താനാളൂരില്‍ കന്നുകാലികളില്‍ വ്യാപക രോഗബാധ
തിരൂര്‍: താനാളൂര്‍ പഞ്ചായത്തില്‍ കന്നുകാലികളില്‍ വ്യാപക രോഗബാധ. രോഗം അതിന്റെ മൂര്‍ധന്യാവസ്ഥയില്‍ എത്തിയതായും വിദ്യാര്‍ഥികള്‍ നടത്തിയ സര്‍വേയില്‍ കണ്ടെത്തി.
വയനാട് പൂക്കോട് വെറ്ററിനറി കോളജിലെ അവസാന വര്‍ഷ വിദ്യാര്‍ഥികള്‍ 'എന്‍.എസ്.എസ്.ക്യാംപിന്റെ ഭാഗമായി താനാളൂര്‍ പഞ്ചായത്തില്‍ നടത്തിയ സര്‍വേയിലാണ് കണ്ടെത്തല്‍. പഞ്ചായത്ത് പരിധിയിലെ 250 പശുക്കളുടെ രക്തസാമ്പിളുകള്‍ പരിശോധിച്ചതില്‍ 70 ശതമാനം പശുക്കളിലും അകിട് വീക്കം കണ്ടെത്തുകയായിരുന്നു. പശുക്കളില്‍ പാലുല്‍പ്പാദനം കുറഞ്ഞ് വരുന്നതായുള്ള ക്ഷീരകര്‍ഷകരുടെ പരാതിയെ തുടര്‍ന്നാണ് പരിശോധന നടത്തിയത്.
രോഗം കാരണം നിലവില്‍ ലഭിക്കുന്ന പാലിന്റെ അളവില്‍ മൂന്ന് ലിറ്റര്‍ വരെ കുറവ് വരാന്‍ സാധ്യതയുണ്ടെന്ന് വെറ്ററിനറി വിഭാഗം പ്രതിനിധികള്‍ പറഞ്ഞു. കര്‍ഷകര്‍ക്ക് രോഗം പെട്ടന്ന് കാണാന്‍ കഴിയാത്തതിനാല്‍ ആവശ്യമായ ചികിത്സ നല്‍കാതെ പോവുന്ന സാഹചര്യമാണുള്ളതെന്നും കര്‍ഷകരില്‍ ശക്തമായ ഒരു ബോധവല്‍ക്കരണം നടത്തിയാല്‍ ഫലമുണ്ടാകുമെന്നും വെറ്ററിനറി കോളജ് ഡീന്‍ ഡോ.കെ.വിജയകുമാര്‍ പറഞ്ഞു.
പൂക്കോട് വെറ്റിനറി കോളജിലെ 50 ഓളം അവസാന വര്‍ഷ വിദ്യാര്‍ഥികളാണ് ക്യാംപില്‍ പങ്കെടുത്തത്. മൃഗസംരക്ഷണ വകുപ്പും നബാര്‍ഡും താനാളൂര്‍ പഞ്ചായത്തും ചേര്‍ന്നാണ് പഞ്ചായത്തില്‍ എഴ് ദിവസത്തെ ക്യാംപ് സംഘടിപ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."