മാവറിഞ്ഞു മാമ്പഴം കഴിക്കാന്‍ മാമ്പഴ മേള
മീനങ്ങാടി: കേട്ടതും കേള്‍ക്കാത്തതും കണ്ടതും കാണാത്തതുമായ മാമ്പഴങ്ങളുമായി ഒരു മാമ്പഴ മേള. മീനങ്ങാടി മാനന്തവാടി റോഡില്‍ ആയിഷ കോംപ്ലക്സിന് എതിര്‍വശത്തായാണ് മലബാര്‍ മാവ് കര്‍ഷക സമിതിയുടെയും എസ്പോസല്‍ കൗണ്‍സില്‍ ഓഫ് റിസോഴ്സിന്റെയും നേതൃത്വത്തില്‍ ഒരു മാസം നീണ്ടുനില്‍ക്കുന്ന വൈവിധ്യ ഉല്‍പ്പന്നങ്ങളുടെ മേള നടക്കുന്നത്. മീനങ്ങാടിയില്‍ ആദ്യമായെത്തുന്ന മേളയില്‍ കുറ്റിയാട്ടൂര്‍, പാലക്കോടന്‍ നാടന്‍, മൂവാണ്ടന്‍, കിളിച്ചുണ്ട, ബാങ്കനപ്പള്ളി, സിന്ദൂരം, നീലം, ഹുദാദത്ത്, ചക്കരക്കുട്ടി, താളി, ആഫൂസ്, സോത്ത, ചീരി തുടങ്ങി അറിഞ്ഞതും അറിയാത്തതുമായ പതിനഞ്ചോളം മാമ്പഴങ്ങളുടെ പ്രദര്‍ശനവും വിപണനവുമാണ് ഒരുക്കിയിട്ടുള്ളത്. കാര്‍ബൈഡും, രാസവസ്തുക്കളുമിട്ട് പഴുപ്പിക്കുന്ന മാമ്പഴങ്ങളില്‍ നിന്നും വ്യത്യസ്തമായി നാടന്‍ രീതിയില്‍ പഴുപ്പിച്ച മാമ്പഴങ്ങളാണ് മേളയുടെ പ്രത്യേകത. ഇതിന് പുറമെ കേരള കാര്‍ഷിക സര്‍വകലാശാല ഉത്തരമേഖലാ ഗവേഷണ കേന്ദ്രം പീലിക്കോടിന്റെയും ഖാദി ബോര്‍ഡിന്റെയും സഹായത്തോടെ പ്രവര്‍ത്തിക്കുന്ന വിവിധ യൂനിറ്റുകളുടെ വിവിധങ്ങളായ ഉല്‍പ്പന്നങ്ങളും മേളയുടെ പ്രത്യേകതയാണ്. ഉദ്ഘാടനം ഐ.സി ബാലകൃഷ്ണന് എം.എല്‍.എ നിര്‍വഹിച്ചു. ബീന വിജയന് അധ്യക്ഷയായി. മേളയിലെ ആദ്യ വില്‍പ്പന സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതാ ശശി നിര്‍വഹിച്ചു. ബേബി വര്‍ഗീസ്, ശോഭന സുരേഷ്, ലിസ്സി പൗലോസ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."