ദേശീയ ഗെയിംസ്; വെള്ളി, വെങ്കല മെഡല്‍ ജേതാക്കള്‍ക്ക് പൊതുമേഖലാ സ്ഥാപനങ്ങളില്‍ നിയമനം
തിരുവനന്തപുരം: 35ാമത് ദേശീയ ഗെയിംസില്‍ ടീമിനങ്ങളില്‍ വെള്ളി, വെങ്കലം മെഡലുകള്‍ നേടിയ 83 കായികതാരങ്ങള്‍ക്കു ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങളില്‍ സൂപ്പര്‍ ന്യൂമററി തസ്തികകള്‍ സൃഷ്ടിച്ച് നിയമനം നല്‍കുന്നകാര്യം സര്‍ക്കാര്‍ പരിശോധിച്ചുവരികയാണെന്ന് മന്ത്രി എ.സി.മൊയ്തീന് നിയമസഭയെ അറിയിച്ചു.
സംസ്ഥാന ടീമിനുവേണ്ടി ഒളിംപിക്സ് നിലവാരം പുലര്‍ത്തുന്ന പ്രകടനം കാഴ്ചവച്ച അനില്‍ഡ തോമസ്, ആര്. അനു എന്നിവര്‍ക്ക് വനംവകുപ്പില്‍ സൂപ്പര്‍ ന്യൂമററി തസ്തിക സൃഷ്ടിച്ചു നിയമനം നല്‍കുന്നതിനുള്ള നടപടികള്‍ പൊതുഭരണവകുപ്പ് സ്വീകരിച്ചുവരികയാണ്. ദേശീയ ഗെയിംസില്‍ വ്യക്തിഗത മെഡല്‍ നേടിയവര്‍ക്കും ടീം ഇനങ്ങളില്‍ സ്വര്‍ണമെഡല്‍ നേടിയവര്‍ക്കും എല്‍.ഡി ക്ലാര്‍ക്ക് തസ്തികയില്‍ നിയമനം നല്‍കുന്നതിന് 68 സൂപ്പര്‍ ന്യൂമററി തസ്തികകള്‍ സൃഷ്ടിക്കും. സ്വര്‍ണമെഡല്‍ നേടിയ സജന് പ്രകാശ്, എലിസബത്ത് സൂസന് കോശി എന്നിവര്‍ക്ക് ഗസറ്റഡ് തസ്തികയായ ആംഡ് പൊലിസ് ഇന്‍സ്പെക്ടര്‍ തസ്തികയില്‍ ആഭ്യന്തരവകുപ്പ് നിയമനം നല്‍കിയിട്ടുണ്ട്. സ്പോര്‍ട്സ് ക്വാട്ട നിയമന പദ്ധതിപ്രകാരം 2010-14 കലണ്ടര്‍ വര്‍ഷങ്ങളിലെ 289 ഒഴിവുകളിലേക്ക് ഓണ്‍ലൈനായി ലഭിച്ച അപേക്ഷയുടെ അടിസ്ഥാനത്തില്‍ കരട് സെലക്ട് ലിസ്റ്റ് തയാറാക്കുന്നതിനായി പ്രത്യേകസെല്‍ രൂപീകരിക്കുന്നതിനുള്ള നടപടികളും പൊതുഭരണവകുപ്പില്‍ പുരോഗമിക്കുകയാണ്. 2015, 2016 വര്‍ഷങ്ങളിലെ ഒഴിവുകളിലേക്ക് നിയമനം നല്‍കുന്നതിനുള്ള നടപടികള്‍ ആരംഭിക്കുമെന്നും ടി.വി.രാജേഷിന്റെ സബ്മിഷന് മന്ത്രി മറുപടി നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."