കന്യാകുമാരിയിലെ സൂര്യോദയം
ഫാറൂഖ് എടത്തറ#
അനന്തപുരിക്കുമപ്പുറത്തെ നാട്ടുകാഴ്ചകള്‍ കാണാനാണ് കോഴിക്കോട്ടുനിന്നു വണ്ടി കയറിയത്. ആദ്യം കന്യാകുമാരിയിലെ സൂര്യോദയം കാണണം. പിന്നെ തിരുവനന്തപുരത്തെ മറ്റു കാഴ്ചകളും. സൂര്യോദയം കാണണമെന്നു ലക്ഷ്യമാക്കിയാണു യാത്ര. ഏകദേശം വെളുപ്പിനു നാലു മണിയോടെ ഞങ്ങള്‍ കന്യാകുമാരിയിലെത്തി. പ്രതീക്ഷിച്ചതിലും നേരത്തെ തന്നെ എത്തിയതു കൊണ്ടുതന്നെ പലരും വീണ്ടും ഉറക്കത്തിലേക്കു വീണു. അല്‍പനേരം കൂടി ആ മയക്കം തുടര്‍ന്നു.
നേരം അഞ്ചുമണി കഴിഞ്ഞു. ഇപ്പോള്‍ കടല്‍ത്തീരം മുഴുവന്‍ ആളുകളെക്കൊണ്ടു നിറഞ്ഞിരിക്കുന്നു. എല്ലാവരും കടലിന്റെ അനന്തതയിലേക്കു നോക്കിനില്‍പ്പാണ്. സൂര്യന്‍ ഉദിച്ചുയരുന്നുണ്ടോ? കിഴക്കേ ആകാശം മേഘങ്ങളാല്‍ ആവൃതമായിരിക്കുന്നു. എല്ലാവരുടെയും കാത്തിരിപ്പിനൊടുവില്‍ അതാ തിരുവള്ളുവര്‍ പ്രതിമയ്ക്കിടയിലൂടെ സൂര്യന്‍ ഉദിച്ചുയരുന്നു. കടലില്‍നിന്നു പൊങ്ങിവന്ന ഒരു കനല്‍ക്കട്ട. സൂര്യനെ കണ്ടപാടേ കൈകൂപ്പുന്നു കുറേപേര്‍. ഞാനും ആ കാഴ്ചയില്‍ അറിയാതെ ലയിച്ചുപോയി. പിന്നിലേക്കു നോക്കിയപ്പോള്‍ കൂടെയുണ്ടായിരുന്നവരും ഇതേനില്‍പ്പ്. മനോഹരമായ ആ ദൃശ്യം വര്‍ണിക്കാന്‍ വാക്കുകളില്ല.
ഏഴു വെള്ളക്കുതിരകളെ പൂട്ടിയ രഥത്തില്‍ ആ വരവും കാത്തു സഞ്ചാരികള്‍ കാമറക്കണ്ണുകള്‍ തുറന്നുവച്ചു. ആ ആദ്യദൃശ്യം നഷ്ടമാകരുതെന്ന നിര്‍ബന്ധമാണ് എല്ലാവര്‍ക്കും. ഞങ്ങള്‍ക്കൊപ്പമുള്ള ഫോട്ടോഗ്രാഫര്‍മാരുടെ കാമറയില്‍നിന്നും ഫ്‌ളാഷുകള്‍ മിന്നിക്കൊണ്ടിരുന്നു. ദീപ്തമായ ആ പുലരി എത്ര ഒപ്പിയിട്ടും മതിവരാതെ കാമറക്കണ്ണുകള്‍... എത്ര പഴക്കംചെന്നാലും മനസില്‍ എന്നെന്നും മായാതെ കിടക്കും ഈ സൂര്യോദയം.
കുറച്ചുനേരം കൂടി അവിടെ നിന്നശേഷം വേഗത്തില്‍ പുറത്തേക്കിറങ്ങി നല്ല കടുപ്പത്തിലുള്ള കട്ടന്‍ചായ കുടിച്ചു. അകലങ്ങളിലേക്കു കണ്ണുനട്ടുനില്‍ക്കുമ്പോള്‍ ദൂരെ കടലില്‍ ചെറിയ തുരുത്തുകളെപ്പോലെ പാറക്കൂട്ടങ്ങള്‍. കൂട്ടത്തില്‍ തലയെടുപ്പോടെ നില്‍ക്കുന്ന വിവേകാനന്ദപ്പാറയും തിരുവള്ളുവരുടെ പ്രതിമയും. താഴെ മുക്കുവ കുടിലുകളും പള്ളികളും അമ്പലങ്ങളും കാണാം.
