HOME
DETAILS
MAL
രാക്കഥ
backup
February 02 2020 | 02:02 AM
രാത്രി എട്ടുമണിക്ക് അത്താഴം കഴിച്ചശേഷം എട്ടുവയസുള്ള ചെറുമകന്‍ എന്റെ അടുത്തേക്ക് ഓടിവന്ന് കിടക്കുന്നതിനു മുന്‍പായി ഒരു കഥവായിച്ചു കേള്‍പ്പിക്കാന്‍ ആകാംക്ഷയോടെ ആവശ്യപ്പെട്ടു. അവന്‍ ഞാന്‍ വളരെയധികം സ്‌നേഹിക്കുന്ന ഏക ചെറുമകനാണ്. അവന്റെ ഒരഭ്യര്‍ഥനയും ഞാന്‍ ഒരിക്കലും നിരസിക്കാറില്ല. അതിനാല്‍ ഞാന്‍ ടെലിവിഷന്‍ ഓഫാക്കി എന്റെ ലൈബ്രറിയില്‍ പോയി കുട്ടികള്‍ക്കായുള്ള കഥകള്‍ ഉള്‍ക്കൊള്ളുന്ന ഒരു സ്‌കൂള്‍പുസ്തകം എടുത്തുവന്നു. ഞാന്‍ കൊച്ചുമോന്റെ അരികിലിരുന്ന് ക്രമരഹിതമായി ഒരു കഥയിലേക്ക് പുസ്തകം തുറന്നുവായിക്കാന്‍ തുടങ്ങി:
''ജീവിതത്തിന്റെ പ്രാരംഭദശയിലുള്ള ഒരു ചെറുപ്പക്കാരന്‍ ഉറക്കമുണര്‍ന്ന് മനുഷ്യരാശിയുടെ ഭീമാകാരമായ കടലിലേക്ക് തന്റെ ജാലകം തുറന്നു. അവിടെ പുരുഷത്വത്തില്‍ അഭിമാനിക്കുന്ന സ്ത്രീകളേയും സ്‌ത്രൈണതയില്‍ അഭിരമിക്കുന്ന പുരുഷന്മാരേയും അയാള്‍ കണ്ടു. രോഗാണുക്കളും പ്രാണികളും സിംഹാസനങ്ങളില്‍ ഇരിക്കുന്നതും, ധനികര്‍ അവരുടെ ധനം ശവക്കുഴിയിലേക്ക് കൊണ്ടുപോകുന്നതും, അവിടെ, അവരുടെ ജീവിതത്തില്‍ മുന്‍കഴിഞ്ഞ ഭൗതിക ജീവിതത്തേക്കാള്‍ കൂടുതല്‍ ആനന്ദം നേടുന്നതായും അയാള്‍ കണ്ടു. പ്രവാചകന്മാരും പുണ്യാത്മാക്കളും വിശാലമായ കവാടത്തിലൂടെ നരകത്തില്‍ പ്രവേശിക്കുകയും സാത്താനും അധര്‍മികളും സ്വര്‍ഗത്തില്‍ പ്രവേശിച്ചു മഹത്വത്തിന്റെയും സ്തുതിയുടെയും പ്രകീര്‍ത്തനങ്ങളാല്‍ ചുറ്റപ്പെടുന്നതായി അവന്‍ കണ്ടു. തണുത്തുറഞ്ഞ രക്തത്തില്‍ കുട്ടികള്‍ കശാപ്പ് ചെയ്യപ്പെടുമ്പോഴും ആര്‍ദ്രതയുടെ കണ്ണീരണിയാത്ത അമ്മമാരേയും കാലം ഋതുഭേതങ്ങള്‍ക്കു വിധേയമാവാതെ വിചിത്രവും വിവര്‍ണാതീതവുമായ സ്തംബിതാവസ്ഥയിലേക്കു ചുരുങ്ങുന്നതായും അയാള്‍ വീക്ഷിച്ചു. രാജ്യങ്ങള്‍ അവയുടെ സ്വാതന്ത്ര്യദിനം ആഘോഷിക്കാന്‍ വിസമ്മതിക്കുകയും രാജ്യദ്രോഹികളെ ദേശീയവീരന്മാരായി അഭിഷേകം ചെയ്യുന്നതായും അയാള്‍ കണ്ടു. കടവും കടലുമെല്ലാം വരണ്ടഭൂമിയായി പരിണമിച്ചു. അതിലെ ജന്തുജാലകങ്ങളത്രയും പതിയെ ചത്തൊടുങ്ങുന്നതു കണ്ട് ഊഷരത്വമാണ് ലോകത്തിലെ സ്വേച്ഛാധിപതിയായ പ്രഭുവെന്ന് അയാള്‍ തിരിച്ചറിഞ്ഞു. ഭൂതവും വര്‍ത്തമാനവും ഭാവിയും മദ്യപിച്ച മൂന്ന് സുഹൃത്തുക്കള്‍ നടക്കുമ്പോള്‍ ഇടത്തോട്ടും വലത്തോട്ടും ആടിയുലയുന്നതു പോലെയാണെന്ന് അയാള്‍ മനസിലാക്കി... മുന്നോട്ടും പിന്നോട്ടും... ഒന്നിനുനേരെ മറ്റൊന്ന്... പരസ്പര വഴക്ക് വക്കാണം... അവസാനം അബോധാവസ്ഥയിലേക്ക്. ആകാശത്തു നിന്നും വര്‍ഷിക്കുന്ന സ്വര്‍ണം പെറുക്കിയെടുത്ത് മനുഷ്യക്കൈകള്‍ എത്താത്ത ആഴത്തില്‍ കുഴിച്ചിട്ട് പട്ടിണിയുടേയും ദാരിദ്രത്തിന്റേയും ഭാണ്ഡം പേറി കരഞ്ഞുകൊണ്ട് വീടുകളിലേക്കു മടങ്ങുന്ന ജനങ്ങളേയും അയാള്‍ കണ്ടു. വിദ്വേഷത്തിന്റെ രണ്ട് വലിയചിറകുകളുമായി പ്രണയത്തിന്റെ ശരീരം ഉയര്‍ന്നതായും അയാള്‍ കണ്ടു.''
