HOME
DETAILS

വീണ്ടും ഗാന്ധിവധം

  
backup
February 08 2020 | 21:02 PM

gandhi-asssaasination-814493-2

 


ഒന്നാം മോദി സര്‍ക്കാരില്‍ മന്ത്രിയായിരുന്ന, ഇപ്പോള്‍ എം.പിയായ അനന്ത്കുമാര്‍ ഹെഗ്‌ഡെയെന്ന ബി.ജെ.പിക്കാരന്‍ ഗാന്ധിജിയെ അധിക്ഷേപിച്ചപ്പോള്‍, ഗാന്ധിയെ രാഷ്ട്രപിതാവായി അംഗീകരിക്കുന്ന നാട് ഭരിക്കുന്നയാള്‍ എന്ന നിലയിലെങ്കിലും നരേന്ദ്ര മോദി 'മാ നിഷാദ' എന്നു വിലക്കുമെന്നു പ്രതീക്ഷിച്ചിരുന്നു. പക്ഷേ, അതുണ്ടായില്ല. അത്തരമൊരു ക്രൂരപ്രസ്താവന കേട്ടതായിപ്പോലും ഇന്ത്യന്‍ പ്രധാനമന്ത്രി ഭാവിച്ചില്ല.
അനന്ത്കുമാര്‍ വിഷംതുപ്പിയ ദിവസം മോദി ഘോരഘോരം പ്രസംഗിച്ചത് ഷഹീന്‍ബാഗില്‍ സമരം ചെയ്യുന്ന വീട്ടമ്മമാരെല്ലാം രാജ്യദ്രോഹികളാണെന്നും പൗരത്വ നിയമ ഭേദഗതിക്കെതിരേ ശബ്ദമുയര്‍ത്തുന്നവരെല്ലാം പാകിസ്താന്‍ പക്ഷപാതികളാണെന്നും സ്ഥാപിക്കാനാണ്. താന്‍ ഭരിക്കുന്ന രാജ്യത്തിനു സ്വാതന്ത്ര്യം നേടിത്തരാന്‍ ജീവന്‍ വെടിഞ്ഞ പതിനായിരക്കണക്കിനു ധീര ദേശാഭിമാനികളുടെ സ്മരണയില്‍ കരിവാരിത്തേക്കുന്ന ക്രൂരമായ പരാമര്‍ശമാണ്, ഒരര്‍ഥത്തില്‍ ഏറ്റവും കടുത്ത രാജ്യദ്രോഹ പ്രസ്താവനയാണു തന്റെ സഹപ്രവര്‍ത്തകന്‍ നടത്തിയതെന്നു ചിന്തിക്കാന്‍ പോലും അദ്ദേഹം ദാക്ഷിണ്യം കാണിച്ചില്ല.


