പൊലിസിനെ ജനപ്രിയമാക്കാന്‍ ശില്‍പശാലയുമായി അസോസിയേഷന്‍
കൊച്ചി: കേരള പൊലിസിനെ കുറ്റമറ്റതാക്കി ജനപ്രിയമാക്കാന്‍ അസോസിയേഷന്‍ രംഗത്ത്. പൊലിസിനെതിരേ പൊതുജനങ്ങളില്‍ നിന്ന് നിരവധി പരാതികളുയരുകയും അതു വലിയ ചര്‍ച്ചയാവുകയും ചെയ്യുന്ന സാഹചര്യത്തിലാണ് സേനയെ ശുദ്ധീകരിക്കാന്‍ കേരള പൊലിസ് ഓഫിസേഴ്‌സ് അസോസിയേഷന്‍ ഒരുങ്ങുന്നത്.
ഇതുമായി ബന്ധപ്പെട്ട് തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ക്ക് അടൂര്‍ മാര്‍ത്തോമ സെന്ററില്‍ മാര്‍ച്ച് നാല്, അഞ്ച് തിയതികളില്‍ അസോസിയേഷന്‍ ശില്‍പശാല നടത്തും. ആധുനിക കാലഘട്ടത്തിനനുസരിച്ച് ജനപക്ഷ പൊലിസായി കേരള പൊലിസിനെ മാറ്റാന്‍ സേനാംഗങ്ങള്‍ക്കിടയില്‍ നിരവധി മാറ്റങ്ങള്‍ അനിവാര്യമാണെന്ന തിരിച്ചറിവാണ് പരിപാടിക്ക് പിന്നില്‍. പൊലിസിലെ അഴിമതി തുടച്ചുനീക്കാന്‍ ബോധവല്‍ക്കരണം അനിവാര്യമാണെന്നും ഇത്തരക്കാരെ ജനം അവമതിപ്പോടെയാണ് കാണുന്നതെന്നും പരിപാടി സംബന്ധിച്ച് അസോസിയേഷന്‍ പുറത്തിറക്കിയ നോട്ടിസില്‍ പറയുന്നു.
സൈബര്‍ കുറ്റകൃത്യങ്ങള്‍ ക്രമാതീതമായി കൂടിവരുന്ന സാഹചര്യത്തില്‍ കുറ്റവാളികളെ കണ്ടെത്താന്‍ ആധുനിക സംവിധാനം കാര്യക്ഷമമാക്കേണ്ടതിനെക്കുറിച്ചും ചര്‍ച്ച നടക്കും. ദിനംപ്രതി പൊലിസ് കംപ്ലയിന്റ് അതോറിറ്റിക്ക് മുന്‍പാകെ വരുന്ന കേസുകളുടെയും അതോറിറ്റി നേരിട്ട് ഇടപെടുന്ന കേസുകളുടെയും എണ്ണത്തില്‍ വന്‍ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.
വിവിധ കേസുകള്‍ പരിഗണിക്കുമ്പോള്‍ അതോറിറ്റി ചെയര്‍മാന്‍ കെ. നാരായണക്കുറുപ്പ് രൂക്ഷ വിമര്‍ശനവും പൊലിസിനെതിരേ ഉന്നയിക്കാറുണ്ട്. ജിഷ വധക്കേസില്‍ അന്വേഷണ സംഘത്തില്‍ ഉള്‍പ്പെട്ട ഉന്നത പൊലിസ് ഉദ്യോഗസ്ഥര്‍ അതോറിറ്റി മുന്‍പാകെ ഹാജരാകണമെന്ന് ചെയര്‍മാന്‍ ഉത്തരവിടുകയും ഇതു ഹൈക്കോടതിവരെ എത്തുകയും ചെയ്തിരുന്നു. പൊലിസിന്റെ സഭ്യമല്ലാത്ത പദപ്രയോഗങ്ങളും ചെയര്‍മാന്റെ വിമര്‍ശനത്തിനു വിധേയമായിട്ടുണ്ട്. ഒരു പ്രത്യേക ബാച്ചില്‍പ്പെട്ട പൊലിസ് ഉദ്യോഗസ്ഥര്‍ തെറി പറഞ്ഞില്ലെങ്കിലെ അത്ഭുതമുള്ളുവെന്നായിരുന്നു ഒരിക്കല്‍ ചെയര്‍മാന്‍ നടത്തിയ പരാമര്‍ശം.
ഇത്തരം ആരോപണങ്ങളില്‍ നിന്നൊക്കെ മുക്തിനേടുകയെന്ന ലക്ഷ്യത്തോടെയാണ് കേരള പൊലിസ് ഓഫിസേഴ്‌സ് അസോസിയേഷന്‍ ദ്വിദിന ശില്‍പശാല സംഘടിപ്പിക്കുന്നത്. ശില്‍പശാലയില്‍ പങ്കുവയ്ക്കുന്ന ആശയങ്ങള്‍ കീഴുദ്യോഗസ്ഥരിലേക്കും വ്യാപിപ്പിക്കും. ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ മുഖ്യപ്രഭാഷണം നടത്തുന്ന ശില്‍പശാലയില്‍ 'ആധുനികവല്‍ക്കരണം പൊലിസില്‍ ' വിഷയത്തില്‍ മുന്‍ ഡി.ജി.പി അലക്‌സാണ്ടര്‍ ജേക്കബ് ക്ലാസെടുക്കും. 'ആധുനിക കാലഘട്ടത്തിലെ നിയമനിര്‍വഹണം- കുറവുകള്‍, പരിഹാരങ്ങള്‍, ജനപക്ഷ പൊലിസ് ' വിഷയങ്ങളിലും ക്ലാസുകള്‍ നടക്കും. പൊലിസ് മാന്വല്‍ പരിഷ്‌കരിക്കുന്നതിനെപ്പറ്റി മുന്‍ സംസ്ഥാന പൊലിസ് മേധാവി ജേക്കബ് പുന്നൂസിന്റെ നേതൃത്വത്തില്‍ ചര്‍ച്ചയുമുണ്ടാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."