സ്വീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ് യാഥാര്‍ഥ്യമാക്കുന്നതിന് മുന്‍ഗണന നല്‍കും: മേയര്‍
കൊല്ലം: ശുചിമുറി മാലിന്യങ്ങള്‍ സംസ്‌കരിക്കുന്നതിനുള്ള സ്വീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ് യാഥാര്‍ഥ്യമാക്കുന്നതിന് കോര്‍പ്പറേഷന്‍ മുന്‍ഗണന നല്‍കുമെന്ന് മേയര്‍ വി. രാജേന്ദ്രബാബു കൗണ്‍സില്‍ യോഗത്തില്‍ അറിയിച്ചു. പ്ലാന്റ് സ്ഥാപിക്കുന്നതിനുള്ള 40 കോടി രൂപ അമൃത് പദ്ധതയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പൈപ്പ്‌ലൈന്‍ സ്ഥാപിക്കുന്നതിന് 220 കോടിയോളം രൂപ വേണ്ടിവരും. സമയപരിധി കഴിഞ്ഞ സാഹചര്യത്തില്‍ സുസ്ഥിര നഗരവികസനപദ്ധതിയില്‍ നിന്ന് ഈ പണം ലഭിക്കുകയില്ല.
കോര്‍പ്പറേഷന്റെ പ്ലാന്‍ഫണ്ടില്‍ നിന്ന് തുക വിനിയോഗിക്കാനാണ് ഉദ്ദേശിക്കുന്നത്. നെറ്റ്‌വര്‍ക്ക് സ്ഥാപിക്കുന്നതിന് സര്‍ക്കാര്‍ സഹായം നല്‍കില്ല. എന്നാല്‍ പൈപ്പ്‌ലൈന്‍ ഉള്‍പ്പെടെ പദ്ധതി പൂര്‍ത്തീകരിച്ചാല്‍ തുക സര്‍ക്കാരില്‍ നിന്ന് ലഭ്യമാകും. ഈ പശ്ചാത്തലത്തില്‍ 2018 ഓടെ പദ്ധതി കമ്മിഷന്‍ ചെയ്യാനാണ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
മാലിന്യസംസ്‌കരണം വികേന്ദ്രീകരിക്കാനാണ് ഉദ്ദേശിച്ചിട്ടുള്ളത്. കുരീപ്പുഴ ചണ്ടിഡിപ്പോയുമായി ബന്ധപ്പെട്ടുള്ള കേസുകള്‍ തീര്‍ക്കാന്‍ ശ്രമം നടത്തുന്നു. ബന്ധപ്പെട്ട കക്ഷികളുമായി അനൗപചാരിക ചര്‍ച്ചകള്‍ നടത്തുന്നുണ്ട്.
സ്വീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ് എന്ന് നടപ്പില്‍വരുത്താന്‍ കഴിയുമെന്ന് പ്രഖ്യാപിക്കണമെന്ന് യു.ഡി.എഫ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് എ.കെ ഹഫീസ് പൊതുചര്‍ച്ചയില്‍ ആവശ്യപ്പെട്ടു. ഇതിനായി ഡ്രെയിനേജ് വര്‍ക്ക് ഏറ്റെടുത്തിട്ടുള്ള കരാറുകാരുടെ യോഗം വിളിച്ചുചേര്‍ക്കണം. സെമിനാറുകളും ബോധവല്‍ക്കരണ ക്ലാസുകളും നിരന്തരം നടക്കുന്നുണ്ടെങ്കിലും മാലിന്യപ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണാന്‍ കഴിയുന്നില്ലെന്നും അംഗം പറഞ്ഞു.
നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ബഹുനില കെട്ടിടസമുച്ചയങ്ങളുടെ നിര്‍മാണം യാതൊരു നിയന്ത്രണവുമില്ലാതെ തുടരുന്നത് കുടിവെള്ളക്ഷാമം രൂക്ഷമാകുന്നതായി സിപിഐയിലെ എന്‍. മോഹനന്‍ ചൂണ്ടിക്കാട്ടി. നഗരമേഖലയില്‍ 'അസറ്റ് ഹോം', 'സ്‌കൈലൈന്‍' എന്നീ കമ്പനികളാണ് ഭൂഗര്‍ഭജലം ചൂഷണം ചെയ്യുന്നത്. നാട്ടുകാര്‍ ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ച് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്പിച്ചതോടെ പ്രദേശത്തെ കിണറുകളില്‍ വെള്ളം എത്തിയതായും ഈ പശ്ചാത്തലത്തില്‍ കാലവര്‍ഷം എത്തുന്നതുവരെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്പിക്കണമെന്നും അംഗം ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ അനുകൂലമായ തീരുമാനം ഉണ്ടാകുമെന്ന് മേയര്‍ ഉറപ്പുനല്‍കി.
ചിന്നക്കട ടൗണിന് സമീപം മാലിന്യങ്ങള്‍ നിറഞ്ഞതായി ആര്‍.എസ്.പി അംഗം എം.എസ് ഗോപകുമാര്‍ ചൂണ്ടിക്കാട്ടി. കോര്‍പ്പറേഷന്‍ മേഖലയില്‍ കുടിവെള്ളക്ഷാമം രൂക്ഷമാണെന്നും പരിമിതമായ സ്ഥലങ്ങളില്‍ മാത്രമാണ് വെള്ളം എത്തിക്കുന്നതെന്നും യു.ഡി.എഫ് അംഗം പ്രേം ഉഷാര്‍ പരാതിപ്പെട്ടു. ടാങ്കറുകളില്‍ വെള്ളം എത്തിക്കാതെ കുടിവെള്ളക്ഷാമമുള്ള പ്രദേശങ്ങളില്‍ പൈപ്പ്‌ലൈന്‍ നീട്ടി വെള്ളം എത്തിക്കണമെന്ന് എസ്.ഡി.പി.ഐ അംഗം എ. നിസാര്‍ നിര്‍ദേശിച്ചു.
പുതിയ കുടിവെള്ളപദ്ധതികളൊന്നും നിലവിലില്ലെന്ന് മേയര്‍ പറഞ്ഞു. തെന്മല, ഞാങ്കടവ് എന്നിവിടങ്ങളില്‍ നിന്ന് വെള്ളം എത്തിക്കുന്നതിനെക്കുറിച്ച് ആലോചിച്ചതില്‍ ഞാങ്കടവ് പദ്ധതി പ്രാവര്‍ത്തികമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. 2020 ഓടെ പദ്ധതി പ്രവര്‍ത്തനക്ഷമമാക്കുമെന്നാണ് ജലഅതോറിറ്റി അറിയിച്ചിട്ടുള്ളത്.
വെള്ളം സംഭരിക്കാനായി വസുരിച്ചിറയില്‍ നിര്‍മ്മിക്കുന്ന ടാങ്കിനായി ഭൂമി ഏറ്റെടുക്കുന്ന പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്താന്‍ ജില്ലാഭരണകൂടത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മേയര്‍ അറിയിച്ചു. കഴിഞ്ഞവര്‍ഷത്തേക്കാള്‍ മെച്ചപ്പെട്ട രീതിയില്‍ കുടിവെള്ള വിതരണം പുരോഗമിക്കുന്നുണ്ടെന്നും മേയര്‍ കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."