ജൈവസമൃദ്ധി ബജറ്റുമായി ജില്ലാ പഞ്ചായത്ത്
സ്വന്തം ലേഖിക
തിരുവനന്തപുരം: ജൈവപച്ചക്കറി ഉല്‍പാദനത്തില്‍ ജില്ലയെ സ്വയം പര്യാപ്തമാക്കുക എന്ന ലക്ഷ്യത്തിന് ഊന്നല്‍ നല്‍കികൊണ്ടുള്ള തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റെ 2016-17 ലെ വാര്‍ഷിക ബജറ്റ് വൈസ് പ്രസിഡന്റ് അഡ്വ.എ.ഷൈലജബീഗം അവതരിപ്പിച്ചു. പരമ്പരാഗത വികസന സങ്കല്‍പ്പങ്ങളില്‍ നിന്ന് വ്യതിചലിച്ച് പുതുമകള്‍ ഏറെയുള്ള ബജറ്റാണ് അവതരിപ്പിച്ചത്.ജില്ലയിലെ 100 കേന്ദ്രങ്ങളില്‍ ജനങ്ങള്‍ക്ക് നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാനുള്ള പെട്ടി സ്ഥാപിച്ച ശേഷം ഇതിലൂടെ ലഭിച്ച നിര്‍ദേശങ്ങള്‍ ക്രോഡീകരിച്ചാണ് ബജറ്റ് അവതരിപ്പിച്ചത് എന്ന പ്രത്യേകതയുമുണ്ട്. 158.7 കോടി രൂപ വരവും 156 കോടി രൂപ ചെലവും 72.9 ലക്ഷം രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന മിച്ച ബജറ്റാണ് അവതരിപ്പിച്ചത്.
ഉല്‍പാദന സേവന മേഖലകള്‍ക്ക് പ്രത്യേകം ഊന്നല്‍ നല്‍കിയിരിക്കുന്ന ബജറ്റില്‍ ജൈവപച്ചക്കറി ഉല്‍പാദനത്തില്‍ ജില്ലയെ സ്വയം പര്യാപ്തമാക്കുക എന്ന ലക്ഷ്യത്തിനായി'ജൈവസമൃദ്ധി' പദ്ധതിക്കാണ് പ്രഥമ പരിഗണന നല്‍കിയിരിക്കുന്നത്. വിഷം കലരാത്ത പച്ചക്കറി ജില്ലയിലെ മുഴുവന്‍ പേര്‍ക്കും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ജനുവരി മുതല്‍ തന്നെ പദ്ധതിക്കുള്ള പ്രാരംഭ നടപടികള്‍ ആരംഭിച്ചിരുന്നു. ബ്ലോക്ക്-ഗ്രാമ പഞ്ചായത്തുകളെയും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ജില്ലയില്‍ 20 സെന്റ് വീതമുള്ള 5000 പച്ചക്കറി കൃഷി യൂനിറ്റുകളിലൂടെ വന്‍തോതിലുള്ള പച്ചക്കറി ഉല്‍പാദനത്തിനാണ് ലക്ഷ്്യമിട്ടിരിക്കുന്നത്.
കാര്‍ഷിക മേഖല പരിപോഷിപ്പിക്കുന്നതിനായി കാര്‍ഷിക സേവന കേന്ദ്രം (അഗ്രോ സര്‍വീസ് സൊസൈറ്റി) പ്രവര്‍ത്തനം ഊര്‍ജിതമാക്കും. യന്ത്രോപകരണങ്ങള്‍ വാങ്ങുന്നതിന് 25,00,000 രൂപയും അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിന് അഞ്ച് ലക്ഷം രൂപയും ഉള്‍പ്പെടെ 30 ലക്ഷം രൂപ ഇതിനായി വകയിരുത്തിയിട്ടുണ്ട്.