അത് അജ്ഞതയാണെന്നു കരുതാനാകില്ല. ഗാന്ധിജിയെയും അദ്ദേഹം നയിച്ച സ്വാതന്ത്ര്യപ്പോരാട്ടത്തെയും തമസ്‌കരിക്കുന്നതിനുള്ള ബോധപൂര്‍വമായ ശ്രമത്തിന്റെ ഭാഗമാണ് ഈ ബധിരത നടിക്കല്‍ എന്നുവേണം കരുതാന്‍. കാരണം, ഗാന്ധിയുടെ ഓര്‍മകള്‍ക്കു നേരെയുണ്ടായ എല്ലാ കടന്നാക്രമണങ്ങള്‍ക്കു മുന്നിലും മോദിയുടെയും സംഘ്പരിവാറിന്റെ സമുന്നത നേതാക്കളുടെയും അര്‍ഥഗര്‍ഭമായ മൗനമുണ്ടായിരുന്നു.
അത്, ഇപ്പോള്‍ പൊട്ടിമുളച്ച നിലപാടല്ലെന്നു വ്യക്തം. ഗാന്ധിയെയും അദ്ദേഹം നയിച്ച സ്വാതന്ത്ര്യസമരത്തെയും ഒരുകാലത്തും ഹിന്ദു മഹാസഭയും പില്‍ക്കാലത്ത് പിറന്ന ആര്‍.എസ്.എസും പരിവാര സംഘടനകളും അംഗീകരിച്ചിട്ടില്ല. ഇന്ത്യാ ചരിത്രത്തില്‍നിന്ന് ഗാന്ധിജിയെയും സ്വാതന്ത്ര്യസമരത്തെയും മായ്ച്ചുകളഞ്ഞാല്‍ മാത്രമേ തങ്ങള്‍ ആഗ്രഹിക്കുന്ന ഹിന്ദുരാഷ്ട്രം സ്ഥാപിക്കാന്‍ കഴിയൂവെന്ന് അവര്‍ക്കറിയാം. പക്ഷേ, അത് എളുപ്പമല്ലെന്നും അവര്‍ക്കറിയാം. ഗാന്ധിയെ ഒറ്റയടിക്ക് തള്ളിപ്പറഞ്ഞാല്‍ തിരിച്ചടി കിട്ടും. ഗാന്ധിക്ക് എതിരായ മനോഭാവം പതുക്കെപ്പതുക്കെ ഉണ്ടാക്കിയെടുക്കണം. അതാണിപ്പോള്‍ പൂജാശകുന്‍ പാണ്ഡെയെയും അനന്ത്കുമാറിനെയും പോലുള്ള രണ്ടാംകിടക്കാര്‍ വിഷംചീറ്റലിലൂടെ നടത്തിക്കൊണ്ടിരിക്കുന്നത്.
അനുയായികളും ഇടത്തരം നേതാക്കളും തരംകിട്ടുമ്പോഴെല്ലാം ഗാന്ധിനിന്ദ നടത്തും. സ്വാതന്ത്ര്യസമരത്തെ തള്ളിപ്പറയും. ഗാന്ധിജിയുടെ ചിതാഭസ്മം കട്ടെടുത്ത് അതുകൊണ്ട് ഗാന്ധിയുടെ ഛായാചിത്രത്തിനു മുന്നില്‍ രാജ്യദ്രോഹിയെന്ന് എഴുതിവയ്ക്കും. ഗാന്ധിചിത്രത്തിനു നേരെ പ്രതീകാത്മകമായി വെടിയുതിര്‍ക്കും.


