ഗോള്‍ മഴയില്‍ മുങ്ങി ബ്ലാസ്റ്റേഴ്‌സ്
കൊച്ചി: കൊച്ചിയില്‍ ഗോള്‍പ്രളയം തീര്‍ത്ത് ബ്ലാസ്റ്റേഴ്‌സ് ചെന്നൈയ്ന്‍ മത്സരം. ബ്ലാസ്റ്റേഴ്‌സിന്റെ ഹോംഗ്രൗണ്ടായ കൊച്ചി നെഹ്‌റു സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 6-3 എന്ന സ്‌കോറിന് ബ്ലാസ്റ്റേഴ്‌സ് തോറ്റു. ഐ.എസ്.എല്‍ ഈ സീസണില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ പിറന്ന മത്സരവും ഇന്നലെ നടന്നതായിരുന്നു.
ആദ്യ പകുതിയുടെ 39 മിനുട്ട്‌വരെ ഗോള്‍രഹിതമായി മുന്നേറിയ മല്‍സരത്തില്‍ പിന്നീട് പിറന്നത് ഒമ്പത് ഗോളുകളാണ്. ഇതില്‍ ബ്ലാസ്റ്റേഴ്‌സ് നേടിയ മൂന്നു ഗോളുകളുള്‍പ്പെടെ ആറും പിറന്നത് രണ്ടാം പകുതിയില്‍. ഗോളി രഹ്‌നേഷിന്റെ പിഴവില്‍ നിന്ന് തുടങ്ങിയ ഗോള്‍ മഴ 90 മിനുട്ട്‌വരെ തുടരുന്നതാണ് മൈതാനം കണ്ടത്. തോല്‍വിയോടെ ബ്ലാസ്റ്റേഴ്‌സ് ലീഗില്‍ നിന്ന് പുറത്തായി.
ജയിച്ചാല്‍ ടൂര്‍ണമെന്റില്‍ പ്രതീക്ഷകള്‍ ശേഷിക്കുന്നതിനാല്‍ ബ്ലാസ്റ്റേഴ്‌സിന്റെ ആക്രമണങ്ങളാണ് ആദ്യമിനുട്ടുകളില്‍ മല്‍സരത്തെ സജീവമാക്കിയത്. ആദ്യ 10 മിനുട്ടില്‍ തന്നെ അഞ്ച് തവണയാണ് മഞ്ഞപ്പട പന്തുമായി ചെന്നൈയ്ന്‍ ഗോള്‍മുഖം വിറപ്പിച്ചത്. മെസി ബൗളിയായിരുന്നു ആക്രമണത്തിന്റെ ചുക്കാന്‍ പിടിച്ചത്.
കളിയുടെ ആദ്യമിനുട്ടുകളില്‍ നിരവധി അവസരങ്ങള്‍ സൃഷ്ടിച്ച് മേധാവിത്വം പുലര്‍ത്തി ആതിഥേയര്‍. സമനിലയാണെങ്കില്‍ പോലും മതിയെന്ന മട്ടില്‍ പതിഞ്ഞ താളത്തിലായിരുന്നു ചെന്നൈയ്ന്‍. 35-ാം മിനുട്ടില്‍ ബോക്‌സിന് തൊട്ടുവെളിയില്‍ നിന്ന് ലഭിച്ച ഫ്രീകിക്കും ഗോളാക്കുന്നതില്‍ ബ്ലാസ്റ്റേഴ്‌സ് പരാജയപ്പെട്ടു. ഒടുവില്‍ ഗോളി രഹ്‌നേഷിന്റെ പിഴവില്‍ നിന്ന് 39-ാം മിനുറ്റില്‍ ചെന്നൈയ്ന്‍ എഫ്.സി മുന്നിലെത്തി. ജെസല്‍ കര്‍ണയ്‌റോ പിന്നിലേക്ക് മറിച്ച് നല്‍കിയ പന്ത് രഹ്‌നേഷിന്റെ കാലിലെത്തുമ്പോള്‍ പിന്നാലെ വരുന്ന അപകടത്തെ കുറിച്ച് ആരും ചിന്തിച്ച് പോലുമില്ല. നിരുപദ്രവകാരിയായ നീക്കം പക്ഷേ, കലാശിച്ചത് ഗോളിലാണെന്ന് മാത്രം. രഹ്‌നേഷ് അശ്രദ്ധമായി മുന്നിലേക്ക് നല്‍കിയ പന്ത് നേരെ ചെന്നെത്തിയത് ചെന്നൈ താരം ക്രവലാരോയുടെ കാലുകളില്‍. ആ നിമിഷം മാത്രം മതിയായിരുന്നു ക്രവലാരോയ്ക്ക്. ഒരു ഗോളിന് ചെന്നൈ മുന്നില്‍. ആ ഗോളിന്റെ ആഘാതത്തില്‍ പകച്ചുനിന്ന ബ്ലാസ്റ്റേഴ്‌സിനെ അടുത്ത അഞ്ച് മിനുട്ടിനുള്ളില്‍ രണ്ട് വട്ടംകൂടി എതിരാളികള്‍ ഞെട്ടിച്ചു. 45-ാം മിനുട്ടില്‍ വല്‍സ്‌കിസും പിന്നീട് ഒരു മിനുട്ടിന്റെ അധിക സമയത്തില്‍ ക്രവലാരോയും വീണ്ടും വലകുലുക്കി.
രണ്ടാം പകുതിയില്‍ 48-ാം മിനുട്ടില്‍ തന്നെ സൂപ്പര്‍താരം ഒഗ്ബച്ചേ ഒരു ഗോള്‍ മടക്കി. മൈതാന മധ്യത്ത് നിന്ന് ജെസല്‍ കര്‍ണെയ്‌റോ ഉയര്‍ത്തി നല്‍കിയ പന്ത് ബോക്‌സിലേക്ക് താഴ്ന്നിറങ്ങുന്ന വഴി ഒഗ്ബച്ചേ കാല്‍വച്ചു. (31). ബ്ലാസ്റ്റേഴ്‌സ് തിരിച്ചടി തുടങ്ങിയെന്നു കരുതിയ ആരാധകരെ നിരാശയിലേക്ക് തള്ളി വീണ്ടും ചെന്നൈയുടെ വക നാലാം ഗോള്‍. ഇക്കുറിയും സ്വന്തം പിഴവില്‍ നിന്ന് തന്നെയാണ് ബ്ലാസ്റ്റേഴ്‌സ് ഗോള്‍ വഴങ്ങിയത്. ബോക്‌സിനുള്ളില്‍ പന്ത് കൈമാറുന്നതില്‍ വരുത്തിയ പിഴവാണ് ഗോളിലേക്ക് നയിച്ചത്. ലാലിന്‍സുവാര ചങ്‌ദേയിലൂടെയായിരുന്നു സന്ദര്‍ശകരുടെ നാലാം ഗോള്‍. അധികം വൈകാതെ വീണ്ടും ഒഗ്ബച്ചേയിലൂടെ ബ്ലാസ്റ്റേഴ്‌സിന്റെ രണ്ടാം ഗോള്‍. ടൂര്‍ണമെന്റില്‍ താരത്തിന്റെ 10-ാം ഗോള്‍ കൂടിയായിരുന്നു അത്. പത്ത് മിനുട്ടിന്റെ ഇടവേളയില്‍ ഹാട്രിക് ഗോളുമായി ഒഗ്ബച്ചേ ഒരിക്കല്‍ കൂടി കളം നിറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."