ശുചിത്വതീരം പദ്ധതി ഊര്‍ജിതമായി നടപ്പിലാക്കുമെന്ന്
കൊച്ചി: തീരപ്രദേശത്തെ മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് ശുദ്ധജലം, സുരക്ഷിതമായ ടോയ്‌ലെറ്റ്, ശുചിത്വബോധം എന്നിവ പ്രദാനം ചെയ്യുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ചിട്ടുള്ള ശുചിത്വതീരം പദ്ധതി ജില്ലയില്‍ ഊര്‍ജിതമായി നടപ്പിലാക്കാന്‍ കലക്ടര്‍ എം. ജി. രാജമാണിക്യം, ജില്ല പഞ്ചായത്ത് പ്രസിഡന്റ് ആശ സനല്‍ എന്നിവരുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന ഉദ്യോഗസ്ഥതല യോഗം തീരുമാനിച്ചു.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, ഫിഷറീസ് വകുപ്പ് എന്നിവര്‍ ചേര്‍ന്ന് ശുചിത്വമിഷന്‍, ക്ലീന്‍കേരള കമ്പനി, കുടുംബശ്രീ, സാഫ്, ഫിഷറീസ് സംഘങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സന്നദ്ധ സംഘടനകള്‍ എന്നിവയേയും പൊതുസമൂഹത്തെയും ഉള്‍പ്പെടുത്തി ആറുമാസത്തിനുള്ളില്‍ ശക്തമായ ബോധവത്കരണ പരിപാടികള്‍ നടപ്പിലാക്കാന്‍ യോഗം തീരുമാനിച്ചു.
ഇതനുസരിച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ അധ്യക്ഷതയില്‍ ജില്ലയിലെ മുഴുവന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും അധ്യക്ഷന്‍മാരുടെ യോഗം ഉടന്‍ വിളിച്ചുകൂട്ടും. ജില്ലയിലെ തീരമേഖലയില്‍ ടോയ്‌ലെറ്റ് ഇല്ലാത്തവരുടെ എണ്ണം ശേഖരിക്കും. കുടുംബശ്രീയുമായി സഹകരിച്ച് പ്ലാസ്റ്റിക് മാലിന്യം നീക്കുന്നതിനും നടപടികള്‍ ആരംഭിക്കും. ടോയ്‌ലെറ്റ് വിവരം കൂടാതെ മാലിന്യ സംസ്‌കരണ സംവിധാനം, പൈപ്പ് കമ്പോസ്റ്റ്, ബയോഗ്യാസ് പ്ലാന്റ് എന്നിവയുടെ ആവശ്യകതയും ശേഖരിക്കും. മത്‌സ്യത്തൊഴിലാളി അധിവാസ കേന്ദ്രങ്ങളില്‍ 25 വീട്ടുകാര്‍ ഉള്‍പ്പെടുന്ന കുടുംബയോഗങ്ങള്‍ വിളിച്ചുചേര്‍ക്കും.
മൂന്നുമാസം വരുന്ന രണ്ടാംഘട്ടത്തില്‍ ഈ അടിസ്ഥാന രേഖപ്രകാരം ആവശ്യമായി വരുന്ന ടോയ്‌ലെറ്റുകള്‍, മാലിന്യസംസ്‌കരണ സംവിധാനങ്ങള്‍, മഴവെള്ള സംഭരണികള്‍, മാലിന്യ സംസ്‌കരണ ബിന്നുകള്‍ എന്നിവ വിതരണം ചെയ്യും. ജൈവമാലിന്യങ്ങള്‍ ഉറവിടങ്ങളില്‍ത്തന്നെ സംസ്‌കരിക്കുന്നതിനു ശീലിപ്പിക്കുക, പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കുന്നതിനു കഴിവതും തുണി സഞ്ചികള്‍ വിതരണം ചെയ്യുക, തൊഴിലുറപ്പു പദ്ധതികള്‍ പ്രകാരം തീരമേഖലയിലെ ചെറുതോടുകള്‍, കുളങ്ങള്‍ എന്നിവ പ്ലാസ്റ്റിക് മുക്തമാക്കി ചെളി, ഇതര മാലിന്യങ്ങള്‍ നീക്കി ഉപയോഗ്യമാക്കുക തുടങ്ങി ജോലികള്‍ പൂര്‍ത്തിയാക്കും. യോഗത്തില്‍ വിവിധ വകുപ്പുകളുടെ പ്രതിനിധികള്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."