ചൂതാട്ടത്തിനെതിരേ നടപടി ശക്തമാക്കി പൊലിസ് കൊച്ചിയില്‍ മൂന്ന് കേസുകളിലായി 16 പേര് പിടിയില്‍
മട്ടാഞ്ചേരി: കുടുംബങ്ങളെ തകര്‍ക്കുന്ന ചൂതാട്ട മാഫിയക്കെതിരേ പൊലിസ് നടപടി ശക്തമാക്കി. മട്ടാഞ്ചേരി അസി. കമ്മിഷണര്‍ എസ് വിജയന്റെ നേതൃത്വത്തില്‍ പൊലിസ് നടത്തിയ പരിശോധനയില്‍ 16 പേര് പിടിയിലായി. മട്ടാഞ്ചേരി സ്റ്റേഷനില്‍ രണ്ട് കേസുകളിലായി പത്ത് പേരാണ് പരിശോധനയില്‍ പിടിയിലായത്.
മട്ടാഞ്ചേരി ചേമ്പര്‍ റോഡില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടല്‍ സീലാന്റ് കേന്ദ്രീകരിച്ച് ചൂതാട്ടം നടത്തിയ കേസില്‍ മട്ടാഞ്ചേരി സ്വദേശികളായ ഹനീഫ്(60), സലീം(53), ഹാഷിം(50), അബ്ദുല്‍ റഹീം ഖാദര്‍(49), അബ്ദുല്‍ മനാഫ്(40) എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്ന് ഒന്നര ലക്ഷത്തിലേറെ രൂപയും രണ്ട് മൊബൈല്‍ ഫോണും പൊലിസ് പിടിച്ചെടുത്തു.
മട്ടാഞ്ചേരി ബസാര്‍ ഔട്ട് ഏജന്‍സി ജെട്ടി കേന്ദ്രീകരിച്ച് ചൂതാട്ടം നടത്തിയ മട്ടാഞ്ചേരി സ്വദേശികളായ റിയാസ്(41), ജബ്ബാര്‍(47), അസര്‍(51), ഹനീഫ്(49), ഫൈസല്‍(44) എന്നിവരാണ് രണ്ടാമത്തെ കേസില്‍ പിടിയിലായത്.
ഫോര്‍ട്ട്കൊച്ചി പൊലിസ് സ്റ്റേഷന് പരിധിയില്‍ നടത്തിയ പരിശോധനയില്‍ ആറ് പേരാണ് പിടിയിലായത്. ഫോര്‍ട്ട്കൊച്ചി സ്വദേശികളായ എബ്രഹാം മാത്യൂ(72), പ്രമോദ്(57), സി.സി.ജോര്‍ജ്ജ്(71), രാജേഷ്(47), ബാബു(61), കെ.എ ജോര്‍ജ്ജ്(83) എന്നിവരാണ് പിടിയിലായത്.
ഫോര്‍ട്ട്കൊച്ചി കോറല്‍ ക്ലബ്ബില്‍ ചൂതാട്ടം നടത്തുന്നതിനിടെയാണ് ഇവര്‍ പൊലിസ് പരിശോധനയില്‍ പിടിയിലായത്. മൂന്ന് കേസുകളിലായി ഒരു ലക്ഷത്തി എഴുപതിനായിരം രൂപയോളമാണ് പൊലിസ് പിടിച്ചെടുത്തത്. പശ്ചിമകൊച്ചിയില്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ ഹോട്ടലുകള്‍, ലോഡ്ജുകള്‍, ഹോംസ്റ്റേകള്‍, ഓഡിറ്റോറിയങ്ങള്‍, ഒഴിഞ്ഞ സ്ഥലങ്ങള്‍ എന്നിവ കേന്ദ്രീകരിച്ച് വ്യാപകമായി ചൂതാട്ടം നടത്തുന്നതിനായി മട്ടാഞ്ചേരി അസി. കമ്മീഷണര്‍ എസ് വിജയന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് ഇന്നലെ ഉച്ച മുതല്‍ തോപ്പുംപടി, മട്ടാഞ്ചേരി, ഫോര്‍ട്ട്കൊച്ചി മേഖലകള്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്.
മട്ടാഞ്ചേരി എസ്.ഐ ദിനേശ് കുമാര്‍, ഫോര്‍ട്ട്കൊച്ചി എസ്.ഐ ജോസഫ് ആന്റണി നെറ്റോ, തോപ്പുംപടി എസ്.ഐ സി ബിനു എന്നിവരും പരിശോധന സംഘത്തിലുണ്ടായിരുന്നു. വരും ദിവസങ്ങളിലും ചൂതാട്ടത്തിനെതിരേ നടപടി തുടരുമെന്ന് അസി. കമ്മിഷണര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."