിയത്ത് അഹ്മദ് മുസ്‌ലിയാര്‍, കെ.കെ അബൂബക്ര്‍ ഹസ്‌റത്ത്, സയ്യിദ് അബ്ദുറഹ്മാന്‍ അസ്ഹരി തങ്ങള്‍, കാളമ്പാടി മുഹമ്മദ് മുസ്‌ലിയാര്‍, എ.പി മുഹമ്മദ് മുസ്‌ലിയാര്‍ എന്നിവര്‍ ഇവിടെ വിവിധ കാലങ്ങളില്‍ അധ്യാപനം നടത്തി. കോട്ടുമല അബൂബക്ര്‍ മുസ്‌ലിയാര്‍ ദീര്‍ഘകാലം ജാമിഅയുടെ പ്രിന്‍സിപ്പലായിരുന്നു. താഴേക്കോട് കുഞ്ഞലവി മുസ്‌ലിയാര്‍, കെ.സി ജമാലുദ്ദീന്‍ മുസ്‌ലിയാര്‍, കെ.കെ അബ്ദുല്ല മുസ്‌ലിയാര്‍ കരുവാരക്കുണ്ട്, കിടങ്ങഴി അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍, പി. കുഞ്ഞാണി മുസ്‌ലിയാര്‍ എന്നിവരും ജാമിഅയില്‍ വിദ്യ പകര്‍ന്നവരാണ്. പ്രഗത്ഭ പണ്ഡിതനും രാജ്യാന്തര ഇസ്‌ലാമിക വേദികളിലെ സാന്നിധ്യവുമായ സമസ്ത സെക്രട്ടറി കെ. ആലിക്കുട്ടി മുസ്‌ലിയാരാണ് ഇപ്പോള്‍ ജാമിഅയുടെ പ്രിന്‍സിപ്പല്‍.
കര്‍മവീഥിയിലെ ഫൈസിമാര്‍
സ്ഥാപനം 66 വര്‍ഷം പിന്നിടുമ്പോള്‍ അഭിമാനിക്കാന്‍ ഏറെയുണ്ട്. ഏഴായിരത്തോളം ഫൈസിമാരാണ് ഇക്കാലയളവില്‍ ജാമിഅയില്‍നിന്നു പുറത്തിറങ്ങിയത്. അവരാണ് കേരളത്തിലെ ഇസ്‌ലാമിക പ്രബോധന പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കുന്നതും വിജ്ഞാന പ്രചാരണത്തിനു ചുക്കാന്‍ പിടിക്കുന്നതും. കേരള മുസ്‌ലിംകള്‍ക്കു ദിശാബോധം നല്‍കുന്നതിലും പ്രാഥമിക വിജ്ഞാനം പകരുന്നതിലും വലിയ പങ്കുവഹിച്ച മദ്‌റസാ പ്രസ്ഥാനത്തിന് എക്കാലവും നേതൃത്വം നല്‍കിയത് ഫൈസിമാരായിരുന്നു. ദര്‍സ് പരിപോഷണത്തിലും പരിഷ്‌കരണത്തിലും ഫൈസിമാരുടെ പങ്ക് ചെറുതല്ല.