നാടന്‍ കലാരൂപങ്ങളെ പരിചയപ്പെടാനും ആചാര്യന്‍മാരെ ആദരിക്കാനുമായി 'ഗുരുകുലം' പദ്ധതിയും വിദ്യാര്‍ഥി പ്രതിഭകളെ ആദരിക്കുന്നതിനായി 'പ്രതിഭാ സംഗമവും' നടപ്പിലാക്കും. മാലിന്യം ഉറവിടത്തില്‍ തന്നെ സംസ്‌കരിക്കുന്നതിനുള്ള ബോധവല്‍ക്കരണത്തിനും പ്ലാസ്റ്റിക്, ഇ-വേസ്റ്റ് എന്നിവ പ്രത്യേകം ശേഖരിച്ച് പുനരുപയുക്തമാക്കുന്നതിനുമായി 'ക്ലീന്‍ വില്ലേജ്' പദ്ധതി നടപ്പാക്കും. ബജറ്റ് അവതരണ യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ മധു അധ്യക്ഷത വഹിച്ചു.
സ്വപ്ന പദ്ധതികള്‍
ഉല്‍പാദന സേവന മേഖലകള്‍ക്ക് പ്രത്യേകം ഊന്നല്‍ നല്‍കുന്നതിനോടൊപ്പം ചില സ്വപ്ന പദ്ധതികളും ജില്ലാപഞ്ചായത്ത് മുന്നോട്ടുവെയ്ക്കുന്നുണ്ട്്. ജൈവ സമൃദ്ധി, തണല്‍, അക്ഷരമാല, സ്‌നേഹം, മഴത്താവളം, എന്റെ പുഴ-എന്റെ ജലാശയം, രക്ഷ, ദിശ, കൂത്തമ്പലം, പാഥേയം, പ്രാതല്‍, വഴിയമ്പലം, ശാന്തികുടീരം എന്നിവയാണ് സ്വപ്ന പദ്ധതിയായി അവതരിപ്പിച്ചിരിക്കുന്നത്.
'ജൈവസമൃദ്ധി'
ജൈവപച്ചക്കറി ഉല്‍പാദനത്തില്‍ ജില്ലയെ സ്വയം പര്യാപ്തമാക്കുക എന്ന ലക്ഷ്യത്തോടെ ഈ വര്‍ഷം ജനുവരിയില്‍ ജൈവസമൃദ്ധി പദ്ധതിയ്ക്ക് ജില്ലാ പഞ്ചായത്ത് രൂപം നല്‍കിയിരുന്നു. വിഷം കലരാത്ത പച്ചക്കറി ജില്ലയിലെ മുഴുവന്‍ ജനങ്ങള്‍ക്കും ലഭ്യാമാക്കുക എന്ന ലക്ഷ്യത്തോടെ ജില്ലാ പഞ്ചായത്ത് ആവിഷ്‌ക്കരിച്ചിട്ടുള്ള ബൃഹത്ത് പദ്ധതിയാണ് ജൈവസമൃദ്ധി. ബ്ലോക്ക് പഞ്ചായത്തുകളുടെയും ഗ്രാമപഞ്ചായത്തുകളെയും ഉള്‍പ്പെടുത്തി ജില്ലയിലെ എല്ലാ സ്ഥലങ്ങളിലും സ്ഥാപനങ്ങളിലും പദ്ധതി വ്യാപിക്കുന്നതിന് ആവശ്യമായ വിപുലമായ രൂപരേഖയാണ് തയ്യാറാക്കിയിട്ടുള്ളത്. ജില്ലയില്‍ 20 സെന്റ് വീതമുള്ള 5000 പച്ചക്കറി കൃഷി യൂനിറ്റുകളിലൂടെ വന്‍തോതിലുള്ള പച്ചക്കറി ഉല്‍പാദനമാണ് പദ്ധതിയുടെ അടിസ്ഥാന ലക്ഷ്യം.
