വിദേശങ്ങളിൽ നിന്ന് വരുന്നവർ ചൈന സന്ദർശിച്ചവരാണെങ്കിൽ റിപ്പോർട്ട് ചെയ്യണമെന്ന് സഊദി അറേബ്യ
റിയാദ്: വിദേശ രാജ്യങ്ങളിൽ നിന്ന് സഊദിയിലേക്ക് വരുന്നവർ അടുത്തിടെ ചൈന സന്ദർശിച്ചവരാണെങ്കിൽ അധികൃതർക്ക് റിപ്പോർട്ട് നൽകണമെന്ന് സഊദി ജവാസാത്ത് വിഭാഗം അറിയിച്ചു. സഊദിയിൽ എത്തുന്നതിന് പതിനഞ്ചു ദിവസം മുമ്പ് ചൈനയിലുണ്ടായിരുന്നെങ്കിൽ ഇക്കാര്യം എയർപോർട്ടുകളും തുറമുഖങ്ങളും കരാതിർത്തികളും അടക്കമുള്ള അതിർത്തി പ്രവേശന കവാടങ്ങളിലെ ജവാസാത്ത് ഉദ്യോഗസ്ഥർക്കു മുന്നിൽ നിർബന്ധമായും വെളിപ്പെടുത്തണമെന്നാണ് സഊദി പാസ്പോർട്ട് വിഭാഗം മുന്നറിയിപ്പ് നൽകിയത്. വിദേശങ്ങളിൽനിന്ന് സൗദിയിലേക്ക് വരുന്ന എല്ലാവരും ഇത് നിർബന്ധമായും പാലിച്ചിരിക്കണമെന്നും ജവാസാത്ത് വ്യക്തമാക്കി.
കൊറോണ വൈറസ് വ്യാപകമായ സാഹചര്യത്തിലാണ് മുന്കരുതലെന്ന നിലയിൽ സഊദി ജവാസാത്ത് നീക്കം. സഊദി ആരോഗ്യ മന്ത്രാലയവും ശക്തമായ നടപടികളാണ് കൊറോണക്കെതിരെ സ്വീകരിച്ച് വരുന്നത്. ഇതിന്റെ ഭാഗമായി മുൻകരുതൽ നടപടികളെ കുറിച്ച് ആരോഗ്യ മന്ത്രാലയം ബോധ വൽക്കരണം ആരംഭിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."