കിഫ്ബിയില്‍ ഇതുവരെ ചെലവഴിച്ചത് 4500 കോടി മാത്രം
തിരുവനന്തപുരം: സര്‍ക്കാരിന്റെ കഴിഞ്ഞ നാലുവര്‍ഷക്കാലത്തെ പ്രവര്‍ത്തനത്തിനിടെ കിഫ്ബിയിലൂടെ നല്‍കിയ പദ്ധതികള്‍ക്കാകെ ഇതുവരെ ചെലവഴിച്ചത് 4500 കോടി. ഇനി ഒരു വര്‍ഷത്തോളം മാത്രം അവശേഷിക്കുന്ന സര്‍ക്കാര്‍, കിഫ്ബിയില്‍ നിക്ഷേപമായുള്ള 11,000 കോടി രൂപ ചെലവഴിച്ച് എത്ര പദ്ധതികള്‍ യാഥാര്‍ഥ്യമാക്കുമെന്ന ചോദ്യം ബാക്കിയാവുന്നു.
സാമ്പത്തിക മാന്ദ്യത്തിന്റെ നടുവിലും കിഫ്ബിയിലൂടെ സംസ്ഥാനവികസനത്തിന് പുതിയൊരു മുഖം നല്‍കിയതായി ധനമന്ത്രി ബജറ്റില്‍ ചൂണ്ടിക്കാട്ടുന്നു. ഇത്രയും സമയത്തിനകം ചെലവഴിക്കാനായതിന്റെ ഇരട്ടിയാണ് വരുന്ന ഒരു വര്‍ഷത്തിനിടെ ചെലവഴിക്കേണ്ടത്.
കേന്ദ്ര സര്‍ക്കാരിന്റെ തെറ്റായ സാമ്പത്തികനയങ്ങളുടെ പശ്ചാത്തലത്തിലാണ് ബജറ്റിനു പുറത്ത് കിഫ്ബി വഴി 50,000 കോടി രൂപ വരെ വായ്പയെടുത്ത് കേരളത്തില്‍ മുതല്‍മുടക്കാന്‍ തീരുമാനിച്ചത്.
2020-21ല്‍ കിഫ്ബിയില്‍ നിന്ന് 20,000 കോടി രൂപ ചെലവഴിക്കുന്നതിനുള്ള തയാറെടുപ്പുകള്‍ പൂര്‍ത്തിയായതായും ബജറ്റില്‍ പറയുന്നുണ്ട്. സര്‍ക്കാരിന് ഒരു വര്‍ഷം കാലാവധിയുണ്ടെങ്കിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പും നിയമസഭാ തെരഞ്ഞെടുപ്പും നടക്കാനിരിക്കേ ലഭിക്കാന്‍ പോകുന്നത് ഏതാണ്ട് ഏഴ് മാസത്തോളം മാത്രമായിരിക്കും.
ബാക്കി സമയം തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തില്‍ പെടും. നാല് വര്‍ഷത്തിനിടെ 4500 കോടി മാത്രം ചെലവഴിക്കുമ്പോള്‍ എങ്ങനെയാണ് അടുത്ത പരിമിതമായ കാലയളവില്‍ ഇതിലധികം തുക ചെലവഴിക്കുകയെന്ന ചോദ്യമാണ് ഉയരുന്നത്.
675 പ്രോജക്ടുകളിലായി 35028 കോടി രൂപയുടെ പദ്ധതികള്‍ക്ക് നിലവില്‍ കിഫ്ബി അംഗീകാരം നല്‍കിക്കഴിഞ്ഞു. പുറമേ വ്യവസായ പാര്‍ക്കുകള്‍ക്ക് സ്ഥലം ഏറ്റെടുക്കുന്നതിനായി 14275 കോടി രൂപയുടെയും ദേശീയപാതക്ക് സ്ഥലം ഏറ്റെടുക്കുന്നതിന് 5374 കോടി രൂപയുടെയും പദ്ധതികള്‍ക്ക് കിഫ്ബി അംഗീകാരം നല്‍കിയിട്ടുണ്ട്.
ഇങ്ങനെ കിഫ്ബി അംഗീകാരം നല്‍കിയ പദ്ധതികളുടെ ആകെ അടങ്കല്‍ 54678 കോടി രൂപയാണ്. ഇവയില്‍ 13616 കോടി രൂപയുടെ പദ്ധതികള്‍ ടെന്‍ഡര്‍ വിളിച്ചു കഴിഞ്ഞതായും ബജറ്റില്‍ പറയുന്നു. പക്ഷേ പദ്ധതികളുടെ സാക്ഷാത്കാരം ഈ സര്‍ക്കാരിന്റെ കാലയളവില്‍ പൂര്‍ത്തിയാക്കുമെന്ന് ഒരു ഉറപ്പുമില്ലെന്നു മാത്രമല്ല, ഇവ നടപ്പാക്കുക അടുത്ത സര്‍ക്കാരിന്റെ ബാധ്യതയിലേക്ക് പോകുകയും ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."