വിദ്യാഭ്യാസ മേഖലക്കായി 'അക്ഷരമാല'
വിദ്യാഭ്യാസമേഖലയില്‍ ഗുണമേന്‍മ വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള 'അക്ഷരമാല' പദ്ധതി നടപ്പാക്കും. കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, മലയാളം, ഹിന്ദി, ഗണിതം എന്നീ വിഷയങ്ങളില്‍ വിദ്യാര്‍ഥികള്‍ക്ക് പ്രത്യേക പരിശീലനം നല്‍കുന്നതിനൊപ്പം സിവില്‍ സര്‍വീസ് പരിശീലനം, എന്‍ട്രന്‍സ് കോച്ചിങ്, പി.എസ്.സി പരിശീലനം എന്നിവയും പദ്ധതിയുടെ ഭാഗമായി നല്‍കും.
വരള്‍ച്ചയെ നേരിടാന്‍ 'മഴത്താവളം'
വരള്‍ച്ചയെ നേരിടുന്നതിനും മണ്ണും ജലവും ജൈവസമ്പത്തും തമ്മില്‍ ഉണ്ടായിരിക്കേണ്ട സ്വാഭാവിക ജൈവ ബന്ധം നിലനിര്‍ത്തുന്നതിനായാണ് മഴത്താവളം എന്ന മഴവെള്ളസംഭരണ പദ്ധതിക്കു രൂപം നല്‍കുന്നത്. ഇതിനായി ജില്ലയിലുടനീളം ഒരു ലക്ഷം മഴക്കുഴികള്‍ നിര്‍മിച്ച് മഴവെള്ളം സംഭരിച്ച് ഭൂഗര്‍ഭ ജലവിതാനം ഉയര്‍ത്തി ജല ലഭ്യത ഉറപ്പാക്കും. മാഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി സഹകരിച്ച് നടപ്പിലാക്കാനുദ്ദേശിക്കുന്ന പദ്ധതി കാര്‍ഷിക മേഖലയ്ക്ക് പുത്തന്‍ ഉണര്‍വേകുന്നതാണ്.
കുട്ടികള്‍ക്കായി
'രക്ഷ'യും 'ദിശ'യും
'രക്ഷ' എന്ന പേരില്‍ സ്‌കൂള്‍ വിദ്യാര്‍ഥിനികള്‍ക്ക് സ്വയരക്ഷക്കായി കരാട്ടെയില്‍ പരിശീലനം നല്‍കും. ജില്ലാ പഞ്ചായത്തിനു കീഴില്‍ വരുന്ന സ്‌കൂളുകളിലെ വിദ്യാര്‍ഥിനികള്‍ക്കാണ് പരിശീലനം നല്‍കുക. ലഹരിയുടെ പിടിയില്‍ അകപ്പെടാതെ വിദ്യാര്‍ഥികളെ നേര്‍വഴി നയിക്കാന്‍ യോഗ പരിശീലനം നല്‍കുന്ന 'ദിശ' പദ്ധതിയും ഇക്കുറി നടപ്പാക്കും. ജില്ലാ പഞ്ചായത്തിന്റെ കീഴില്‍ വരുന്ന സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് ഈ പരിശീലനം നല്‍കുന്നത്. ജീവിത ശൈലീരോഗങ്ങള്‍ക്ക് കുഞ്ഞുന്നാളില്‍ തന്നെ പ്രതിരോധം തീര്‍ക്കാന്‍ കഴിയുന്ന കായിക പരിശീലന പരിപാടിയും ദിശ ലക്ഷ്യമിടുന്നു.