വിദേശനാടുകളിലും വിശിഷ്യാ ഗള്‍ഫ് രാജ്യങ്ങളില്‍ പ്രബോധനരംഗത്ത് ഫൈസിമാരുടെ സജീവ സാന്നിധ്യമുണ്ട്. മതരംഗത്തും സാമൂഹിക രംഗത്തും കേരള മുസ്‌ലിംകള്‍ക്കു നേതൃത്വം നല്‍കിയ ഫൈസിമാര്‍ നിരവധിയാണ്. സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, സമസ്ത പ്രസിഡന്റായിരുന്ന എ.പി മുഹമ്മദ് മുസ്‌ലിയാര്‍, മുന്‍ ഹജ്ജ് കമ്മിറ്റി ചെയര്‍മാനായിരുന്ന കോട്ടുമല ബാപ്പു മുസ്‌ലിയാര്‍, എം.ടി അബ്ദുല്ല മുസ്‌ലിയാര്‍, സി.കെ.എം സ്വാദിഖ് മുസ്‌ലിയാര്‍ അവരില്‍ ചിലര്‍ മാത്രം. സമന്വയ വിദ്യാഭ്യാസ രംഗത്ത് വിപ്ലവം സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വിയും വാഫി സംവിധാനത്തിന്റെ നായകന്‍ അബ്ദുല്‍ ഹകീം ഫൈസി ആദ്യശ്ശേരിയും ജാമിഅ പൂര്‍വ വിദ്യാര്‍ഥികളാണ്.
യൂനിവേഴ്‌സിറ്റി
തലത്തിലേക്ക്
1963ല്‍ അറബിക് കോളജായി പ്രവര്‍ത്തനം തുടങ്ങിയ ജാമിഅ 2013ല്‍ സുവര്‍ണ ജൂബിലി ആഘോഷിച്ചു. അതോടനുബന്ധിച്ച് ജാമിഅ യൂനിവേഴ്‌സിറ്റിയായി അപ്‌ഗ്രേഡ് ചെയ്യുകയുമുണ്ടായി. ജാമിഅയ്ക്കു കീഴില്‍ അഫിലിയേറ്റഡ് കോളജുകള്‍ ആരംഭിക്കുകയും അക്കാദമികരംഗത്ത് മാറ്റങ്ങള്‍ കൊണ്ടുവരികയും ചെയ്തു. അറുപത്തി രണ്ട് ജൂനിയര്‍ കോളജുകളിലായി അയ്യായിരത്തോളം വിദ്യാര്‍ഥികള്‍ ഇന്ന് ജാമിഅയ്ക്കു കീഴില്‍ വിദ്യ അഭ്യസിക്കുന്നുണ്ട്.
കേരളത്തിന്റെ വിവിധ ജില്ലകളിലും തമിഴ്‌നാട്ടിലും കര്‍ണാടകയിലുമായി ഇവ വ്യാപിച്ചുകിടക്കുന്നു. ഈ കോളജുകളില്‍നിന്നു ഭൗതിക വിദ്യാഭ്യാസത്തിലും ഇസ്‌ലാമിക ശരീഅത്തിലും ഡിഗ്രി നേടിയ വിദ്യാര്‍ഥികള്‍ ശരീഅത്തില്‍ ദ്വിവര്‍ഷ പി.ജി കോഴ്‌സിന് ജാമിഅയില്‍ എത്തുന്നു. അറുനൂറിലധികം വിദ്യാര്‍ഥികള്‍ ഇപ്പോള്‍ ജാമിഅയില്‍ ഉപരിപഠനം നടത്തിക്കൊണ്ടിരിക്കുന്നു.
തഫ്‌സീര്‍, ഹദീസ്, ഫിഖ്ഹ് എന്നിങ്ങനെ മൂന്ന് ഫാക്കല്‍റ്റികള്‍ നിലവില്‍ ജാമിഅയിലുണ്ട്. അറബി ഭാഷ, ഉസ്വൂലുദ്ദീന്‍ ഫാക്കല്‍റ്റികള്‍ വരുംവര്‍ഷങ്ങളില്‍ ആരംഭിക്കും. അലിഗഡ് മുസ്‌ലിം യൂനിവേഴ്‌സിറ്റി, ഹൈദരാബാദിലെ മൗലാനാ ആസാദ് യൂനിവേഴ്‌സിറ്റി എന്നിവയുടെ അംഗീകാരം സ്ഥാപനത്തിനു ലഭിച്ചു. വിവിധ അന്താരാഷ്ട്ര സര്‍വകലാശാലകളുമായി സഹകരണത്തിനുള്ള ചര്‍ച്ചകള്‍ നടക്കുന്നുമുണ്ട്. ആഫ്രിക്കയിലെ കെനിയ, ദക്ഷിണ പസഫിക്കിലെ ദ്വീപുരാജ്യമായ ഫിജി എന്നിവിടങ്ങളിലും ജാമിഅയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നു.
