വേനല്‍ കനത്തു; പാലക്കാട് ഇളനീരിന് വന്‍ ഡിമാന്റ്
കൊഴിഞ്ഞാമ്പാറ: ജില്ലയുടെ കിഴക്കന്‍ മേഖലകളായ മീനാക്ഷിപുരം, ഗോപാലപുരം, കൊഴിഞ്ഞാമ്പാറ, വേലന്താവളം പ്രദേശങ്ങളില്‍ വേനല്‍ ശക്തമായതോടെ ഇളനീര്‍ തോട്ടങ്ങള്‍ സജീവമായി. ബോംബെ, ചെന്നൈ, ബംഗളൂരു എന്നിവിടങ്ങളിലേക്ക് പൊള്ളാച്ചി ഇളനീര്‍ എന്ന പേരില്‍ എത്തുന്ന പാലക്കാട് ജില്ലയുടെ കിഴക്കന്‍പ്രദേശത്തെ ഇളനീരിന് നിലവില്‍ വന്‍ ഡിമാന്റാണ്.
തോട്ടത്തില്‍ 10,14 രൂപയ്ക്കുവരെ ഇളനീര്‍ വില്‍പനയാകുന്നുണ്ട്. ഇത് വേനല്‍ ശക്തമാകുന്നതോടെ വീണ്ടും വര്‍ധിക്കുമെന്ന് കേരകര്‍ഷകര്‍ പറയുന്നു. പൊള്ളാച്ചിയില്‍നിന്നും ദിനംപ്രതി പത്ത് കണ്ടൈനര്‍ ലോറികളാണ് ഉത്തരേന്ത്യയിലേക്ക് കഴിഞ്ഞ രണ്ടാഴ്ച മുതല്‍ ഇളനീര്‍ കയറ്റുമതി ചെയ്തത്. മൂന്നു ദിവസങ്ങളില്‍ ഉത്തരേന്ത്യയിലെ വിവിധ പട്ടണങ്ങളിലേക്ക് റോഡ് മാര്‍ഗം എത്തുന്ന ഇളനീരിന് വില്‍പന വര്‍ധിച്ചതോടെ രണ്ടുമാസത്തേക്കുള്ള ഓര്‍ഡറുകള്‍ തോട്ട ഉടമകള്‍ക്ക് അപ്രതീക്ഷിതമായെത്തിയതു മൂലം നാളികേരത്തിനായി വളര്‍ത്തിയിരുന്ന തെങ്ങിന്‍ തോട്ടങ്ങള്‍ ഇളനീരുല്‍പ്പാദനത്തിലേക്ക് മാറുകയും ഇതിനായുള്ള ജലസേചനവും പറിക്കാനുള്ള സംവിധാനവും സജ്ജീകരിക്കല്‍ അതിര്‍ത്തി തോട്ടങ്ങളില്‍ വ്യാപകമായി തുടരുകയാണ്.
തെങ്ങില്‍ കയറി കയറില്‍ കെട്ടി ഇറക്കുന്ന ഇളനീര്‍ വളരെ സൂക്ഷമതയോടുകൂടിയാണ് വില്‍പനക്ക് എത്തിക്കുന്നത്. നിറം, വലുപ്പം, നീരുള്ളത്, നീരു കുറഞ്ഞത് എന്നിങ്ങനെ വിവിധ ഘട്ടങ്ങളിലുള്ള ഇളനീരിനെ കയറ്റിവിടുന്നതിനു മുമ്പ് ഇവയുടെ ഗുണമേന്മ പരിശോധിക്കുവാനുള്ള ഇളനീര്‍ എക്‌സ്‌പെര്‍ട്ടുകളെ തോട്ടങ്ങളിലേക്ക് അയച്ചാണ് ഏജന്റുമാരും വ്യാപാരികളും കര്‍ഷകരില്‍ നിന്നും ഇളനീര്‍ വാങ്ങുന്നത്. ഇളനീര്‍ ഉത്പാദനത്തിന് ഡിമാന്റ് വര്‍ധിച്ചത് നാളികേരത്തിന്റെ വിലക്കുറവില്‍ നിന്നും കേരകര്‍ഷകര്‍ക്ക് അല്‍പം ആശ്വാസം ലഭിക്കും.
ഇളനീരിന് തോട്ടത്തിലെ വില പത്തു രൂപയില്‍ നിന്നും ആരംഭിക്കുമ്പോള്‍ ഇളനീരിനേക്കാള്‍ കൂടുതല്‍ സമയമെടുത്ത് വിളവെടുക്കുന്ന നാളികേരം ഒന്നിന് ശരാശരി നാലു രൂപയില്‍ നിന്നും തുടങ്ങുന്നതിനാല്‍ മീനാക്ഷിപുരത്തെ കേരകര്‍ഷകര്‍ക്ക് ഇളനീര്‍ ഉത്പാദനം വേനലില്‍ അല്‍പം ആശ്വാസമായിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."