സ്വാന്ത്വനമേകാന്‍
'സ്‌നേഹം'
ക്യാന്‍സര്‍, പ്രമേഹം, ഹൃദ്‌രോഗം ഉള്‍പ്പെടെയുള്ള വിവിധ രോഗങ്ങള്‍ ബാധിച്ച കിടപ്പു രോഗികളുടെ പരിചരണത്തിനും ചികിത്സക്കുമായി 'സ്‌നേഹം' പദ്ധതി നടപ്പാക്കും. കുട്ടികളില്‍ സഹജീവികളോടുള്ള അനുകമ്പ വളര്‍ത്തിയെടുക്കാന്‍ താല്പര്യമുള്ളവരില്‍ നിന്ന് പ്രതിമാസം രണ്ടു രൂപാ വീതം ശേഖരിച്ച് ഇവരെക്കൂടി പങ്കാളികള്‍ ആക്കി സഹായനിധി രൂപീകരിച്ച് ഗ്രാമ-ബ്ലോക്ക്തല പാലിയേറ്റീവ് പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ സഹായം എത്തിക്കും. ജില്ലാ പഞ്ചായത്തിനു കീഴില്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ സ്റ്റോറുകള്‍, ലാബുകള്‍ എന്നിവ സംയോജിപ്പിച്ച് മെഡിക്കല്‍ പാലിയേറ്റീവ് സര്‍വീസ് സൊസൈറ്റി രൂപീകരിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചെയര്‍മാനും ഭരണസമിതി നിശ്ചയിക്കുന്ന ഉദ്യോഗസ്ഥന്‍ കണ്‍വീനറുമായാണ് സൊസൈറ്റി പ്രവര്‍ത്തിക്കുക. ജില്ലാ പഞ്ചായത്തിനു കീഴിലുള്ള അലോപ്പതി, ആയുര്‍വേദ, ഹോമിയോ, വെറ്റിനറി മെഡിക്കല്‍ സ്‌റ്റോറുകളുടെ പ്രവര്‍ത്തനവും ഇനി മുതല്‍ സൊസൈറ്റിയുടെ ഏകോപനത്തിലായിരിക്കും.
'ക്ലീന്‍ വില്ലേജ് '
ജില്ലയിലെ മാലിന്യപ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് രൂപം നല്‍കിയ പദ്ധതിയാണിത്. മാലിന്യം ഉറവിടത്തില്‍ തന്നെ സംസ്‌കരിക്കുന്നതിനുള്ള ബോധവല്‍ക്കരണം, പ്ലാസ്റ്റിക് -ഇ-വേസ്റ്റ് എന്നിവ പ്രത്യേകം ശേഖരിച്ച് പുനരുപയുക്തമാക്കുന്നത്, ഓടകള്‍ മാലിന്യമുക്തമാക്കി നിലനിര്‍ത്തുന്നത് തുടങ്ങിയവയാണ് പദ്ധതിയുടെ ഭാഗമായി നടപ്പാക്കുക. സംസ്ഥാനാവിഷ്‌കൃത ഫണ്ട് ഉപയോഗിച്ചും ശുചിത്വ മിഷനുമായി ചേര്‍ന്നുമായിരിക്കും പദ്ധതി നടപ്പിലാക്കുന്നത്.
ജല സംരക്ഷണത്തിനായി 'എന്റെ പുഴ എന്റെ ജലാശയം '
തോടുകളും പുഴകളും മലിനമായിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ ജല സംരക്ഷണം എന്നത് അനിവാര്യമായ കാര്യമാണ്. ഇതിനായി എന്റെ പുഴ എന്റെ ജലാശയം എന്ന പദ്ധതിയ്ക്കാണ് ജില്ലാ പഞ്ചായത്ത് വിഭാവന ചെയ്തിരിക്കുന്നത്. ഇതിന്റെ ഭാഗമായി മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ സഹായത്തോടെ മലിനമായ ജലാശയങ്ങളെയും പുഴകളെയും ശുദ്ധീകരിക്കാനും ഇവയുടെ കരയില്‍ ഈറ, മുള തുടങ്ങിയ സസ്യങ്ങള്‍ വച്ചുപിടിപ്പിച്ച് സംരക്ഷിക്കുകയും ചെയ്യും.