വിവേകാനന്ദപ്പാറയിലേക്ക്
അകലെനിന്നു നോക്കുമ്പോള്‍ കൈയകലെയാണു തോന്നും. പക്ഷേ സദാ പ്രക്ഷുബ്ധമായ കടല്‍ കടന്നു വേണം യാത്ര. ബോട്ടില്‍ അക്കരെയെത്താന്‍ ഒരാള്‍ക്ക് 50 രൂപ. കടലിലൂടെ ബോട്ടില്‍ വിവേകാനന്ദപ്പാറയിലേക്ക്. എല്ലാവരും ഒരുമിച്ചാണു യാത്ര. ബോട്ടില്‍ കയറിയ പാടേ ലൈഫ് ജാക്കറ്റ് ധരിക്കാന്‍ ബോട്ട് ജീവനക്കാരുടെ നിര്‍ദേശം. ആദ്യമായാണു ഞങ്ങളില്‍ പലരും ബോട്ടുയാത്ര നടത്തുന്നത്. എല്ലാവരും ലൈഫ് ജാക്കറ്റ് ധരിച്ചിരുന്നു. തിരമാലകളില്‍ ബോട്ട് ചാഞ്ചാടിക്കൊണ്ടിരുന്നു. ബോട്ടിന്റെ അങ്ങോട്ടുമിങ്ങോട്ടുമുള്ള ചെരിവ് അല്‍പം പേടിപ്പെടുത്തും. പക്ഷ, ആ യാത്ര വളരെ വേഗത്തില്‍ തന്നെ അവസാനിച്ചു. ഏകദേശം അഞ്ചുമിനുട്ടു മാത്രമെടുത്ത് കടലിനു നടുവിലുള്ള പാറയിലെത്തി.
നോക്കുമ്പോള്‍ ധാരാളം പേര്‍ നേരത്തെ തന്നെ അവിടെ ഇടംപിടിച്ചിരിക്കുന്നു. എല്ലാവരും സമുദ്രതീരത്തേക്കു നടക്കുകയാണ്. ഞങ്ങളും അവര്‍ക്കൊപ്പം ചേര്‍ന്നു. നല്ല നേര്‍ത്ത കാറ്റിന്റെ കുളിരില്‍ നടന്നു. വിശ്രമമില്ലാതെ കാറ്റ് വീശിക്കൊണ്ടിരിക്കുകയാണ്. കറുത്ത പാറക്കെട്ടുകള്‍ക്കുമുകളില്‍ തിരകള്‍ ആഞ്ഞടിക്കുമ്പോള്‍ കടലിനെ കുറിച്ചൊരു കവിതയങ്ങ് കാച്ചിയാലോ എന്നു പോലും ചിന്തിച്ചുപോയി.
കടലുകള്‍ പുണരുന്ന കന്യാകുമാരി. അവിടെ നില്‍ക്കുമ്പോള്‍ എന്തോ ഒരു അപൂര്‍വാനുഭൂതി മനസില്‍ നിറകൊണ്ടു. മുകളില്‍ ഭയങ്കരമായ കാറ്റ്. എല്ലാവരും ഫോട്ടോയെടുത്തും കാഴ്ചകള്‍ കണ്ടുമിരുന്നു. എത്ര സങ്കടമുള്ളവനും അവിടെ വന്നുനിന്നു കടലിലേക്കു നോക്കിയങ്ങനെനിന്നാല്‍ മനസിന് അല്‍പമെങ്കിലും സമാധാനം ലഭിക്കുമെന്നുറപ്പാണ്.
വൈവിധ്യത്തിന്റെ സാഗരസംഗമം. നാഞ്ചിനാടിന്റെ ഹൃദയഭൂമി. പഴയ തിരുവിതാംകൂറിന്റെ നെല്ലറ. സമതലത്ത് വിശാലമായ നെല്‍പ്പാടങ്ങളും നേന്ത്രവാഴത്തോട്ടങ്ങളും പൂന്തോപ്പുകളും താമരപ്പൊയ്കകളും. തീരദേശത്ത് ഹരിത കേരസമൃദ്ധി. മണ്‍പാത്ര നിര്‍മാണം, ശില്‍പ്പനിര്‍മാണം, കൈത്തറി എന്നിവ മറ്റു തൊഴില്‍രംഗങ്ങള്‍. കടലും മലയും കൈക്കോര്‍ക്കുന്ന മണ്ണില്‍ ഇറങ്ങിവരുന്ന വെള്ളച്ചാട്ടങ്ങള്‍. കടല്‍ത്തീരവും ടൂറിസ്റ്റ് കേന്ദ്രങ്ങളും പ്രസിദ്ധങ്ങളായ ആരാധനാലയങ്ങളും കന്യാകുമാരിയുടെ പ്രത്യേകത.
