നോട്ട് അസാധുവാക്കലിന്റെ ഫലം; ബാങ്കുകളില്‍ ഇടപാടു നടത്താന്‍ മാര്‍ച്ച് ഒന്നു മുതല്‍ അധിക ചാര്‍ജ്ജ്
ന്യൂഡല്‍ഹി: നോട്ട് പിന്‍വലിക്കലിന്റെ പ്രത്യാഘാതങ്ങള്‍ വീണ്ടും. മാര്‍ച്ച് ഒന്നു മുതല്‍ വിവിധ ബാങ്കുകളില്‍ ഇടപാടുകള്‍ക്ക് അധിക നിരക്ക് നല്‍കേണ്ടി വരും. നിശ്ചിത പരിധിയില്‍ കവിഞ്ഞ പണ ഇടപാടുകള്‍ക്കാണ് പ്രമുഖ ബാങ്കുകള്‍ ചാര്‍ജ്ജ് ഏര്‍പ്പെടുത്തുന്നത്.
നിശ്ചിത പരിധി കഴിഞ്ഞാല്‍ ഓരോ 1000 രൂപയ്ക്കും 5 മുതല്‍ 150 രൂപ വരെ ഈടാക്കുമെന്ന് എച്ച്.ഡി.എഫ്.സി ബാങ്കുകള്‍ അവരുടെ ഉപഭോക്താക്കള്‍ക്ക് സന്ദേശം അയച്ചു. പണമായുള്ള നിക്ഷേപത്തിനും പിന്‍വലിക്കലിനും ഇതു ബാധകമായിരിക്കും. ഒരു മാസത്തില്‍ രണ്ടു ലക്ഷമാണ് എച്ച്.ഡി.എഫ്.സി ബാങ്ക് പരിധി വച്ചിരിക്കുന്നത്.
അതായത് മാസത്തില്‍ രണ്ടു ലക്ഷം വരെയുള്ള സംഖ്യ പിന്‍വലിക്കാനോ നിക്ഷേപിക്കാനോ ഒരു പണവും അധികമായി ഈടാക്കേണ്ടി വരില്ല. ഹോം ബ്രാഞ്ച് അല്ലെങ്കില്‍ മറ്റു ബാങ്കുകളില്‍ ദിനേന പിന്‍ലിക്കാവുന്ന പരമാവധി തുക 25,000 ആയും നിശ്ചയിച്ചു. ഇതില്‍ക്കൂടുതല്‍ വേണമെങ്കില്‍ അധിക നിരക്ക് ഈടാക്കും.
ഐ.സി.ഐ.സി.ഐ ബാങ്കും സമാനമായ ചാര്‍ജ്ജ് ഈടാക്കാനാണ് പദ്ധതിയിടുന്നത്. എല്ലാ അഞ്ചാമത്തെ ഇടപാടിലും ഓരോ 1000 രൂപയ്ക്കും 5 മുതല്‍ 150 രൂപ വരെ അധികം ഈടാക്കും. ഇവിടെ ഇടപാട് തുകയുടെ പരിധി നിശ്ചയിട്ടില്ല.
അഞ്ച് ഇടപാടു വരെയോ അല്ലെങ്കില്‍ പത്തു ലക്ഷം രൂപ വരെയോ സൗജന്യമായി ഇടപാടു നടത്താമെന്നാണ് ആക്‌സിസ് ബാങ്കിന്റെ നിബന്ധന. ഈ പരിധി കഴിഞ്ഞാല്‍ അധിക ചാര്‍ജ്ജ് ഈടാക്കും.
ഡിജിറ്റല്‍ സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിക്കാനാണ് നടപടിയെന്നാണ് ബാങ്കുകളുടെ വിശദീകരണം. അതേസമയം, ചില ബാങ്കുകളില്‍ ഇപ്പോഴും ആവശ്യത്തിന് പണം ലഭിക്കാത്ത അവസ്ഥയുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."