ജാമിഅയില്‍നിന്നു പഠനം പൂര്‍ത്തിയാക്കിയ മൂന്നു വിദ്യാര്‍ഥികള്‍ വിശ്വപ്രസിദ്ധ സര്‍വകലാശാല അല്‍ അസ്ഹര്‍ യൂനിവേഴ്‌സിറ്റിയില്‍ ബിരുദാനന്തര ബിരുദ പഠനം തുടരുന്നു. ഈജിപ്ത് സര്‍ക്കാരിനുകീഴില്‍ അല്‍ അസ്ഹര്‍ യൂനിവേഴ്‌സിറ്റിയില്‍ നടക്കുന്ന ദഅ്‌വാ കോഴ്‌സില്‍ വളരെമുന്‍പുതന്നെ ജാമിഅ വിദ്യാര്‍ഥികള്‍ പങ്കെടുത്തുവരുന്നുണ്ട്.
ദര്‍സ് ശാക്തീകരണം
കേരളത്തിലെ മതവിജ്ഞാന വ്യാപനത്തിന്റെ അടിത്തറ പള്ളി ദര്‍സുകളാണ്. ജാമിഅയുടെ മൂലധനമാണ് ദര്‍സ് വിദ്യാര്‍ഥികള്‍. പള്ളി ദര്‍സുകളാണ് കേരളത്തിലെ മതമേഖലയുടെ മുഖ്യ ചൈതന്യം. അതിന്റെ പരിഷ്‌കരിച്ച രൂപമാണ് അറബിക് കോളജുകള്‍. ദര്‍സ് ശാക്തീകരണത്തിന് ജാമിഅ പ്രത്യേക ഊന്നല്‍ നല്‍കുന്നു. ഇതിന്റെ ഭാഗമായി ദര്‍സ് വിദ്യാര്‍ഥികള്‍ക്കു മാത്രമായുള്ള ദര്‍സ് ഫെസ്റ്റ്, മുല്‍തഖദ്ദാരിസീന്‍ (പഠന സംഗമം), മുദരിസ് സംഗമം എന്നിവ ജാമിഅയില്‍ നടക്കുന്നു.
ദേശീയ പദ്ധതികള്‍
വൈജ്ഞാനിക മേഖലയ്ക്കു പുറമെ ദഅ്‌വാ രംഗത്തും സാമൂഹിക സേവനരംഗത്തും ജാമിഅ പ്രവേശിച്ചുകഴിഞ്ഞു. ദേശീയതലത്തില്‍ ശിഹാബ് തങ്ങള്‍ നാഷനല്‍ മിഷന്റെ ഭാഗമായി ദഅ്‌വാ പദ്ധതികള്‍, കര്‍ണാടകയിലെ ഹുബ്ലി, ദേവാര്‍ഡ്, പശ്ചിമ ബംഗാളിലെ മുര്‍ഷിദാബാദ്, 24 പര്‍ഗാനാസിലെ പള്ളി-മദ്‌റസാ നിര്‍മാണങ്ങള്‍, റിലീഫ് തുടങ്ങി നിരവധി പദ്ധതികള്‍ ഇതിന്റെ ഭാഗമായി നടന്നുവരുന്നു.
