ലീഗിലെ പ്രതിസന്ധി രൂക്ഷമാക്കി സൊസൈറ്റി തെരഞ്ഞെടുപ്പ്
തിരുവമ്പാടി: ഏറെ നാളത്തെ കാത്തിരിപ്പിനു ശേഷം പുനഃസംഘടനയിലൂടെ ഊര്‍ജം വീണ്ടെടുത്ത തിരുവമ്പാടി പഞ്ചായത്ത് മുസ്‌ലിം ലീഗില്‍ വീണ്ടും പ്രതിസന്ധി. തിരുവമ്പാടിയിലെ മാര്‍ക്കറ്റിങ് സൊസൈറ്റി തെരെഞ്ഞെടുപ്പില്‍ ലീഗിലെ ഒരു വിഭാഗത്തിന്റെ നിലപാടാണ് മറുവിഭാഗത്തിനെയും കോണ്‍ഗ്രസിനെയും ചൊടിപ്പിച്ചത്. ഇതേ തുടര്‍ന്ന് പഞ്ചായത്ത് മുസ്‌ലിം ലീഗില്‍ പ്രതിസന്ധി രൂക്ഷമായി.
കഴിഞ്ഞ ജൂലായ് അവസാനത്തിലാണ് മണ്ഡലം കമ്മിറ്റി ഇടപെട്ട് നിര്‍ജീവമായിരുന്ന പഞ്ചായത്ത് കമ്മിറ്റി പുനഃസംഘടിപ്പിച്ചത്. പഞ്ചായത്ത് കൗണ്‍സിലര്‍മാരല്ലാത്തവര്‍ക്ക് പോലും ഭാരവാഹിത്വം നല്‍കിയെന്ന് അന്ന് തന്നെ വിമര്‍ശനമുയര്‍ന്നിരുന്നു. പുനഃസംഘടനക്ക് ശേഷം സംസ്ഥാന സെക്രട്ടറിയെ പങ്കെടുപ്പിച്ച് സെപ്റ്റംബര്‍ 16ന് നടത്തിയ കണ്‍വന്‍ഷനില്‍ പ്രധാന ഭാരവാഹികള്‍ തന്നെ പങ്കെടുത്തിരുന്നില്ല.
പുനഃസംഘടന നടന്നെങ്കിലും പഞ്ചായത്ത് മുസ്‌ലിം ലീഗിന്റെ മിനുട്‌സ്, എക്കൗണ്ട് ബുക്കുള്‍പ്പടെയുള്ള രേഖകളും കൈമാറിയിരുന്നില്ല. ഇക്കാര്യങ്ങള്‍ മണ്ഡലം കമ്മിറ്റിയെ യഥാസമയം അറിയിച്ചിട്ടും അനങ്ങാപാറ നയം സ്വീകരിച്ചുവെന്നും പാര്‍ട്ടി അണികള്‍ക്കിടയില്‍ സംസാരമുണ്ട്. പാര്‍ട്ടി മുഖപത്രത്തിന് വേണ്ടി ഒന്നര വര്‍ഷം മുന്‍പ് പണം വാങ്ങിയവര്‍ക്ക് പോലും ഒരു കോപ്പി പോലും പത്രം കിട്ടിയില്ലത്രെ! ഈ ചേരിതിരിവിലേക്കാണ് മാര്‍ക്കറ്റിംഗ് സൊസൈറ്റിയിലേക്ക് തെരെഞ്ഞെടുപ്പ് വന്നത്. തിരുവമ്പാടിയില്‍ ഇടത് വലത് കക്ഷികള്‍ കാലങ്ങളായി സഹകരണ ബാങ്ക് മാര്‍ക്കറ്റിങ് സൊസൈറ്റികളിലേക്ക് പരസ്പരം മല്‍സരിക്കാറില്ല. അതിനാല്‍ തന്നെ സര്‍വിസ് സഹകരണ ബാങ്ക് പൂര്‍ണമായി എല്‍.ഡി.എഫും മാര്‍ക്കറ്റിങ് സൊസൈറ്റി യു.ഡി.എഫുമാണ് ഭരിക്കുന്നത്.
ഈ കീഴ്‌വഴക്കം മറികടന്നാണത്രെ നിലവിലെ പ്രസിഡന്റിന്റെ നേതൃത്വത്തില്‍ ദലിത് ലീഗ് സ്ഥാനാര്‍ഥി നോമിനേഷന്‍ കൊടുക്കാന്‍ ബാങ്കിലെത്തിയത്. ഇത് പാര്‍ട്ടിയുടെ ഒരു ഘടകം പോലും ആലോചിച്ചിട്ടില്ലാത്തതാണെന്നും പൊതുസമൂഹത്തിനു മുന്നില്‍ പാര്‍ട്ടിയെ നാണം കെടുത്താന്‍ ഒരു വിഭാഗം ശ്രമിക്കുകയാണെന്നും പരക്കെ സംസാരമുണ്ട്.
ഡിസംബര്‍ 22ന് ചേര്‍ന്ന എക്‌സിക്യുട്ടീവില്‍ മാര്‍ക്കറ്റിങ് സൊസൈറ്റി തെരെഞ്ഞെടുപ്പില്‍ ഒരു ജനറല്‍ സീറ്റ് അധികം ചോദിക്കാന്‍ തീരുമാനിച്ചിരുന്നു. ഇക്കാര്യം കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചെങ്കിലും അവര്‍ നിസ്സഹായത പ്രകടിപ്പിച്ചത്രെ.ഇതിനിടയില്‍ ചര്‍ച്ചക്ക് സാഹചര്യമുണ്ടാകുമെന്ന് കരുതി മുസ്‌ലിം ലീഗില്‍ നിന്ന് ഒരു വനിതയും ഡമ്മിയും ഉള്‍പ്പടെ നാല് പേര്‍ പത്രിക നല്‍കി. പിന്‍വലിക്കുന്നതിന്റെ തലേ ദിവസം ചേര്‍ന്ന എക്‌സിക്യുട്ടീവില്‍ ഒന്‍പതില്‍ അഞ്ച് പേര്‍ പങ്കെടുക്കുകയും വനിതാ സംവരണമൊഴികെയുള്ള സീറ്റുകളില്‍ നിന്ന് നോമിനേഷന്‍ പിന്‍വലിക്കാനും തീരുമാനിച്ചിരുന്നുവത്രെ.
ഇക്കാര്യം പ്രസിഡന്റ്, മണ്ഡലം കമ്മിറ്റി ഉള്‍പ്പടെയുള്ളവരെ യഥാസമയം അറിയിച്ചെങ്കിലും നോമിനേഷന്‍ പിന്‍വലിക്കാത്തതിനാലാണ് സൊസൈറ്റിയിലേക്ക് തെരെഞ്ഞെടുപ്പ് വേണ്ടി വന്നതെന്നും തിരുവമ്പാടിയിലെ യു.ഡി.എഫ് സംവിധാനം തകര്‍ക്കുന്ന നിലയിലേക്ക് പാര്‍ട്ടിയെ ചിലര്‍ നയിക്കുകയാണെന്നും ഇവര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."