കടലോരത്തിന് ഇനി വറുതിക്കാലം
കാസര്‍കോട്: സംസ്ഥാനത്ത് മണ്‍സൂണ്‍കാല ട്രോളിങ് നിരോധനം ഇന്ന അര്‍ധരാത്രി മുതല്‍ നിലവില്‍ വരും. ഇതോടെ തീരം വറുതിയുടെ പിടിയിലാവും. മണ്‍സൂണ്‍കാല നിരോധനം നിലവില്‍ വരുന്നതോടെ ആഴക്കടല്‍ മത്സ്യബന്ധനവും യന്ത്രവല്‍കൃതബോട്ടുകള്‍ കൊണ്ടുള്ള മീന്‍പിടുത്തവും രണ്ടുവലകള്‍ ഉപയോഗിച്ചുള്ള പെയര്‍ ട്രോളിങും നിലക്കും. ജൂലൈ 31 വരെ 47 ദിവസമാണ് ട്രോളിങ് നിരോധനമുള്ളത്. ചെറുവള്ളങ്ങള്‍ക്ക് കടലില്‍ പോകാമെങ്കിലും കാലവര്‍ഷം കനത്തതോടെ ഇത് സാധ്യമാവില്ല. ഇതോടെയാണ് വരും ദിവസങ്ങളില്‍ കടലോരം പൂര്‍ണമായും വറുതിയിലാകും.
ഈ സമയങ്ങളില്‍ പട്ടിണി കൂടാതെ കഴിയാനുള്ള മറ്റുവഴികള്‍ തേടുകയാണ് മത്സ്യതൊഴിലാളികള്‍. കോരുവലയും ചൂണ്ടയും ഉപയോഗിച്ചുള്ള കടല്‍ മത്സ്യ ബന്ധനവും പുഴയിലെ മീന്‍ പിടുത്തവുമാണ് പ്രധാന ആശ്രയം. ചുരുക്കം ചിലര്‍ കൂലിപണിക്കും പോകുമെങ്കിലും ട്രോളിഹ് നിരോധനകാലം ചുരുക്കത്തില്‍ മത്സ്യതൊഴിലാളികള്‍ക്ക് വറുതിക്കാലം തന്നെയാണ്.
എന്നാല്‍ കേരളതീരത്ത് മത്സ്യബന്ധനം സാധ്യമാകാത്ത ഘട്ടത്തില്‍ വിദേശ ബോട്ടുകള്‍ കൃത്യമായി മത്സ്യ ബന്ധനം നടത്തുന്നുണ്ടെന്നും മണ്‍സൂണ്‍ കാലത്ത് കേരളതീരത്തെത്തുന്ന ചെമ്മീനും മത്സ്യക്കൂട്ടവും ഇവര്‍ പിടിച്ചെടുക്കുന്നതായും മത്സ്യതൊഴിലാളികള്‍ ആരോപിക്കുന്നു. നാട്ടുകാരെ ഒഴിവാക്കി വന്‍കിട വിദേശ ട്രോളറുകള്‍ക്കു മത്സ്യ സമ്പത്ത് കൊള്ളയടിക്കാനുള്ള നീക്കമാണ് ട്രോളിങ് നിരോധത്തിലൂടെ നടപ്പിലാവുന്നതെന്നാണ് മത്സ്യതൊഴിലാളികളുടെ ആക്ഷേപം.
മുന്‍ വര്‍ഷങ്ങളില്‍ ട്രോളിങ് നിരോധന കാലഘട്ടത്തില്‍ മത്സ്യതൊഴിലാളികള്‍ക്ക് സൗജന്യറേഷന്‍ പ്രഖ്യാപിക്കാറുണ്ട്. എന്നാല്‍ ഇക്കുറി ഇതുവരെ തീരുമാനം ആയിട്ടില്ല. കടല്‍ പ്രക്ഷുബ്ധമാവുന്ന ഘട്ടത്തില്‍ കടല്‍ രക്ഷാ പ്രവര്‍ത്തനത്തിന് ജില്ലയില്‍ വിപുലമായ സൗകര്യങ്ങള്‍ ഒരുക്കാറുണ്ടെങ്കിലും അതൊന്നും ഫലവത്താവാറില്ലെന്നും ചെറുതോണികള്‍ കടലില്‍ അപകടത്തില്‍പ്പെട്ടാല്‍ പലപ്പോഴും വളരെ വൈകിയാണ് രക്ഷാപ്രവര്‍ത്തനം നടക്കാറെന്നും മത്സ്യതൊഴിലാളികള്‍ക്ക് പരാതിയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."