തസ്തികകള്‍ സൃഷ്ടിച്ചിട്ടും വനിതാ ശിശുവികസന വകുപ്പിന് ജില്ലാ ഓഫിസുകളായില്ല
#രാജു ശ്രീധര്‍
കൊല്ലം: സംസ്ഥാനത്ത് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി വനിതാ ശിശുവികസന വകുപ്പ് രൂപീകരിച്ചിട്ട് ഒരു വര്‍ഷത്തോളമായിട്ടും ജില്ലാ ആസ്ഥാനങ്ങളില്‍ കാര്യാലയങ്ങള്‍ക്കായി ഉദ്യോഗസ്ഥര്‍ നെട്ടോട്ടത്തില്‍. കഴിഞ്ഞ ഏപ്രിലില്‍ സാമൂഹ്യനീതി വകുപ്പ് വിഭജിച്ചായിരുന്നു സര്‍ക്കാര്‍ പുതിയ വകുപ്പ് രൂപീകരിച്ചത്. തസ്തികകള്‍ സൃഷ്ടിക്കുന്നതിന്റെ ഭാഗമായി അടുത്തിടെ സാമൂഹ്യനീതി വകുപ്പിലെ 10 വനിതാ ജില്ലാ ഓഫിസര്‍മാരെ വനിതാ ശിശുവികസന വകുപ്പില്‍ ജില്ലാ ഓഫിസര്‍മാരായി നിയമിക്കുകയും ചെയ്തു. എന്നാല്‍, ജില്ലാ കേന്ദ്രങ്ങളില്‍ ഓഫിസുകള്‍ ഇല്ലാത്തതിനാല്‍ വകുപ്പിന്റെ പ്രവര്‍ത്തനം തന്നെ താളംതെറ്റിയ അവസ്ഥയിലാണ്.
സ്ത്രീകളുടെയും കുട്ടികളുടെയും സംരക്ഷണം, പരിചരണം, ക്ഷേമം, വികസനം, പുനരധിവാസം, ശാക്തീകരണം തുടങ്ങിയ വിഷയങ്ങള്‍ വകുപ്പിന്റെ നിയന്ത്രണത്തിലാണ്. വനിതാ കമ്മിഷന്‍, ബാലാവകാശ കമ്മിഷന്‍, ജെന്‍ഡര്‍ പാര്‍ക്ക്, നിര്‍ഭയ പദ്ധതി, ശിശുക്ഷേമ സമിതി, അങ്കണവാടി ക്ഷേമനിധി ബോര്‍ഡ്, അഗതി മന്ദിരങ്ങള്‍ മുതലായ സ്ഥാപനങ്ങളും പദ്ധതികളും പുതിയ വകുപ്പിന്റെ കീഴില്‍ വരും. വികസന പ്രവര്‍ത്തനത്തില്‍ സ്ത്രീകള്‍ക്ക് തുല്യപങ്കാളിത്തം ലഭിക്കുന്നതിനും ലിംഗവിവേചനത്തില്‍ നിന്നും അതിക്രമങ്ങളില്‍ നിന്നും സംരക്ഷണം ലഭിക്കുന്നതിനും കുട്ടികളുടെ അവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കുന്നതാണ് വകുപ്പിന്റെ ചുമതല. സാമൂഹ്യനീതി വകുപ്പ് മുന്‍ ഡയരക്ടര്‍ വി.എന്‍ ജിതേന്ദ്രന്റെ ശുപാര്‍ശകളുടെ അടിസ്ഥാനത്തിലാണ് പുതിയ വകുപ്പിന്റെ ചുമതലകള്‍ നിര്‍ണയിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."