ഈ വാചകം പൂര്‍ത്തിയാക്കി ഞാന്‍ എന്റെ ചെറുമകനെ നോക്കി, അവന്‍ ഗാഢനിദ്രയില്‍ വീണുപോയിരുന്നു. പുസ്തകമടച്ച് മേശപ്പുറത്ത് വച്ചു, ഞാന്‍ ചെറിയവനെ അവന്റെ കിടപ്പുമുറിയിലേക്ക് കൊണ്ടുപോയി വളരെ ശ്രദ്ധയോടെ കട്ടിലില്‍ കിടത്തി. അവനെ പുതപ്പണീച്ച്, നെറ്റിയില്‍ ചുംബിച്ച് ടി.വിയില്‍ ആവേശകരമായ സായാഹ്നസിനിമകാണാന്‍ സ്വീകരണമുറിയിലേക്ക് തിരിച്ചു.
യുവത്വ ചോരണം
ആ രാജ്യത്ത് ഒരു അഭൂതപൂര്‍വമായ കാര്യം സംഭവിക്കാന്‍ തുടങ്ങി. ഒരു പ്രഭാതത്തില്‍, ചില ചെറുപ്പക്കാര്‍ ഉറക്കമുണര്‍ന്നപ്പോള്‍ എണ്‍പതും തൊണ്ണൂറും പ്രായമെത്തിയ വയോവൃദ്ധരായിതീര്‍ന്നതായി കണ്ടെത്തി. ദിനംപ്രതി, യവത്വം നഷ്ടപ്പെടുന്നവരുടെ എണ്ണം വര്‍ധിച്ചുകൊണ്ടിരുന്നു, മുഴുവന്‍ ജനങ്ങളും ഭീതിയിലായി. രാജ്യം ഒരു വൃദ്ധഭവനമായി മാറുമെന്ന് ആളുകള്‍ ഭയപ്പെട്ടു. ഈ ഭീകരതയ്ക്കിടയില്‍, ചില ഗവേഷകര്‍ ഈ സവിശേഷ പ്രതിഭാസത്തെക്കുറിച്ച് പഠിക്കാന്‍ തുടങ്ങി. കഠിനമായ പരിശ്രമങ്ങള്‍ക്കു ശേഷം അവര്‍ ആ രഹസ്യം കണ്ടെത്തി. പക്ഷേ അത് പരസ്യമായിപ്രഖ്യാപിക്കാന്‍ അവര്‍ ധൈര്യപ്പെട്ടില്ല.
തങ്ങളുടെ അന്വേഷണഫലങ്ങള്‍ പത്രമാധ്യമങ്ങളിലൂടെ ചോര്‍ന്ന ദിവസം വരെ അവരത് രഹസ്യമായി വച്ചു. ആ ദിവസം എല്ലാവരേയും ഞെട്ടിക്കുന്ന വാര്‍ത്തയാണ് കേട്ടത്; പ്രായമായ നിരവധി ഉന്നത ഉദ്യോഗസ്ഥര്‍ ആ ചെറുപ്പക്കാരുടെ യുവത്വം മോഷ്ടിച്ച് അവരുടെ പ്രായത്തില്‍ ചേര്‍ത്തതായും അവശേഷിച്ചത് അവരുടെ ഏറ്റവും അടുത്ത കുടുംബാംഗങ്ങള്‍ക്കും സഹകാരികള്‍ക്കും വിതരണം ചെയ്തതായും അവര്‍ വെളിപ്പെടുത്തി. ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ ആനന്ദം ലഭിക്കുന്നതിനായി ചെറുപ്പക്കാരില്‍ നിന്ന് സാധ്യമായ ഏറ്റവും വലിയ യുവത്വം മോഷ്ടിക്കുന്നതിനായി ഏറ്റവും പ്രായംചെന്ന ഉദ്യോഗസ്ഥര്‍ക്കിടയില്‍ കടുത്ത മത്സരം നടന്നതായി റിപ്പോര്‍ട്ട് സൂചിപ്പിച്ചു.
എല്ലാവരും വല്ലാതെ നടുങ്ങി... ആ രാജ്യത്തെ അവശേഷിക്കുന്ന ചെറുപ്പക്കാരെ സംബന്ധിച്ചിടത്തോളം അവര്‍ യുവത്വത്തിന്റെ കള്ളന്മാരില്ലാത്ത മറ്റൊരുരാജ്യത്തേക്ക് രക്ഷപ്പെടാന്‍ തീരുമാനിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."