തടവുകാര്‍ക്ക് അകമ്പടി; പൊലിസ് ഡ്യൂട്ടിയിലും രാഷ്ട്രീയമെന്ന് ആക്ഷേപം
കണ്ണൂര്‍: കണ്ണൂരില്‍നിന്ന് തടവുകാര്‍ക്ക് അകമ്പടി ഡ്യൂട്ടിക്കു പൊലിസുകാരെ വിടുന്നതു രാഷ്ട്രീയം നോക്കിയെന്ന് ആക്ഷേപം. ഉദ്യോഗസ്ഥരെ രാഷ്ട്രീയ ചായ്‌വ് നോക്കി അകലെയുള്ള സ്ഥലങ്ങളിലേക്ക് അയക്കുന്നതായാണ് പരാതി. കണ്ണൂര്‍ ടൗണില്‍ നിന്നു വിദൂര പ്രദേശങ്ങളിലുള്ള ചെറുപുഴ, ആലക്കോട്, കരിക്കോട്ടക്കരി, കേളകം, പേരാവൂര്‍, കൊളവല്ലൂര്‍, ന്യൂമാഹി പൊലിസ് സ്റ്റേഷനുകളില്‍നിന്ന് അകമ്പടി ഡ്യൂട്ടിക്ക് പോവേണ്ട പൊലിസുകാരുടെ നമ്പര്‍ തലേദിവസം ഹെഡ് ക്വാര്‍ട്ടേഴ്‌സിലേക്ക് നല്‍കുന്നുണ്ട്. എന്നാല്‍ ഹെഡ് ക്വാര്‍ട്ടേഴ്‌സില്‍ ഡ്യൂട്ടി വിവരങ്ങള്‍ തയാറാക്കുന്ന പൊലിസ് ഉദ്യോഗസ്ഥര്‍ ഈ നമ്പറുകള്‍ പരിശോധിച്ച ശേഷം ഇടത് അനുകൂലികള്‍ക്കു ജില്ലയ്ക്കുള്ളിലെ കോടതികളിലേക്ക് ഹ്രസ്വദൂര അകമ്പടി അനുവദിക്കുമ്പോള്‍ യു.ഡി.എഫ് അനുകൂലികള്‍ക്കു ദീര്‍ഘദൂര അകമ്പടിയാണ് നല്‍കുന്നത്. കുന്ദമംഗലം, കോഴിക്കോട്, കാസര്‍കോട്, പാലക്കാട്, തൃശൂര്‍ എന്നിവിടങ്ങളിലേക്കാണു പതിവായി ഡ്യൂട്ടി നല്‍കുന്നതെന്നു യു.ഡി.എഫ് അനുകൂലികള്‍ പരാതിപ്പെടുന്നു.
ഡ്യൂട്ടിയിലുള്ളവര്‍ രാവിലെ ആറിനു ജയിലില്‍ നിന്നു പുറപ്പെടണം. ബഹുഭൂരിപക്ഷം സേനാംഗങ്ങളും പുലര്‍ച്ചെ യാതൊരു വാഹനസൗകര്യങ്ങളും ഇല്ലാത്ത മലയോരങ്ങളിലെ വീടുകളില്‍നിന്ന് ആറിനു മുന്‍പായി കണ്ണൂരിലെത്താനാവാതെ നിസഹായരാവുകയാണെന്നാണു പൊലിസുകാരുടെ പരാതി. രാത്രി 11ന് ശേഷമാണ് എ.ആറില്‍ ഡ്യൂട്ടിയിടുന്നത്. അതിനുശേഷം വീട്ടില്‍ നിന്നു പുറപ്പെട്ട് ദീര്‍ഘദൂരം സഞ്ചരിച്ചു കണ്ണൂരില്‍ രാവിലെ ആറിനു മുന്‍പ് എത്തിച്ചേരുന്നതു പ്രയാസമാണ്. ഒരേ സ്റ്റേഷനില്‍ നിന്നു പോകുന്നവര്‍ ഒരാള്‍ അടുത്തും മറ്റേയാള്‍ ദൂരെയും പോകേണ്ടി വരുന്നുണ്ട്. കണ്ണൂര്‍ ടൗണിനടുത്തുള്ള സ്റ്റേഷനുകളിലുള്ളവരെ രാവിലത്തെ ഡ്യൂട്ടിക്കു നിയോഗിച്ച് മലയോരങ്ങളില്‍ നിന്നു വരുന്നവരെ എട്ടിനു ശേഷം പോകേണ്ടുന്ന എസ്‌കോര്‍ട്ട് മാത്രം ഇടാമെന്നിരിക്കെയാണ് ഈ സ്ഥിതി. പല സ്റ്റേഷനുകളിലും രാവിലെ എട്ടിനു ഡ്യൂട്ടിക്കു നിയമിക്കപ്പെടുന്ന ഉദ്യോഗസ്ഥന്‍ ആറിനു കണ്ണൂരില്‍ റിപ്പോര്‍ട്ട് ചെയ്യണം. ചെറുപുഴ, പെരിങ്ങോം, കുടിയാന്മല സ്റ്റേഷനിലെ സേനാംഗം ആറിനു ഡ്യൂട്ടിക്ക് കണ്ണൂരില്‍ എത്തണമെങ്കില്‍ പുലര്‍ച്ചെ മൂന്നിനെങ്കിലും സ്റ്റേഷനില്‍ നിന്നു പുറപ്പെടണം. അപ്രായോഗികമായി ഡ്യൂട്ടി വിവരം തയാറാക്കുന്ന എ.ആറിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ഉണ്ടാകണമെന്നു പലതവണ പൊലിസുകാര്‍ മേല്‍ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിരുന്നു. ഉദ്യോഗസ്ഥരുടെ നിര്‍ദേശം ഉണ്ടാകുമ്പോള്‍ മാത്രം ഇതില്‍ ചെറിയമാറ്റം ഉണ്ടാകാറുണ്ടെന്നും പൊലിസുകാര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."