മഹല്ല് ശാക്തീകരണവും മിഷന്റെ ലക്ഷ്യങ്ങളില്‍പെട്ടതാണ്. പൊതുസമൂഹത്തിന് ജാമിഅയുടെ സേവനം നേരിട്ട് എത്തിക്കുന്നതിന്റെ ഭാഗമായി ഖുര്‍ആന്‍ ഡിസ്റ്റന്‍സ് സ്‌കൂളിനു കീഴില്‍ ഖുര്‍ആന്‍ പഠന കോഴ്‌സ് നടക്കുന്നുണ്ട്. വ്യവസ്ഥാപിതമായ പരീക്ഷയും സര്‍ട്ടിഫിക്കറ്റും അടങ്ങുന്നതാണ് ഈ ദ്വിവര്‍ഷ ഓണ്‍ലൈന്‍ കോഴ്‌സ്. അതിന്റെ ഓഫ്‌ലൈന്‍ ക്ലാസുകള്‍ വൈകാതെ ആരംഭിക്കും.
ഭൗതിക വിദ്യാഭ്യാസരംഗത്ത് ജാമിഅയുടെ ശക്തമായ സാന്നിധ്യമാണ് എം.ഇ.എ എന്‍ജിനീയറിങ് കോളജ്. പഠനനിലവാരത്തിലും അച്ചടക്കത്തിലും മാതൃകയായി നിലകൊള്ളുന്ന എന്‍ജിനീയറിങ് കോളജ് സമസ്ത വിദ്യാഭ്യാസ ബോര്‍ഡുമായി സഹകരിച്ചാണു പ്രവര്‍ത്തിക്കുന്നത്.
ഓസ്‌ഫോജ്‌നയും
നൂറുല്‍ ഉലമയും
ജാമിഅ പൂര്‍വ വിദ്യാര്‍ഥി സംഘടന ഓസ്‌ഫോജ്‌ന നടത്തുന്ന സ്ഥാപനമാണ് കോട്ടുമല അബൂബക്കര്‍ മുസ്‌ലിയാര്‍ സ്മാരക ഇസ്‌ലാമിക് കോംപ്ലക്‌സ്. അന്നൂര്‍ ത്രൈമാസ അറബി മാഗസിനും സംഘടനയ്ക്കു കീഴില്‍ പ്രസിദ്ധീകരിക്കുന്നുണ്ട്. പ്രസിദ്ധീകരണങ്ങള്‍ കൊണ്ടും പ്രവര്‍ത്തന വൈവിധ്യം കൊണ്ടും പ്രശസ്തമാണ് ജാമിഅ വിദ്യാര്‍ഥി സംഘടന നൂറുല്‍ ഉലമ. ഓരോ വിഷയങ്ങളിലും ആധികാരിക പഠനം ഉള്‍ക്കൊള്ളുന്ന അല്‍ മുനീര്‍ സമ്മേളനപ്പതിപ്പ് നൂറുല്‍ ഉലമയുടെ കനപ്പെട്ട ഉപഹാരമാണ്.
ജാമിഅ സമ്മേളനങ്ങള്‍
വര്‍ഷംതോറും നടക്കുന്ന ജാമിഅ സമ്മേളനങ്ങള്‍ കേരള മുസ്‌ലിംകളുടെ സംഗമവേദിയാണ്. രാജ്യത്തും വിദേശത്തുമുള്ള പ്രമുഖ വ്യക്തിത്വങ്ങള്‍ പങ്കെടുക്കുന്ന പൊതുസമ്മേളനം, മജ്‌ലിസുന്നൂര്‍ സംസ്ഥാന സംഗമം, ജൂനിയര്‍ കോളജ്-ദര്‍സ് ഫെസ്റ്റ്, പഠനാര്‍ഹമായ ക്ലാസുകള്‍, കന്നട-അറബി ഭാഷാ സംഗമം, മറുനാടന്‍ മലയാളി സംഗമം മുതലായ വിവിധ പരിപാടികള്‍ അഞ്ചുദിവസം നീണ്ടുനില്‍ക്കുന്ന സമ്മേളനത്തിലുണ്ട്. സമസ്തയുടെ നയപ്രഖ്യാപനവേദി കൂടിയാണു കാലങ്ങളായി ജാമിഅ സമ്മേളനങ്ങള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."