മൂന്നലകടലുകള്‍ മുത്തമിടുന്ന അപൂര്‍വതയാണ് കന്യാകുമാരിയുടെ ചാരുത. ഇന്ത്യന്‍ മഹാസമുദ്രം, അറബിക്കടല്‍, ബംഗാള്‍ ഉള്‍ക്കടല്‍ എന്നിവ സംഗമിക്കുന്ന മുനമ്പില്‍ മണല്‍ത്തരികള്‍ക്കു പോലും നിറഭേദം പ്രകടം. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്റെ തെക്കേ മുനമ്പായ കന്യാകുമാരി സൂര്യന്റെ ഉദയവും അസ്തമയവും ഒരിടത്തു കാണാവുന്ന ലോകത്തെ ചുരുക്കം സ്ഥലങ്ങളിലൊന്നാണ്. നിറപൗര്‍ണമിനാളില്‍ സൂര്യാസ്തമയവും ചന്ദ്രോദയവും കന്യാകുമാരി തീരത്ത് ഒരേ സമയം ദൃശ്യമാകും.
നേപ്പാളി സ്വാമിക്കൊപ്പം
കാണാന്‍ സുമുഖനായ നേപ്പാളി സ്വാമി. കണ്ടാല്‍ ആര്‍ക്കും ഒപ്പം നിന്ന് ഒരു ഫോട്ടോയെടുക്കാന്‍ തോന്നിപ്പോകുന്ന നില്‍പ്പ്. പലരും നേപ്പാളി സ്വാമിക്കൊപ്പം നിന്ന് ഫോട്ടോയെടുക്കുന്നു. ഫോട്ടോയെടുപ്പിന് പത്തു രൂപ. അത് പ്രിന്റായി കിട്ടണമെങ്കില്‍ വേറെയും കൊടുക്കണം 20 രൂപ.
ഏതായാലും കാശ് കൊടുത്ത് അങ്ങനെയൊരു ഫോട്ടോയെടുപ്പ് വേണ്ടെന്ന് ഞാനും ജോയലും തീരുമാനിച്ചു. സ്വാമിജിയുടെ അടുത്തെത്തി സംസാരിക്കാന്‍ നോക്കി. അപ്പോഴാ കാര്യം പിടികിട്ടിയത്. പുള്ളി സംസാരിക്കുന്നത് ഹിന്ദിയിലാണ്... എന്നാലും അല്‍പം പിടിച്ചുനിന്ന് ഹിന്ദിയില്‍ തന്നെ കാച്ചിനോക്കി. ഇതിനിടയില്‍ ജോയല്‍ നല്ലൊരു ഫോട്ടോയും എടുത്തിരുന്നു. ചിത്രം കണ്ട എല്ലാവര്‍ക്കും അത് ഇഷ്ടമായി. കാശ് പോകാതെയൊരു ഫോട്ടോ. ഏതായാലും സ്വാമി കൊള്ളാം. ഒരാളില്‍നിന്നു പത്തുരൂപ വച്ചു രാവിലെ മുതല്‍ വാങ്ങിയാല്‍ വൈകുന്നേരമാകുമ്പോഴേക്ക് ഒരു നല്ല സംഖ്യ ഉണ്ടാക്കുമെന്ന് ഉറപ്പാണ്.
ശ്രീപാദമണ്ഡപം
സഭാമണ്ഡപത്തില്‍നിന്നു പടികളിറങ്ങി ചെല്ലുന്നത് ധ്യാനമണ്ഡപത്തിലേക്കാണ്. കുത്തനെയുള്ള വഴി കയറി ചെല്ലുമ്പോള്‍ വലതു ഭാഗത്തായി ശ്രീപാദമണ്ഡപം കാണാം. ദേവി കന്യാകുമാരിയുടെ കല്ലില്‍ പതിഞ്ഞ കാല്‍പ്പാടാണ് ഇവിടെ പ്രതിഷ്ഠ. ഉള്ളില്‍ ചെന്നപ്പോള്‍ നല്ല ഇരുട്ട്. നിശബ്ദത. ഇരുളില്‍ പച്ച വെളിച്ചത്തില്‍ തിളങ്ങുന്ന ഓംകാര ചിഹ്‌നം. മനസൊന്നു ശാന്തമാക്കണമെന്നു വിചാരിച്ച് ഇവിടെയെത്തുന്നവര്‍ നിരവധി. നിലത്തു പായ വിരിച്ചിട്ടുണ്ട്. നിലത്തിരിക്കാന്‍ മടിയുള്ളവര്‍ക്കായി കസേരകളുമുണ്ട്. മണ്ഡപത്തിനകത്ത് ഫോട്ടോഗ്രഫി വിലക്കിയിരുന്നു.
