വേനലില്‍ കരിഞ്ഞുണങ്ങി പാടശേഖരം കര്‍ഷകര്‍ സ്വന്തം ചെലവില്‍ വെള്ളമെത്തിച്ചു
മാന്നാര്‍: വെള്ളമില്ലാതെ കരിഞ്ഞുണങ്ങിയ ചെന്നിത്തല പുഞ്ചയില്‍ കര്‍ഷകര്‍ സ്വന്തം ചെലവില്‍ വെള്ളമെത്തിച്ച് തുടങ്ങി. ചെന്നിത്തല ആറാം വാര്‍ഡ് ബ്ലോക്കിലെ 150 ഏക്കറാണ് ഒരാഴ്ചയായി വെള്ളമില്ലാതെയിരുന്നത്.
നെല്ല് വിതച്ച് 80 ദിവസങ്ങള്‍ക്ക് മുകളിലായി പട്ടാളപ്പുഴുവിന്റേയും പറവകളുടേയും ആക്രമണത്തില്‍ നെല്ല് നശിച്ച നഷ്ടത്തില്‍ നിന്നും ഒരുവിധം കരകയറിയപ്പോളാണ് ജലക്ഷാമം ഉണ്ടായത്.
പാടത്തോട് ചേര്‍ന്ന് അച്ചന്‍ കോവിലാറിന്റെ കൈവഴിത്തോടായ പുത്തനാറില്‍ നിന്നും വെള്ളം പമ്പ് ചെയ്ത് പാടത്തേക്ക് കയറ്റിയെങ്കിലും അച്ചന്‍കോവിലാറുവഴി പുത്തനാറ്റിലും പരിസര പ്രദേശത്തുമുള്ള തോടുകളിലും ഉപ്പ് വെള്ളം കയറി പാടത്ത് ബാധിച്ചതോടെയാണ് ഇവിടുത്തെ നെല്ല് കരിഞ്ഞുണങ്ങാന്‍ തുടങ്ങിയത്.
പി.ഐ.പി കനാല്‍ വഴി ജലമെത്തിക്കണമെന്നുള്ള കര്‍ഷകാവശ്യം ക്യഷി വകുപ്പോ, സര്‍ക്കാരോ പരിഗണിക്കാത്ത സാഹചര്യത്തിലാണ് ഇവിടുത്തെ കര്‍ഷകര്‍ നെല്‍ ക്യഷിയെ രക്ഷിക്കാന്‍ വിവിധ പദ്ധതികളാവിഷ്‌ക്കരിച്ചത്.
പാടശേഖരം ചെന്നിത്തല- ത്യപ്പെരുന്തുറ ഗ്രാമപഞ്ചായത്തംഗം ജിജുജോര്‍ജ്, ഷിന്റോ കാവാലം എന്നിവരുടെ മേല്‍ നോട്ടത്തില്‍ പാട്ടത്തിനെടുത്ത് ക്യഷി ചെയ്യുന്നത്. ഇവര്‍ പമ്പയാററില്‍ നിന്നും 10,000 ലിറ്റര്‍ ശേഷിയുള്ള കൂറ്റന്‍ ടാങ്കില്‍ വെളളം മോട്ടോര്‍ ഉപയോഗിച്ച് നിറച്ച് പാടത്ത് തളിച്ച് തുടങ്ങി. ഒരു തവണ വെള്ളമെത്തിക്കാന്‍ ആയിരത്തി അഞ്ഞൂറ് രൂപയാകും.
ഇങ്ങിനെ ഒരു ദിവസം എട്ട് തവണ മാത്രമേ വെള്ളമെത്തിച്ച് പാടം നയ്ക്കുവാന്‍ സാധിക്കുകയുളളു.
കരയോട് ചേര്‍ന്ന ഭാഗത്താണ് വെള്ളം തളിയ്ക്കുന്നത്. കൂടുതല്‍ ഹോസ് ഉപയോഗിച്ച് പാടം മുഴുവന്‍ വ്യാപിപ്പിക്കുവാനാണ് പദ്ധതി. കൊയ്ത്തിനു പത്ത് ദിവസം മുന്‍പ് വരെ വെള്ളം പാടത്ത് എത്തിക്കാനാണു ശ്രമമെന്ന് കര്‍ഷകര്‍ പറഞ്ഞു.
അതേ സമയം അധികൃതര്‍ തിരിഞ്ഞ് നോക്കാത്തതില്‍ കര്‍ഷകര്‍ രോഷാകുലരാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."