അതൊന്നും ഒരു ഘട്ടത്തിലും തടയപ്പെടില്ല. അതിനെയൊന്നും ഉന്നതനേതാക്കള്‍ അപലപിക്കില്ല. അതോടെ നേതാക്കളുടെ മനോഭാവം അനുയായികള്‍ക്കു ബോധ്യമാകും. അതേസമയം, ഗാന്ധിസ്മരണ ദിനങ്ങളില്‍ ഉച്ചഭാഷിണിക്കു മുന്നില്‍ ഇതേ നേതാക്കള്‍ ഗാന്ധിപ്രകീര്‍ത്തനം നടത്തും. ഈ കപടനാടകത്തിനിടയില്‍ കാലക്രമേണ ഗാന്ധി വിസ്മൃതനായിക്കൊള്ളുമെന്നായിരിക്കാം ഇവരുടെ പ്രതീക്ഷ ! ഒരു കളവ് ഇടവേളകളില്‍ പല തരത്തില്‍ ആവര്‍ത്തിച്ചു സത്യമാക്കി മാറ്റാമെന്നതാണല്ലോ ഗീബല്‍സിന്റെ സിദ്ധാന്തം.
ബ്രിട്ടീഷുകാരുടെ ഒത്താശയോടെ സ്വാതന്ത്ര്യസമരമെന്ന കപടനാടകം അഭിനയിച്ച ഗാന്ധിജിയെ എങ്ങനെ 'മഹാത്മാ' എന്നു വിളിക്കാനാകുമെന്നാണ് അനന്തകുമാര്‍ ഹെഗ്‌ഡെ ചോദിച്ചത്. മഹാത്മാ എന്നു കേള്‍ക്കുമ്പോള്‍ തന്റെ രക്തം (കോപംകൊണ്ട്) തിളയ്ക്കുകയാണെന്നാണ് അയാള്‍ പറഞ്ഞത്. ലോകം മുഴുവന്‍ ആദരിക്കുന്ന നമ്മുടെ രാഷ്ട്രപിതാവിനെയാണ് ഇത്തരത്തില്‍ അപമാനിച്ചിരിക്കുന്നത്. ലക്ഷക്കണക്കിനാളുകള്‍ പങ്കെടുത്ത സ്വാതന്ത്ര്യസമരത്തെയാണു കപടനാടകമെന്നു പറഞ്ഞ് അപമാനിച്ചിരിക്കുന്നത്. തന്റെ നിലപാടില്‍ മാറ്റമില്ലെന്ന് അനന്ത്കുമാര്‍ ഹെഗ്‌ഡെ പാര്‍ലമെന്റില്‍ തറപ്പിച്ചു പറഞ്ഞു. അപ്പോഴും മൗനം ഭജിക്കുകയായിരുന്നു ഈ രാജ്യത്തെ പ്രധാനമന്ത്രി. പ്രതിപക്ഷമാകട്ടെ കുറച്ച് ബഹളംവച്ച് കടമ നിറവേറ്റിയെന്നു വരുത്തി അടങ്ങി.
ഇങ്ങനെ എത്രയെത്ര മൗനങ്ങള്‍. ഇന്ത്യന്‍ കറന്‍സിയില്‍ ഗാന്ധിയുടെ ചിത്രത്തിനു പകരം ഹിന്ദു മഹാസഭാ സ്ഥാപകന്‍ സവര്‍ക്കറുടെ ചിത്രം വയ്ക്കണമെന്നു ഹിന്ദു മഹാസഭ ഉപാധ്യക്ഷന്‍ പണ്ഡിറ്റ് അശോക് ശര്‍മ പറഞ്ഞപ്പോഴും പൂജാശകുന്‍ പാണ്ഡെ ഗാന്ധിജിയുടെ ഛായാചിത്രത്തിലേയ്ക്ക് പ്രതീകാത്മകമായി വെടിയുതിര്‍ത്തപ്പോഴും ഇന്ത്യന്‍ പ്രധാനമന്ത്രി മൗനത്തിലായിരുന്നു. 2019 ഒക്ടോബര്‍ രണ്ടിനു ഗാന്ധിയുടെ 150ാം ജന്മദിനം ആഘോഷിക്കുന്ന ദിവസം മധ്യപ്രദേശിലെ റേവ ജില്ലയിലെ ലക്ഷ്മണ്‍ ബാഗിലെ ബാപ്പു ഭവനില്‍ സൂക്ഷിച്ച ഗാന്ധിയുടെ ചിതാഭസ്മം മോഷ്ടിച്ച് ഏതോ നീചന്‍ അതുകൊണ്ട് രാജ്യദ്രോഹിയെന്ന് എഴുതിയപ്പോഴും പ്രതികരണമുണ്ടായില്ല.


