ധനകമ്മിഷനെതിരേ ധനമന്ത്രിമാരുടെ യോഗം ചേരുന്നത് ആലോചിക്കും: മന്ത്രി തോമസ് ഐസക്
തിരുവനന്തപുരം: കേന്ദ്ര ധനകമ്മിഷന്‍ ശുപാര്‍ശകളില്‍ കേന്ദ്ര സര്‍ക്കാരിന്റെ ഏകപക്ഷീയ നടപടികള്‍ക്കെതിരേ സംസ്ഥാനങ്ങളുടെ യോജിപ്പിനുള്ള സാധ്യത തേടുമെന്ന് ധനമന്ത്രി ഡോ.ടി.എം തോമസ് ഐസക്ക് നിയമസഭയില്‍ പറഞ്ഞു. കമ്മിഷന്റെ ഇടക്കാല റിപ്പോര്‍ട്ടിന്റെ ശുപാര്‍ശകളിലെ തീരുമാനങ്ങളാണ് കേന്ദ്ര ബജറ്റിലുള്ളത്. ജി.എസ്.ടി നഷ്ടപരിഹാര നിഷേധത്തിനെതിരേ നിയമ നടപടികളും ആലോചിക്കേണ്ടതുണ്ട്. ഇവയെകുറിച്ച് ചര്‍ച്ചയ്ക്കായി സംസ്ഥാന ധനമന്ത്രിമാരുടെ യോഗം ചണ്ഡിഗഢില്‍ ചേരാനുള്ള ആലോചനകളുണ്ടെന്നും കെ.സുരേഷ്‌കുറുപ്പിന്റെ ശ്രദ്ധക്ഷണിക്കലിന് മറുപടിയായി മന്ത്രി പറഞ്ഞു.
ധനകമ്മിഷന്‍ ശുപാര്‍ശ പരിഗണിച്ച കേന്ദ്ര ബജറ്റില്‍, കേരളത്തിന്റെ നികുതിവിഹിതം 1.9 ശതമാനമാക്കി. കഴിഞ്ഞ ധനകമ്മിഷന്‍ അനുവദിച്ചത് 2.57 ശതമാനമായിരുന്നു. വിഹിതത്തിലെ വെട്ടിച്ചുരുക്കല്‍ സംസ്ഥാനത്തിന് 2600 കോടിയോളം രൂപ നഷ്ടപ്പെടുത്തും. റവന്യു കമ്മി കുറയ്ക്കാനുള്ള നിധിയില്‍ കേന്ദ്ര ബജറ്റിലൂടെ 15,000 കോടി അധികം വകയിരുത്തിയെന്നാണ് വാര്‍ത്തകള്‍. റവന്യൂകമ്മി സഹായ നിധിയില്‍ ധനകമ്മിഷന്‍ 74,000 കോടി രൂപ നിര്‍ദേശിച്ചു. കേന്ദ്രം നീക്കിവച്ചത് 30,000 കോടിയും. ഫലത്തില്‍ കേരളത്തിന്റെ വിഹിതം 5,000 കോടിയില്‍ ഒതുങ്ങും. ചരിത്രത്തിലാദ്യമായാണ് ധന കമ്മിഷന്‍ റിപ്പോര്‍ട്ട് കേന്ദ്രം ഇത്തരത്തില്‍ അവഗണിക്കുന്നത്.
വിവിധ സംസ്ഥാനങ്ങളിലെ ബി.ജെ.പിയുടെ പരാജയമാണ് ഈ ശത്രുതാമനോഭാവത്തിന് കാരണം. ജി.എസ്.ടി നഷ്ടപരിഹാരവും നിര്‍ത്തല്‍ ഭീഷണിയിലായി. ഈ സംസ്ഥാനങ്ങളുടെ യോജിപ്പിലൂടെയും ജനകീയ അഭിപ്രായം വളര്‍ത്തിയുമുള്ള പ്രതിരോധമാണ് വേണ്ടതെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."