നാമിനെ കൊന്നത് കിം ജോങ് ഉന്നിന്റെ നിര്‍ദേശപ്രകാരം?
സിയോള്‍: ഉത്തര കൊറിയന്‍ പ്രസിഡന്റ് കിം ജോങ് ഉന്നാണ് അദ്ദേഹത്തിന്റെ അര്‍ധസഹോദരന്‍ കിം ജോങ് നാമിന്റെ കൊലപാതക്കിന് ഉത്തരവിട്ടതെന്നു വെളിപ്പെടുത്തല്‍. ഉന്നിന്റെ നിര്‍ദേശപ്രകാരം രണ്ട് ഉത്തര കൊറിയന്‍ മന്ത്രിമാരാണു കൊലപാതകത്തിന്റെ നടപടികള്‍ നടത്തിയതെന്നാണു വാര്‍ത്ത.
ദക്ഷിണ കൊറിയന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ നാഷനല്‍ ഇന്റലിജന്‍സ് സര്‍വിസാണ് വാര്‍ത്ത പുറത്തുവിട്ടത്. നാമിന്റെ കൊലപാതകത്തിനു പിന്നില്‍ സംശയിക്കുന്ന എട്ടില്‍ നാലുപേരും പോങ്യാങ്ങിലെ മന്ത്രാലയുവുമായി നേരിട്ടു ബന്ധമുള്ളവരാണെന്നം റിപ്പോര്‍ട്ടില്‍ പറയുന്നു.
കിം ജോങ് നാമിന്റെ കൊലപാതകം കിം ജോങ് ഉന്നിന്റെ നിര്‍ദേശപ്രകാരമുള്ള ആസൂത്രിതവും വ്യവസ്ഥാപിതവുമായ നടപടിയായിരുന്നുവെന്ന് ദക്ഷിണ കൊറിയന്‍ പാര്‍ലമെന്റ് അംഗം കിം ബ്യൂങ് കീ ആരോപിച്ചു. രണ്ട് കൊലപാതക സംഘങ്ങളും ഒരു സഹായ സംഘവും ചേര്‍ന്നാണു കൃത്യം നടത്തിയതെന്നും അദ്ദേഹം ആരോപിച്ചു.
ഈ മാസം 13നാണ് കിം ജോങ് ഉന്നിന്റെ അര്‍ധസഹോദരനായ കിം ജോങ് നാം മലേഷ്യയിലെ ക്വാലാലംപൂര്‍ വിമാനത്താവളത്തില്‍ വച്ചു കൊല്ലപ്പെട്ടത്. ചൈനയിലെ മക്കാവുവിലേക്കു യാത്ര തിരിക്കവെയായിരുന്നു സംഭവം. വന്‍ വിഷവസ്തുവായ വി.എക്‌സ് രാസായുധം പ്രയോഗിച്ചായിരുന്നു കൃത്യം നടത്തിയതെന്നു കഴിഞ്ഞ ദിവസം വാര്‍ത്ത പുറത്തുവന്നിരുന്നു.
സംഭവത്തില്‍ കൃത്യം നടത്തിയെന്നു പറയുന്ന രണ്ടു സ്ത്രീകളെയും ഒരാളുടെ കാമുകനെയും മലേഷ്യന്‍ പൊലിസ് പിടികൂടിയിരുന്നു. എന്നാല്‍, നാമിന്റെ മൃതദേഹം ഇതുവരെ മലേഷ്യന്‍ അധികൃതര്‍ ഉത്തര കൊറിയക്കു കൈമാറിയിട്ടില്ല. സംഭവത്തിനു പിന്നില്‍ രാഷ്ട്രീയ ഇടപെടലുണ്ടെന്നും ഇന്റര്‍പോളിന്റേതടക്കമുള്ള സഹായത്താല്‍ അന്വേഷണം നടത്തണമെന്നുമാണ് മലേഷ്യ ആവശ്യപ്പെട്ടത്.
എന്നാല്‍, നാമിന്റേത് സ്വാഭാവിക മരണമാണെന്നും ഇതിനെ ദക്ഷിണ കൊറിയയോടൊപ്പം ചേര്‍ന്ന് രാഷ്ട്രീയവല്‍ക്കരിക്കാനാണ് മലേഷ്യയുടെ ശ്രമമെന്നും ഉത്തര കൊറിയന്‍ അധികൃതര്‍ പ്രതികരിച്ചു. അന്വേഷണവുമായി സഹകരിക്കണമെന്ന് ആവശ്യപ്പെട്ട് മലേഷ്യന്‍ സര്‍ക്കാര്‍ ഉത്തര കൊറിയന്‍ അധികൃതര്‍ ഔദ്യോഗിക തലത്തില്‍ കത്തയച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."