ഗുജറാത്തിലെ സുഫലാം ശാല വികാസ് സങ്കുല്‍ എന്ന സ്വാശ്രയ വിദ്യാലയത്തില്‍ ഒന്‍പതാം ക്ലാസിലെ പരീക്ഷയില്‍ കഴിഞ്ഞവര്‍ഷം വന്ന ചോദ്യം 'ഗാന്ധിജി ആത്മഹത്യ ചെയ്തതെങ്ങനെ' എന്നായിരുന്നു. ആര്‍ക്കും അതില്‍ അപാകത തോന്നിയില്ല. ആരും അപലപിച്ചില്ല. നിന്ദ്യമായും നീചമായും പ്രസ്താവനകള്‍ ഇറക്കുന്നവര്‍ക്കെല്ലാം കൂടുതല്‍ പരിഗണനകളും സ്ഥാനങ്ങളും കിട്ടുന്നുവെന്നതു കൂടി ഇതോടൊപ്പം ചേര്‍ത്തുവായിക്കേണ്ടതാണ്.
ഗാന്ധിജിയെ തമസ്‌കരിക്കുക, സ്വാതന്ത്ര്യസമരമുള്‍പ്പെടെയുള്ള ഇന്ത്യയുടെ ചരിത്രം മാറ്റിയെഴുതുക എന്നത് ഹിന്ദു മഹാസഭയുടെയും സംഘ്പരിവാറിന്റെയും ദീര്‍ഘകാലത്തെ ആശയമാണ്. സംഘ്പരിവാറുകാര്‍ തങ്ങളുടെ പ്രസ്ഥാനത്തിന്റെ ജീവാത്മാവും പരമാത്മാവുമായി കണക്കാക്കുന്ന ശ്യാമപ്രസാദ് മുഖര്‍ജി ഹിന്ദു മഹാസഭ നേതാവായിരിക്കെ 1942ല്‍ ബംഗാള്‍ ഗവര്‍ണര്‍ സര്‍ ജോണ്‍ ഹെര്‍ബെറ്റിന് എഴുതിയ കത്തില്‍ ക്വിറ്റിന്ത്യാ സമരം അടിച്ചമര്‍ത്തേണ്ടതാണെന്നു പറഞ്ഞിട്ടുണ്ട്. അതിന്റെ പുനരാവിഷ്‌കാരമാണിപ്പോള്‍ അനന്ത്കുമാര്‍ ഹെഗ്‌ഡെയിലൂടെയും മറ്റും പുറത്തുവരുന്നത്.


സ്വാതന്ത്ര്യം കിട്ടി ഏഴു പതിറ്റാണ്ട് കഴിഞ്ഞിട്ടും ഗാന്ധി ഇന്ത്യയിലെ മഹാഭൂരിപക്ഷത്തിനും ആവേശമാണ്. ആ വികാരവായ്പിന്റെ ബലത്തിലാണ് രാജ്യത്തു മതേതരത്വം ഇത്രയും ശക്തമായി നിലനില്‍ക്കുന്നത്. ഗാന്ധിജി ഒന്നുമല്ലായിരുന്നുവെന്ന് വരുത്തിത്തീര്‍ത്താല്‍ മതേതരത്വത്തിന്റെ കണ്ണികള്‍ എളുപ്പത്തില്‍ പൊട്ടിച്ചെറിയാന്‍ കഴിയും. ലക്ഷ്യം അതു തന്നെയാണെന്നു രണ്ടുവര്‍ഷം മുന്‍പ് ഇന്നു വിഷംതുപ്പിയ അതേ അനന്ത്കുമാര്‍ പറഞ്ഞതും സംഘ്പരിവാര്‍ നേതാക്കളാരും നിഷേധിക്കാത്തതുമായ ഒരു പ്രസ്താവന വ്യക്തമാക്കുന്നുണ്ട്. 'ഞങ്ങള്‍ ഭരണഘടന മാറ്റിയെഴുതും. അതിന്റെ ആമുഖത്തിലെ 'മതേതരത്വ'മെന്ന വാക്ക് വലിച്ചെറിയും' എന്നാണ് അദ്ദേഹം പ്രഖ്യാപിച്ചത്. അങ്ങനെ ചെയ്യില്ലെന്നു പറയേണ്ടവരാരും അന്നും ഇന്നും അങ്ങനെ പറഞ്ഞിട്ടില്ല.
ഒരു കാര്യം കൂടി പറഞ്ഞ് അവസാനിപ്പിക്കാം.
സര്‍ദാര്‍ പട്ടേലിന്റെ പ്രതിമ, ലോകത്തിലെ ഏറ്റവും ഉയരമുള്ള പ്രതിമയായി, ലോകാത്ഭുതമായി നിര്‍മിക്കാന്‍ അക്കാലത്ത് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദി തീരുമാനിച്ചപ്പോള്‍ പലരും അത്ഭുതപ്പെട്ടിരുന്നു. കാരണം, ഗാന്ധിവധത്തെ തുടര്‍ന്ന് ആര്‍.എസ്.എസിനെ നിരോധിച്ചത് ആഭ്യന്തര മന്ത്രിയായിരുന്ന പട്ടേലാണ്. അത്തരമൊരാളുടെ പ്രതിമ 2,989 കോടി രൂപ ചെലവിട്ട് ബി.ജെ.പി സര്‍ക്കാര്‍ നിര്‍മിക്കുകയോ എന്നതായിരുന്നു അത്ഭുതം.
അല്‍പ്പം ചിന്തിച്ചാല്‍ അതിന് ഇങ്ങനെയൊരു ഉത്തരം ലഭിക്കും. ആര്‍.എസ്.എസിനെ നിരോധിച്ചെങ്കിലും പട്ടേല്‍ മുസ്‌ലിം പക്ഷപാതിയാണെന്നു സംഘ്പരിവാര്‍ കരുതുന്നില്ല. എന്നാല്‍ ഗാന്ധി അവരുടെ കണ്ണില്‍ അങ്ങനെയല്ല. ഗാന്ധിയുടെ മതേതരത്വ സിദ്ധാന്തം അവര്‍ക്കു ദഹിക്കില്ല. ഗാന്ധിയെ ചെറുതാക്കാന്‍ സംഘ്പരിവാറുകാരല്ലാത്തവര്‍ക്കു കൂടി സ്വീകാര്യനായ മറ്റൊരാളെ ഉയര്‍ത്തിക്കൊണ്ടു വരണം. അതും ഒരു ഗാന്ധിവധം തന്നെ.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംഘര്‍ഷം തടയുന്നതില്‍ പരാജയപ്പെട്ടു, പരിഹരിക്കാന്‍ ആത്മാര്‍ഥമായി ഇടപെടണം; കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ക്കെതിരെ ആര്‍.എസ്.എസും എ.ബി.വി.പിയും  

