പാലക്കാട് വേനല്‍ കനത്തു : 12,000 ഹെക്ടര്‍ നെല്‍കൃഷി ഉണങ്ങുന്നു
പാലക്കാട്: ജില്ലയില്‍ 11540 ഹെക്ടര്‍ വയലിലെ നെല്‍കൃഷി ഉണങ്ങി. അയ്യായിരത്തോളം ഹെക്ടര്‍ നെല്‍കൃഷി ഉണക്കഭീഷണിയില്‍. 28602 ഹെക്ടര്‍ നിലത്തിലാണ് രണ്ടാം വിളയിറക്കിയത്. 42000 ഹെക്ടര്‍ സ്ഥലത്താണു പതിവു രണ്ടാം വിള നെല്‍കൃഷി. പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് 14000 ഹെക്ടറോളം ഭൂമിയില്‍ രണ്ടാം വിള ഉപേക്ഷിച്ചു. കൊല്ലങ്കോട് ബ്ലോക്ക് പരിധിയില്‍ 5466 ഹെക്ടര്‍ കൃഷിയിടത്തില്‍ 1576 ഹെക്ടറില്‍ വിളവിറക്കിയിട്ടില്ല. കൃഷിയിറക്കിയ 3890 ഹെക്ടറില്‍ 1919 ഹെക്ടര്‍ ഉണങ്ങി. കുഴല്‍മന്ദത്തു 6510 ഹെക്ടര്‍ കൃഷിയിടത്തില്‍ 5141 ഹെക്ടറിലാണു വിളയിറക്കിയത്. ഇതില്‍ 2100 ഹെക്ടര്‍ ഉണങ്ങി. 1369 ഹെക്ടര്‍ തരിശിട്ടിരിക്കുകയാണ്. ആലത്തൂരിലെ 4900 ഹെക്ടര്‍ഭൂമിയില്‍ 4160 ഹെക്ടറില്‍ വിളവിറക്കിയതില്‍ 2200 ഹെക്ടറും ഉണങ്ങി. ഇവിടെ 740 ഹെക്ടര്‍ഭൂമിയില്‍ വിളയിറക്കിയിട്ടില്ല. ചിറ്റൂരില്‍ 6000 ഹെക്ടര്‍ ഭൂമിയില്‍ 2200 ഹെക്ടറോളം കൃഷിയിറക്കിയിട്ടില്ല. വിളവിറക്കിയ 3800 ഹെക്ടറില്‍ 1150 ഹെക്ടറും ഉണക്കിലായി. പാലക്കാട് ബ്ലോക്കില്‍ 1350 ഹെക്ടര്‍ സ്ഥലത്തു വിളയിറക്കിയതില്‍ 925 ഹെക്ടറും ഉണങ്ങി. അവശേഷിക്കുന്നതില്‍ നൂറു ഹെക്ടറോളം ഉണക്ക 'ഭീഷണിയിലാണ്. പട്ടാമ്പി, തൃത്താല, ഷൊര്‍ണൂര്‍ മേഖലയിലെ നെല്‍പ്പാടങ്ങളില്‍ ഏറിയ പങ്കും നേരത്തെ ഉണങ്ങിയിരുന്നു. മഴ അകന്നുനിന്നതും ഡാമുകളില്‍ വെള്ളം ഇല്ലാതായതും മറ്റു ജലസ്രോതസുകള്‍ വരണ്ടതുമാണു കാര്‍ഷിക മേഖലയെ തകര്‍ത്തത്. കുളം, കിണര്‍, കുഴല്‍ കിണര്‍ എന്നിവിടങ്ങളിലെ വെള്ളം ഉപയോഗിക്കാന്‍ കഴിയുന്നവരും പോത്തുണ്ടി, മംഗലം, മലമ്പുഴ, കാഞ്ഞിരപ്പുഴ തുടങ്ങിയ ഡാമുകളുടെ വെള്ളം ലഭിക്കുന്ന സ്ഥലങ്ങളിലും മാത്രമാണു നെല്‍കൃഷി ബാക്കിയായിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."