മെഡിക്കല്‍ പാലിയേറ്റീവ് സര്‍വ്വീസ് സൊസൈറ്റി
ജില്ലാ പഞ്ചായത്തിന് കീഴില്‍ ലാഭകരമായി പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ സ്റ്റോറുകള്‍, ലാബുകള്‍ എന്നിവ സംയോജിപ്പിച്ച് ഒരു മെഡിക്കല്‍ പാലിയേറ്റീവ് സര്‍വ്വീസ് സൊസൈറ്റിക്ക് രൂപം നല്‍കും.
സ്‌നേഹം പദ്ധതി വഴി സ്വരൂപിക്കുന്ന സ്‌നേഹനിധി ജില്ലയിലെ സാന്ത്വന ചികിത്സ ആവശ്യമായ രോഗികളുടെ ചികിത്സക്കായി വിനിയോഗിക്കും. സൊസൈറ്റിയുടെ ചെയര്‍മാനായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റും കണ്‍വീനറായി ജില്ലാ പഞ്ചായത്ത് ഭരണസമിതി നിശ്ചയിക്കുന്ന ജില്ലാതല ഉദ്യോഗസ്ഥനും പ്രവര്‍ത്തിക്കും. ജില്ലാ പഞ്ചായത്തിന്റെ നിയന്ത്രണത്തിലുള്ള ഒരു സ്വതന്ത്ര ചാരിറ്റബിള്‍ സൊസാറ്റിയായിരിക്കും ഇത്. ജില്ലാ പഞ്ചായത്തിന്റെ കീഴിലുള്ള അലോപ്പതി, ആയുര്‍വ്വേദ, ഹോമിയോ, വെറ്റിനറി മെഡിക്കല്‍ സ്റ്റോറുകളും പ്രവര്‍ത്തനവും ഈ സൊസൈറ്റിക്ക് ഏകോപിപ്പിക്കാനാവും.
കലാരൂപങ്ങള്‍ക്കായി
'കൂത്തമ്പലം'
തനത് പാരമ്പര്യ കലാരൂപങ്ങളുടെയും നാടന്‍ കലകളുടെയും പ്രോത്സാഹനത്തിനും ഉന്നമനത്തിനുമായുള്ള പദ്ധതിയാണ് കൂത്തമ്പലം. ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളില്‍ കേരളീയ വാസ്തു ശില്‍പ രീതിയില്‍ പരിശീലന കളരികള്‍ സ്ഥാപിക്കുക എന്നതാണ് ലക്ഷ്യം. പാരപമ്പര്യ കലാരൂപങ്ങളില്‍ പുതുതലമുറയ്ക്ക് താല്‍പ്പര്യം വര്‍ധിപ്പിക്കുന്നതിനായി വിദഗ്ദ്ധരുടെ സേവനം ഉപയോഗിച്ച് പരിശീലനം നടത്തുകയും കലാസംഘങ്ങള്‍ രൂപീകരിക്കുകയും ചെയ്യും.
ഗുരുകുലം
ജില്ലയിലെ തനത് കലകളുടെയും നാടന്‍ കലാരൂപങ്ങളുടെയും ആചാര്യന്മാരെയും വിവിധ മേഖലകളില്‍ പ്രാഗല്‍ഭ്യം തെളിയിച്ച പ്രതിഭാശാലികളെയും കലാസാഹിത്യ നായകന്മാരെയും ആദരിക്കുന്ന പദ്ധതിയാണിത്. കലാകായിക വേദികളില്‍ പെരുമ നേടിയ താരങ്ങളെയും ഈ പദ്ധതിയില്‍ ആദരിക്കും.
പ്രാതല്‍, പാഥേയം
പ്രാതല്‍, പാഥേയം പദ്ധതിയില്‍പ്പെടുത്തി തോട്ടം-തീരദേശ-ആദിവാസി മേഖലകളിലെ കുട്ടികള്‍ക്ക് ഭക്ഷണം നല്‍കും. അങ്കണവാടി വഴി കുടുംബശ്രീയുടെ സഹായത്തോടെ പൊതിച്ചോറുകളും പാഥേയം പദ്ധതിയുടെ ഭാഗമായി നല്‍കും.
