കുളമ്പുരോഗം: പ്രതിവര്‍ഷം നഷ്ടം 4300 കോടി
കോഴിക്കോട്: കുളമ്പുരോഗ പ്രതിരോധ കുത്തിവയ്പ് പദ്ധതി 'ഗോരക്ഷ'യ്ക്ക് ജില്ലയില്‍ തുടക്കമായി. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ സഹായത്തോടെ മൃഗസംരക്ഷണ വകുപ്പാണു പദ്ധതി നടപ്പാക്കുന്നത്. 2004ലാണ് സംസ്ഥാനത്തു പദ്ധതിക്ക് തുടക്കം കുറിച്ചത്. ആറുമാസത്തിലൊരിക്കല്‍ നടപ്പാക്കുന്ന പദ്ധതിയുടെ 25-ാം ഘട്ടത്തിനാണ് ഇന്നലെ തുടക്കമായത്. അതേസമയം പശുക്കളുടെ എണ്ണത്തിലും പാലുല്‍പാദനത്തിലും മുന്നില്‍ നില്‍ക്കുന്ന രാജ്യത്തു കുളമ്പുരോഗം വലിയ ഭീഷണിയാണ് സൃഷ്ടിക്കുന്നത്. പാലുല്‍പാദനം കുറഞ്ഞതിനാല്‍ പ്രതിവര്‍ഷം 4300 കോടിയുടെ സാമ്പത്തിക നഷ്ടമാണ് ഉണ്ടാകുന്നത്. കുളമ്പുരോഗം ബാധിക്കുന്ന മൃഗങ്ങളില്‍ പ്രതിരോധ കുത്തിവയ്‌പെടുക്കുകയും 75 ശതമാനം അധികം പ്രതിരോധശേഷി ഉറപ്പാക്കി ഹേര്‍ഡ് ഇമ്മ്യൂണിറ്റി നേടുകയുമാണു ലക്ഷ്യമിടുന്നത്. നിലവില്‍ 140731 കാലികള്‍ക്കാണ് കുത്തിവയ്പ് നല്‍കുക. ഇവയില്‍ 4343 പോത്തുകളും 2848 പന്നികളും ഉള്‍പ്പെടും. ജില്ലയില്‍ കുത്തിവയ്പിനായി 141 സ്‌ക്വാഡുകള്‍ രൂപീകരിച്ചിട്ടുണ്ട്. ഒരു ലൈവ് സ്റ്റോക്ക് ഇന്‍സ്‌പെക്ടറും അറ്റന്ററും അടങ്ങിയതാണ് സ്‌ക്വാഡ്. ഇവര്‍ ഓരോ കര്‍ഷകനെയും സമീപിച്ച് കാലികളെ കുത്തിവയ്പിനു വിധേയരാക്കും. പശുവിന്റെ ചെവിയില്‍ കമ്മലിടുകയും ചെയ്യും. ഗര്‍ഭധാരണത്തിനുള്ള കുത്തിവയ്പും ഇന്‍ഷുറന്‍സ് പരിരക്ഷയുമടക്കം സര്‍ക്കാരിന്റെ എന്ത് ആനുകൂല്യം ലഭിക്കാനും ഇയര്‍ടാഗ് അഥവാ കമ്മല്‍ നിര്‍ബന്ധമാണ്.
പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി നിര്‍വഹിച്ചു. എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ക്ഷീരസഹകരണ സംഘടനകള്‍, ക്ഷീരവികസന വകുപ്പ്, മില്‍മ എന്നിവരും പദ്ധതിയില്‍ പങ്കാളികളാകുമെന്ന് ജില്ലാ കോഡിനേറ്റര്‍ ഡോ. സി. സലാഹുദ്ദീന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."