മാന്ദ്യത്തിലും നാം മുന്നോട്ട് നേടിയത് 7.5 ശതമാനം വളര്‍ച്ച കാര്‍ഷിക രംഗത്ത് തിരിച്ചടി
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: രാജ്യം മാന്ദ്യം നേരിടുമ്പോഴും കേരളത്തിന്റെ വളര്‍ച്ച മെച്ചപ്പെട്ടെന്ന് സാമ്പത്തിക അവലോകന റിപ്പോര്‍ട്ട്. 2018-19 വര്‍ഷത്തില്‍ 7.5 ശതമാനം വളര്‍ച്ചാനിരക്കാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ കാര്‍ഷിക മേഖലയില്‍ വളര്‍ച്ച പിന്നോട്ടാണ്. സംസ്ഥാനം വിലക്കയറ്റത്തിന്റെ പിടിയിലാണെന്നും സാമ്പത്തിക അവലോകനം വ്യക്തമാക്കുന്നു.
2017 -18 സാമ്പത്തിക വര്‍ഷത്തില്‍ 7.3 ശതമാനമായിരുന്നു ജി.ഡി.പി വളര്‍ച്ച. 2016- 17 മുതലുള്ള മൂന്നു വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.2 ശതമാനമാണ്. ദേശീയതലത്തിലാകട്ടെ ഈ കാലയളവില്‍ 6.9 ശതമാനം മാത്രമാണ് സാമ്പത്തിക വളര്‍ച്ച. പ്രതീശീര്‍ഷ വരുമാനവും ദേശീയ ശരാശരിക്ക് മുകളിലാണെന്ന് ചൂണ്ടിക്കാട്ടുന്ന ബജറ്റിന് മുന്നോടിയായുള്ള സാമ്പത്തിക അവലോകന റിപ്പോര്‍ട്ട് ധനമന്ത്രി ഡോ.തോമസ് ഐസക്ക് ഇന്നലെ നിയമസഭയില്‍ വച്ചു.
പ്രതീശീര്‍ഷവരുമാനം 1,48,000 രൂപയായി ഉയര്‍ന്നു. ഇതു ദേശീയ ശരാശരിയേക്കാള്‍ 60 ശതമാനം ഉയര്‍ന്ന നിരക്കാണ്. എന്നാല്‍ കാര്‍ഷിക മേഖല ശക്തമായ തിരിച്ചടി നേരിട്ടു. 2017-18 ല്‍ 1.7 ശതമാനം വളര്‍ച്ച നേടിയ കാര്‍ഷിക മേഖല 2018-19 ല്‍ മൈനസ് .5 ലേക്ക് കൂപ്പുകുത്തി. രണ്ട് പ്രളയവും നാണ്യവിളകളുടെ വിലയിടിവുമാണ് ഈ മാന്ദ്യത്തിന് കാരണമെന്നാണ് ധനമന്ത്രി പറയുന്നത്.
എന്നാല്‍ നെല്‍കൃഷിയില്‍ മെച്ചപ്പെട്ട പ്രകടനമാണ് കാണാന്‍ കഴിയുന്നത്. 2016- 17ല്‍ 1.7 ലക്ഷം ഹെക്ടറില്‍ എത്തിയ നെല്‍കൃഷി 2018-19ല്‍ 2.03 ലക്ഷം ഹെക്ടറായി ഉയര്‍ന്നു. ഉല്‍പാദനം 4.4 ലക്ഷം ടണ്ണില്‍ നിന്ന് 5.8 ലക്ഷം ടണ്ണായി . 2015- 16ലെ 7.28ല്‍ നിന്നും മത്സ്യോല്‍പ്പാദനം 8.02 ടണ്ണായും വര്‍ധിച്ചു. അരിയും ഉഴുന്നും പോലുള്ള ധാന്യങ്ങളുടെ വില ഉയരുകയാണെന്നും കാര്‍ഷിക വ്യവസായ മേഖലകളെ പിന്തള്ളി സേവനമേഖലയുടെ വളര്‍ച്ചയാണ് കേരളത്തില്‍ പ്രകടമായ സവിശേഷതയെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
ഏറ്റവും ശ്രദ്ധേയമായ വളര്‍ച്ച വ്യവസായ മേഖലയിലാണ്. 2014 -15 ല്‍ അഭ്യന്തരവരുമാനത്തില്‍ വ്യവസായ മേഖലയുടെ വിഹിതം 9.8 ശതമാനമായിരുന്നെങ്കില്‍ 2018-19 ല്‍ 13.2 ശതമാനമായി വര്‍ധിച്ചു. പൊതുമേഖലയിലെ വളര്‍ച്ചയാണ് ഇതിന് കാരണമായി ചൂണ്ടിക്കാട്ടുന്നത്. പൊതുമേഖലാ സ്ഥാപനങ്ങളുടെ ആകെ വിറ്റുവരവ് 3442.74 കോടി രൂപയായി ഉയര്‍ന്നപ്പോള്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് വില്‍പനയില്‍ 17 ശതമാനമാണ് വര്‍ധന. ദേശീയ ഫാക്ടറി ഉല്‍പാദനത്തില്‍ കേരളത്തിന്റെ വിഹിതം 1.2 ശതമാനത്തില്‍ നിന്ന് 1.6 ശതമാനമായി ഉയര്‍ന്നു.ചെറുകിട വ്യവസായ മേഖലയില്‍ 13,826 പുതിയ യൂനിറ്റുകള്‍ 2018 -19ല്‍ ആരംഭിച്ചതിലൂടെ ശക്തമായ വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."