വിദ്യാര്‍ഥിവിരുദ്ധ സ്വാശ്രയ നീക്കത്തിന് കടിഞ്ഞാണിടും: മന്ത്രി രവീന്ദ്രനാഥ്
തിരുവനന്തപുരം: സ്വാശ്രയ മാനേജുമെന്റുകളുടെ വിദ്യാര്‍ഥിവിരുദ്ധ നീക്കത്തിനു കടിഞ്ഞാണിടുമെന്നു മന്ത്രി സി. രവീന്ദ്രനാഥ് നിയമസഭയ്ക്ക് ഉറപ്പുനല്‍കി. സ്വാശ്രയ സ്ഥാപനങ്ങളെ സംബന്ധിച്ചുള്ള മുഴുവന്‍ പരാതികളും സമഗ്രമായി പരിശോധിച്ചു റിപ്പോര്‍ട്ട് നല്‍കാന്‍ ജസ്റ്റിസ് കെ.കെ ദിനേശന്‍, ഡോ. കെ.കെ.എന്‍ കുറുപ്പ്, ഡോ. ആര്‍.വി.ജി മേനോന്‍ എന്നിവരടങ്ങുന്ന മൂന്നംഗ കമ്മിഷനെ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും കമ്മിഷന്‍ റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ പരിശോധിച്ചു സര്‍ക്കാര്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പി.ടി.എ പ്രവര്‍ത്തനം നിര്‍ബന്ധമാക്കിയിട്ടുണ്ട്. വിദ്യാര്‍ഥികളുടെ മുഴുവന്‍ പരാതികളും പരിശോധിച്ചു നടപടികള്‍ സ്വീകരിക്കാന്‍ ഓംബുഡ്‌സ്മാനെ നിയമിക്കാനും സര്‍വകലാശാലയ്ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട്. റാഗിങ്ങിനെതിരേ നിയമാനുസൃത സംവിധാനമൊരുക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
ഇന്റേണല്‍ അസസ്‌മെന്റ് സംവിധാനം ദുരുപയോഗപ്പെടുത്തുന്നുവെന്നു നിരവധി പരാതികള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ മഹാത്മാഗാന്ധി സര്‍വകലാശാലാ വൈസ് ചാന്‍സലറുടെ നേതൃത്വത്തില്‍ ഒരു കമ്മിറ്റിയെ ഈ വിഷയം പഠിച്ചു വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിയോഗിച്ചിട്ടുണ്ട്. റിപ്പോര്‍ട്ടിലെ ശുപാര്‍ശകളുടെ വെളിച്ചത്തില്‍ ആവശ്യമായ നടപടികളെടുക്കും. ഇയര്‍ ഔട്ട് സംവിധാനം ഏര്‍പ്പെടുത്തിയതുകൊണ്ടു വിദ്യാര്‍ഥികള്‍ക്കുണ്ടായ ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നതിനു പ്രായോഗിക നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ സാങ്കേതിക സര്‍വകലാശാലയോട് ആവശ്യപ്പെട്ടിട്ടുണ്ട്. പാമ്പാടി നെഹ്‌റു കോളജ്, കോട്ടയം മറ്റക്കര ടോംസ് കോളജ്, കൊല്ലം ഓയൂര്‍ ട്രാവന്‍കൂര്‍ കോളജ് ഓഫ് എന്‍ജിനിയറിങ് എന്നിവിടങ്ങളില്‍നിന്നു ലഭിച്ച പരാതികളില്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കുന്നതിനു സാങ്കേതിക സര്‍വകലാശാല അധികാരികളോടും ബന്ധപ്പെട്ട ജില്ലാ ഭരണകൂടങ്ങളോടും പൊലിസിനോടും ആവശ്യപ്പെട്ടിരുന്നു. അവരില്‍നിന്നു ലഭിച്ച റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിച്ചുവരികയാണ്. നെഹ്‌റു കോളജില്‍ പഠനം പുനരാരംഭിച്ചിട്ടുണ്ട്. ടോംസ് കോളജിന്റെ അഫിലിയേഷന്‍ പുതുക്കേണ്ടതില്ലെന്നു സാങ്കേതിക സര്‍വകലാശാല തീരുമാനിച്ചിട്ടുണ്ടെന്നും മന്ത്രി സഭയെ അറിയിച്ചു.
സംസ്ഥാനത്തെ സ്വകാര്യ സ്വാശ്രയ വിദ്യാഭ്യാസ മേഖലയിലെ വിദ്യാര്‍ഥി ദ്രോഹ നടപടികള്‍ സംബന്ധിച്ച് എം. സ്വരാജ് ഉന്നയിച്ച ശ്രദ്ധക്ഷണിക്കലിനായിരുന്നു മന്ത്രിയുടെ മറുപടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."