National
  •  25 days ago
No Image

അഞ്ച് തസ്തികകളില്‍ ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കാന്‍ പി.എസ്.സി

Kerala
  •  25 days ago
No Image

മുനമ്പം വഖ്ഫ് ഭൂമി: വേഗം പരിഹരിക്കണമെന്ന് സാദിഖലി തങ്ങള്‍  

Kerala
  •  25 days ago
No Image

വയനാട് തിരുനെല്ലിയില്‍ ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞു; നിരവധി പേര്‍ക്ക് പരുക്ക്

Kerala
  •  25 days ago
No Image

ശബരിമല: തത്സമയ ഓൺലൈൻ ബുക്കിങ് മൂന്നു കേന്ദ്രങ്ങളിൽ

Kerala
  •  25 days ago
No Image

കരിപ്പൂർ റെസ നിർമാണം: മണ്ണെടുപ്പ് സ്ഥലം ജിയോളജി വിഭാഗം പരിശോധിക്കും

Kerala
  •  25 days ago
No Image

ഇന്ന് റേഷന്‍ കടയടപ്പ് സമരം

Kerala
  •  25 days ago
No Image

ജിസാറ്റുമായി പറന്നുയര്‍ന്ന് മസ്‌ക്കിന്റെ ഫാല്‍ക്കണ്‍; വിക്ഷേപണം വിജയം, ചരിത്രം കുറിച്ച് ഐ.എസ്.ആര്‍.ഒ 

Science
  •  25 days ago
No Image

പരിശോധനയ്ക്കിടെ എക്സൈസ് ഉദ്യോഗസ്ഥർക്ക് മർദനം; തലയ്ക്കും ചെവിക്കും പരിക്കേറ്റു

Kerala
  •  25 days ago
No Image

കറൻ്റ് അഫയേഴ്സ്-18-11-2024

PSC/UPSC
  •  25 days ago