കാര്‍ഷിക സേവന കേന്ദ്രം
കാര്‍ഷിക മേഖലയില്‍ ആവശ്യമായ അറിവും സേവനവും കുറഞ്ഞ നിരക്കില്‍ യഥാസമയം കര്‍ഷകര്‍ക്ക് ലഭ്യമാക്കി കാര്‍ഷിക മേഖലയെ പരിപോഷിപ്പിക്കുന്നതിനായി കാര്‍ഷിക സേവന കേന്ദ്രം സ്ഥാപിക്കും. കേന്ദ്രത്തിന് ആവശ്യമായ യന്ത്രോപകരണങ്ങള്‍ വാങ്ങുന്നതിന് 25,00,000 രൂപയും അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിന് 5,00,000 രൂപയും ഉള്‍പ്പെടെ ആകെ 30,00,000 രൂപ ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചെയര്‍മാനും പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ കണ്‍വീനറായും ഈ സൊസൈറ്റിയില്‍ പ്രവര്‍ത്തിക്കും. ജില്ലയിലെ മുഴുവന്‍ ജനങ്ങളും ഈ പദ്ധതിയുടെ ഗുണഭോക്താക്കളാകും. ക്ഷീരമേലയില്‍ മൊബൈല്‍ പാല്‍ ടെസ്റ്റിംഗ് യൂണിറ്റ് തുടങ്ങുന്നതിനായി 1,52,10,000 രൂപ അനുവദിച്ചിട്ടുണ്ട്. മണ്ണാംകോണത്തും അരുവിക്കരയിലും ഖാദി-കൈത്തറി കോംപ്ലക്‌സുകള്‍ ആരംഭിക്കും. ജഴ്‌സി ഫാമുകളില്‍ നിന്ന് ശേഖരിക്കുന്ന പാല്‍ പാക്കറ്റ് പാലാക്കി വില്‍ക്കുന്ന യൂണിറ്റിന് 6,06,51,897 കോടി രൂപ അനുവദിച്ചു.
വായനശാല
ജില്ലയിലെ ഗ്രന്ഥശാലകളെ സഹായിക്കുന്നതിനുള്ള പദ്ധതിയാണിത്. പദ്ധതിപ്രകാരം സ്വന്തമായി സ്ഥലമുള്ളതും എന്നാല്‍ കെട്ടിടമില്ലാത്തതുമായ ലൈബ്രറി കൗണ്‍സില്‍ അഫിലിയേഷന്‍ ഉള്ള 25 ലൈബ്രറികള്‍ക്ക് ഈ വര്‍ഷം കെട്ടിടം നിര്‍മിച്ചു നല്‍കും.
സ്‌പോര്‍ട്‌സ് ഹബ്ബ്
ജില്ലയിലെ പത്ത് കേന്ദ്രങ്ങളില്‍ സ്‌പോര്‍ട്‌സ് ഹബ്ബുകള്‍ വികസിപ്പിക്കും. ഇന്‍ഡോര്‍ സ്‌റ്റേഡിയം, വിവിധ കായിക ഇനങ്ങളിലുള്ള പരിശീലനം, മിനി ജിംനേഷ്യം എ്ന്നിവ ഉള്‍പ്പെടെ ഉള്ള സംവിധാനങ്ങളാണ് സ്‌പോര്‍ട്‌സ് ഹബ്ബിലൂടെ ലക്ഷ്യമിടുന്നത്.
എ.ബി.സി
ബജറ്റിലെ മറ്റൊരു ശ്രദ്ധേയ പദ്ധതിയാണിത്. തെരുവുനായ്ക്കളുടെ വംശവര്‍ധനവ് തടയുകയാണ് ലക്ഷ്യം. ജില്ലയില്‍ ഒരു കേന്ദ്രത്തില്‍ തെരുവുനായ്ക്കളുടെ പ്രജനന നിയന്ത്രണത്തിനായുള്ള സ്ഥിരം സംവിധാനവും ഒരു സഞ്ചരിക്കുന്ന തെരുവുനായ പ്രജനന നിയന്ത്രണകേന്ദ്രവും ആരംഭിക്കുന്നതിന് പദ്ധതി ലക്ഷ്യമിടുന്നു.