വിവേകാനന്ദപ്പാറയ്ക്ക് ഇരുവശത്തും വലിയ കുളങ്ങളുണ്ട്. ഇവിടുത്തെ മഴവെള്ള സംഭരണികളാണു രണ്ടും. ഭക്ഷണ സാധനങ്ങളൊന്നും കിട്ടാത്ത ഒരിടമാണ് വിവേകാനന്ദപ്പാറ. പുറത്തുനിന്നു കൊണ്ടുവന്ന ഭക്ഷണങ്ങള്‍ ഇവിടെ വച്ചു കഴിക്കുന്നതും കര്‍ശനമായി നിരോധിച്ചിരിക്കുന്നു.
വിവേകാനന്ദ മണ്ഡപത്തിലേക്ക് ഇടയ്ക്കിടെ വരുന്ന ഒരു കുമാരേട്ടനെ ഇടയ്ക്ക് ഞങ്ങള്‍ക്കു ലഭിച്ചു. അദ്ദേഹത്തോട് സ്ഥലത്തിന്റെ വിശേഷങ്ങളെ കുറിച്ച് ഞങ്ങള്‍ ചോദിച്ചറിഞ്ഞു. അദ്ദേഹം പറഞ്ഞുതന്ന കഥ ഇങ്ങനെയാണ്. കൊടുംതണുപ്പുള്ള ഒരു ഡിസംബര്‍. ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ദാര്‍ശനികരില്‍ ഒരാളായ സ്വാമി വിവേകാനന്ദന്‍ എല്ലാം മറന്നു ധ്യാനമിരിക്കാന്‍ വന്നിരുന്നത് ഇവിടെയാണ്. ചിക്കാഗോയിലെ വിശ്വപ്രസിദ്ധമായ പ്രസംഗത്തിനു പോകുന്നതിനുമുന്‍പായിരുന്നു അത്. ഈ മണ്ണിനു നമ്മുടെ ഉല്‍ക്കടമായ ആഗ്രഹങ്ങള്‍ക്കു പുതുജീവന്‍ നല്‍കാനുള്ള കഴിവുണ്ടെന്ന് ഇന്നും സഞ്ചാരികള്‍ വിശ്വസിക്കുന്നു. അതു തന്നെയാകാം, കേവലം സഞ്ചാരികളായി എത്തുന്നവര്‍ പോലും തിരിച്ചുപോകുമ്പോള്‍ ഓര്‍മയ്ക്കായി ഒരുപിടി മണ്ണു വാങ്ങി കൂടെക്കൊണ്ടുപോകുന്നത്.
ഏതായാലും തിരുവനന്തപുരത്ത് വരുന്നവര്‍ എന്തായാലും കന്യാകുമാരിയും വിവേകാനന്ദപ്പാറയും കൂടി ഒന്നു പോയിക്കാണണം. പോകാന്‍ ആഗ്രഹിക്കുന്നവര്‍ യാത്രാമാര്‍ഗങ്ങളെ കുറിച്ച് ആലോചിച്ചു പിന്‍മാറേണ്ടതില്ല. തിരുവനന്തപുരത്ത് എത്തിയാല്‍ അവിടെനിന്നു നേരിട്ട് കന്യാകുമാരിയിലേക്ക് ബസ് സര്‍വിസ് ലഭ്യമാണ്. തിരിച്ചും അതുപോലെ നിങ്ങള്‍ക്കു സുഖകരമായി നാടണയാം.
ഒട്ടേറെ രസക്കാഴ്ചകളും അനുഭൂതിദായകമായ ആലോചനകളും പകര്‍ന്ന ആ യാത്ര ഇന്നും മായാതെ മനസില്‍ തങ്ങിനില്‍ക്കുന്നു. ജീവിതത്തില്‍ തന്നെ ഓര്‍മിക്കാന്‍ ആഗ്രഹിക്കുന്ന യാത്രകളിലൊന്നായിരുന്നു അത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."