ലഹരി വിമുക്തിയുടെ സന്ദേശവുമായി എക്‌സൈസ് സ്റ്റാള്‍
തിരുവനന്തപുരം: ലഹരി ഉപയോഗത്തിന്റെ ദൂഷ്യഫലങ്ങളും ലഹരിയുടെ പിടിയില്‍നിന്നു പുറത്തുകടക്കാനുള്ള മാര്‍ഗങ്ങളുമായി എക്‌സൈസ് വകുപ്പ് വസന്തോത്സവ നഗരിയില്‍ തുറന്ന സ്റ്റാള്‍ ശ്രദ്ധേയമാകുന്നു.
ലഹരി ഉപയോഗിച്ചാലുണ്ടാകുന്ന ആരോഗ്യ മാനസിക പ്രശനങ്ങള്‍, ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട നിയമവ്യവസ്ഥകള്‍, സാമൂഹ്യ പ്രശ്‌നങ്ങള്‍ എന്നിവ സംബന്ധിച്ച പോസ്റ്ററുകളും ചിത്രങ്ങളുമാണു സ്റ്റാളില്‍ ക്രമീകരിച്ചിട്ടുള്ളത്. ശ്രദ്ധയോടെ പ്രദര്‍ശനം കാണുന്നവര്‍ക്കായി അമ്പെയ്തും ബാസ്‌കറ്റ് ബോള്‍ എറിഞ്ഞും സമ്മാനം നേടാനുള്ള അവസരവുമുണ്ട്.
ബോധവല്‍ക്കരണവുമായി ബന്ധപ്പെട്ട സന്ദേശങ്ങള്‍ രേഖപ്പെടുത്തിയ വര്‍ണ ചക്രത്തില്‍ കൃത്യമായി അമ്പെയ്തു കൊള്ളിച്ചാലാണ് സമ്മാനം.
പല നിറത്തിലുള്ള റിങ്ങുകള്‍ ലഹരിമുക്ത പോസ്റ്ററുകള്‍ പതിച്ച ബോര്‍ഡിലേക്ക് എറിയാനും അവസരമുണ്ട്. കുട്ടികളും യുവാക്കളുമടക്കം നിരവധി പേര്‍ ഗെയിമുകള്‍ കളിക്കാനെത്തുന്നതുകൊണ്ട് വലിയ തിരക്കാണ് ഇവിടെ.
ലഹരിമരുന്നുപയോഗത്തിന്റെ ദൂഷ്യവശങ്ങള്‍ കാണിക്കുന്ന 30 ഓളം ചിത്രങ്ങള്‍ സ്റ്റാളില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ലഹരിക്കടിമയാകാന്‍ സാധ്യതയുള്ള സാഹചര്യങ്ങള്‍, ലഹരിയുപയോഗത്തില്‍ നിന്നും മുക്തി നേടേണ്ട വഴികള്‍ തുടങ്ങി എല്ലാം എക്‌സൈസ് വകുപ്പ് സന്ദര്‍ശകര്‍ക്കായി അവതരിപ്പിച്ചിരിക്കുന്നു.
'ലഹരിക്കെതിരേ ഞാനും' എന്ന സന്ദേശമെഴുതിയ ബോര്‍ഡിനു മുന്നില്‍നിന്നു സെല്‍ഫിയെടുത്തും സമ്മാനം നേടാം. സെല്‍ഫികള്‍ എക്‌സൈസ് വകുപ്പിന്റെ ലഹരി വര്‍ജന മിഷനായ വിമുക്തിയുടെ 7558860888 എന്ന നമ്പറിലേക്ക് വാട്‌സ്ആപ്പ് ചെയ്താല്‍ തെരഞ്ഞടുക്കപ്പെടുന്നവക്കു സമ്മാനം നല്‍കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."