സ്‌കൂളുകള്‍ക്കായി മാതൃകാ
പദ്ധതികള്‍
ജില്ലാപഞ്ചായത്തിന്റെ പരിധിയിലുള്ള 78 ഹൈസ്‌കൂളുകളില്‍ നൂതനമായ മാതൃകാ പദ്ധതികള്‍ നടപ്പിലാക്കാനും ബജറ്റ് ലക്ഷ്യമിടുന്നു.സ്‌കൂള്‍ മെയിന്റനന്‍സ്, പാചകപ്പുര നിര്‍മാണം, ചുറ്റുമതില്‍ നിര്‍മാണം എന്നിവയ്ക്ക് പുറമേ ആര്‍.എം.എസ്.എ ഫണ്ട് കൂടി ഉപയോഗപ്പെടുത്തി ആറ് സ്‌കൂളുകള്‍ക്ക് പുതിയ ഇരുനില കെട്ടിടങ്ങള്‍ പണിയുന്നതിനും തുക വകയിരുത്തി. തിരഞ്ഞെടുക്കപ്പെട്ട വിദ്യാലയങ്ങളില്‍ ആധുനിക രീതിയിലുള്ള പെണ്‍ സൗഹൃദ ടോയ്‌ലറ്റുകള്‍ സ്ഥാപിക്കുന്നതിനും ഫണ്ട് വകയിരുത്തി.
ആരോഗ്യം
നെടുമങ്ങാട്, പേരൂര്‍ക്കട ജില്ലാ ആശുപത്രികളില്‍ ഡയാലിസിസ് യൂനിറ്റുകളും പവര്‍ ലോണ്ട്രികളും ജനറേറ്റുകളും സ്ഥാപിക്കും. നെടുമങ്ങാട് ആശുപത്രിയില്‍ ആധുനിക മോര്‍ച്ചറിയും നിര്‍മിക്കും.
പട്ടികജാതി
പട്ടികവര്‍ഗമേഖല
പട്ടികജാതി പട്ടിക വര്‍ഗ്ഗ മേഖലയില്‍ സമഗ്ര കോളനി വികസനത്തിന്റെ ഭാഗമായി കഴിഞ്ഞകാലങ്ങളില്‍ നടപ്പിലാക്കിയിട്ടുള്ള പരമ്പരാഗത പദ്ധതികള്‍ക്കു പുറമെ കോളനി നിവാസികളുടെ ആവശ്യങ്ങള്‍ കണക്കിലെടുത്ത് പുതിയ പദ്ധതികള്‍ക്ക് രൂപം നല്‍കിയിട്ടുണ്ട്. പട്ടിക വര്‍ഗ്ഗ മേഖലയില്‍ ഊരുകളില്‍ അവരുടെ നിത്യ ജീവിതവുമായി ബന്ധപ്പെട്ട പരമ്പരാഗത തൊഴില്‍ സംരംഭങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തുന്നതിനും വിദ്യാഭ്യാസ നിലവാരം ഉയര്‍ത്തുന്നതിനുമുള്ള പദ്ധകികള്‍ക്കും എല്ലാ കുട്ടികള്‍ക്കും പ്രഭാത ഭക്ഷണം നല്‍കുന്നതിനുമായി 25.4 കോടി രൂപ വകയിരുത്തിയിട്ടുണ്ട്.
ലേബര്‍ ബജറ്റ്
വാര്‍ഷിക ബജറ്റിനൊപ്പം മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ 96,07,815 തൊഴില്‍ ദിനങ്ങള്‍ക്കുള്ള 366.69 കോടി രൂപയുടെ ലേബര്‍ ബജറ്റും അവതരിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."