കാടും മലയും താണ്ടി പ്രകൃതിയെ അറിയാന്‍ കുട്ടിപ്പൊലിസ്
കാസര്‍കോട്: പ്രകൃതിയുടെ സൗന്ദര്യം നുകരാന്‍ കാടും മലയും കുന്നുകളും താണ്ടി അഡൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ സ്റ്റുഡന്റ് പൊലിസ് കേഡറ്റുകള്‍. ജില്ലയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ റാണിപുരത്തെ ജൈവവൈവിധ്യം അടുത്തറിയുന്നതിനായി വനംവകുപ്പിന്റെ സാമൂഹ്യ വനവല്‍ക്കരണ വിഭാഗം സംഘടിപ്പിച്ച ഏകദിന പ്രകൃതിപഠന ക്യാപിലേക്കാണ് വനത്തിലൂടെ മൂന്നു മണിക്കൂര്‍ നീണ്ടുനിന്ന ട്രക്കിങ്ങും താണ്ടി ഇവര്‍ എത്തിയത്.
ചോലവനങ്ങളും പുല്‍മേടുകളുമടങ്ങിയ 'മാടത്തുമല'യുടെ ആവാസവ്യവസ്ഥയിലേക്കുള്ള മനുഷ്യന്റെ അനിയന്ത്രിത കടന്നു കയറ്റത്തിന്റെ നേര്‍കാഴ്ചകളും ക്യാപില്‍ വച്ച് പരിചയപ്പെടാന്‍ ഇവര്‍ക്ക് സാധിച്ചു. മലയിലെ പുല്ലുകളൊക്കെ കത്തിക്കരിഞ്ഞതും മലകയറ്റം ആരംഭിക്കുന്നിടത്ത് സ്വകാര്യറിസോര്‍ട്ട് നിര്‍മാണത്തിനായി കുന്നിടിക്കുന്ന മണ്ണുമാന്തിയന്ത്രങ്ങളും മലയുടെ സ്വാഭാവിക സൗന്ദര്യത്തെ നശിപ്പിക്കുന്നതായി ഇവര്‍ പറഞ്ഞു. എസ്.പി.സി പ്രോജക്ടിന്റെ ജില്ലാ നോഡല്‍ ഓഫിസര്‍ ഡിവൈ.എസ്.പി സിനി ഡെന്നിസ് ക്യാംപ് ഉദ്ഘാടനം ചെയ്തു. സോഷ്യല്‍ ഫോറസ്ട്രി ഓഫിസര്‍മാരായ എന്‍.വി സത്യന്‍, എസ്.എന്‍ രാജേഷ്, ടി.കെ. ലോഹിതാക്ഷന്‍, പരിസ്ഥിതി പ്രവര്‍ത്തകരായ പി.വി നിഷാന്ത്, വി.വി രവി, പക്ഷി നിരീക്ഷകനായ ശശിധരന്‍ മനേക്കര, എസ്.പി.സി എസ്.ഐ രവി, സിവില്‍ പൊലിസ് ഓഫിസര്‍മാരായ രമേശന്‍, പ്രശാന്ത്, അധ്യാപകരായ എ.എം അബ്ദുല്‍ സലാം, പി ഇബ്രാഹിം ഖലീല്‍, എ ഗംഗാധരന്‍, പി ശാരദ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."