മാധ്യമപ്രവര്‍ത്തകനെ ആക്രമിച്ച് വീട്ടില്‍ കൊള്ള: പ്രധാന പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി
കണ്ണൂര്‍: മാധ്യമപ്രവര്‍ത്തകനെയും ഭാര്യയെയും ആക്രമിച്ച് വീടു കൊള്ളയടിച്ച സംഭവത്തില്‍ പ്രധാന പ്രതിയായ ബംഗ്ലാദേശി കൊള്ളത്തലവന്റെ അറസ്റ്റ് കണ്ണൂര്‍ പൊലിസ് രേഖപ്പെടുത്തി. ബംഗ്ലാ ഗാങില്‍പ്പെട്ട ഇല്യാസ് ഷിക്കാരി(36)യുടെ അറസ്റ്റാണ് ഇന്നലെ ഡിവൈ.എസ്.പി പി.പി സദാനന്ദന്‍ രേഖപ്പെടുത്തിയത്.
മാതൃഭൂമി ന്യൂസ് എഡിറ്റര്‍ കെ. വിനോദ് ചന്ദ്രനെയും ഭാര്യയെയും ആക്രമിച്ച് കവര്‍ച്ച ചെയ്ത സംഘത്തിലെ പ്രധാനിയായ ഇല്യാസ് ഷിക്കാരി മൂന്നു കൊലക്കേസുകളിലും നിരവധി കവര്‍ച്ചാ കേസുകളിലും പ്രതിയാണെന്ന് പൊലിസ് പറഞ്ഞു. ഇല്യാസ് ഖാന്‍, സജീവ് എന്നീ പേരുകളില്‍ അറിയപ്പെടുന്ന പ്രതിയെ കൊല്‍ക്കത്ത വിമാനത്താവളത്തില്‍ കഴിഞ്ഞ വ്യാഴാഴ്ചയാണ് എമിഗ്രേഷന്‍ വിഭാഗം പിടികൂടിയത്. അവര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് അവിടെയെത്തിയ പൊലിസ് പ്രതിയെ കണ്ണൂരിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
2018 ജനുവരി 22നു ഹൂബ്ലി അശോക് നഗര്‍ പൊലിസ് സ്റ്റേഷന്‍ പരിധിയില്‍ റിട്ട. ബാങ്ക് ഉദ്യോഗസ്ഥന്റെ വീടു കൊള്ളയടിച്ചത് ഇല്യാസ് അടങ്ങുന്ന സംഘമാണ്. ഇതേ രീതിയിലാണ് കണ്ണൂരിലും വീടു കൊള്ളയടിച്ചത്. ഇല്യാസ് കൂടി അറസ്റ്റിലായതോടെ ഈ കേസില്‍ നാലുപേര്‍ അറസ്റ്റിലായി. ഇതില്‍ ആദ്യം അറസ്റ്റിലായ ഹിലാലിന് ജാമ്യം ലഭിച്ചിരുന്നു.
കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചുകഴിഞ്ഞു. മറ്റൊരു പ്രതി അലംകീര്‍ ഇപ്പോള്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ റിമാന്‍ഡിലാണ്.
ഈ കേസിലെ മറ്റൊരു പ്രതിയായ മാണിക് സര്‍ക്കാര്‍ ഒരാഴ്ച മുന്‍പ് കോടതിയില്‍ കൊണ്ടുപോകും വഴി രക്ഷപ്പെട്ടിരുന്നു. എന്നാല്‍ ഇയാളെ പിന്നീട് പൊലിസ് കണ്ടെത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."