ധനകാര്യവകുപ്പിന്റെ പരിശോധന; ക്രമക്കേട് നടന്നത് 117 ഓഫിസുകളില്‍
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: ധനകാര്യവകുപ്പിന്റെ പരിശോധനാ വിഭാഗം 2018-19 വര്‍ഷത്തില്‍ വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയില്‍ ക്രമക്കേട് കണ്ടെത്തിയത് 117 ഓഫിസുകളില്‍. ക്രമക്കേട് കണ്ടെത്തി തുടര്‍നടപടി നിര്‍ദേശിച്ചെങ്കിലും 103 ഓഫിസുകളില്‍ നിന്നുള്ള തുടര്‍നടപടി സംബന്ധിച്ച റിപ്പോര്‍ട്ട് ലഭ്യമാക്കിയിട്ടില്ലെന്നും നിയമസഭയില്‍ കെ. രാജന്റെ ചോദ്യത്തിന് മറുപടിയായി ധനമന്ത്രി തോമസ് ഐസക് നല്‍കിയ രേഖകളില്‍ വ്യക്തമാക്കുന്നു.
ആരോഗ്യവകുപ്പിന് കീഴിലെ വിവിധ ഓഫിസുകള്‍, സ്‌കൂളുകള്‍, വിദ്യാഭ്യാസ വകുപ്പിന് കീഴിലെ മറ്റു ഓഫിസുകള്‍, കലക്ടറേറ്റുകള്‍, തദ്ദേശ സ്ഥാപനങ്ങള്‍, പൊലിസ് സ്റ്റേഷനുകള്‍, എക്‌സൈസ് ഓഫിസുകള്‍, സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പറേഷന്‍ കോഴിക്കോട്, പൊതുമരാമത്ത് വിഭാഗം ഡിവിഷന്‍ ഓഫിസ്, അംഗപരിമിതര്‍ക്കായുള്ള സംസ്ഥാന കമ്മിഷണറുടെ കാര്യാലയം, സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്റെ എറണാകുളത്തെ കാര്യാലയം, ബിവറേജസ് കോര്‍പ്പറേഷന്റെ മദ്യവില്‍പന ശാലകള്‍, കാര്‍ഷിക വികസന ഡയറക്ടറേറ്റ്, സബ് രജിസ്ട്രാര്‍ ഓഫിസുകള്‍, ജില്ലാ ജയിലുകള്‍, സര്‍വേ വകുപ്പ് അസി.ഡയറക്ടറുടെ ഓഫിസ്, ഗ്രാമീണ കാര്‍ഷിക മൊത്ത വ്യാപാര വിപണി, മീറ്റ് പ്രോഡക്ട്‌സ് ഓഫ് ഇന്ത്യ, മത്സ്യവകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയം, തൊടുപുഴ ജില്ലാ വെറ്ററിനറി സെന്റര്‍, ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫിസുകള്‍ (തൊടുപുഴ, തൃശൂര്‍), ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ട്രേറ്റ്, ജി.വി രാജ സ്‌പോര്‍ട്‌സ് സ്‌കൂള്‍, വനംവകുപ്പിന് കീഴിലെ വിവിധ ഓഫിസുകള്‍, കേരള സംസ്ഥാന കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന്‍, കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്, കേരള ബുക്‌സ് ആന്‍ഡ് പബ്ലിക്കേഷന്‍ സൊസൈറ്റി, ടൂറിസം വകുപ്പ് ഡയറക്ടറേറ്റ് എന്നിവിടങ്ങളില്‍ നിന്നാണ് ക്രമക്കേടുകള്‍ കണ്ടെത്തിയത്. സര്‍ക്കാര്‍ വാഹനം ദുരുപയോഗം ചെയ്തത്, പൊതുജനത്തില്‍ നിന്ന് സ്വീകരിച്ച തുക ട്രഷറിയില്‍ അടക്കാതിരുന്നത്, അനധികൃതമായി വിവിധ ആനുകൂല്യങ്ങള്‍ കൈപ്പറ്റിയത് തുടങ്ങിയ ക്രമക്കേടുകളായിരുന്നു കണ്ടെത്തിയത്. തുക തിരിച്ചുപിടിക്കുന്നത് മുതല്‍ വകുപ്പുതല നടപടി വരെ ഓരോ ഓഫിസിലും ധനകാര്യവകുപ്പ് ശുപാര്‍ശ ചെയ്തിരുന്നു.
എന്നാല്‍ കാരോട്, പാലോട് പി.എച്ച്.സികള്‍, പൊതുമരാമത്ത് വിഭാഗം ഡിവിഷന്‍ ഓഫിസ് എറണാകുളം, ബിവറേജസ് കോര്‍പ്പറേഷന്റെ വടക്കേക്കരയിലെ വില്‍പനശാല, പാമ്പാടി സബ് രജിസ്ട്രാര്‍ ഓഫിസ്, തിരുവനന്തപുരത്തെ ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റ്, കണ്ണൂര്‍ ഡിവിഷണല്‍ ഫോറസ്റ്റ് ഓഫിസ്, മാടായി ഗവ.എച്ച്.എസ്.എസ്, മാനന്തവാടി കൃഷി അസി. ഡയറക്ടറുടെ കാര്യാലയം, ഗവ.മെഡിക്കല്‍ കോളജ് പാലക്കാട് എന്നീ സ്ഥാപനങ്ങള്‍ മാത്രമാണ് തുടര്‍നടപടികള്‍ സംബന്ധിച്ച് ധനവകുപ്പിന് റിപ്പോര്‍ട്ട് നല്‍കിയിട്ടുള്ളത്. ശേഷിക്കുന്നവയില്‍ എണ്‍പതോളം സ്ഥാപനങ്ങളിലെ നടപടി സംബന്ധിച്ച റിപ്പോര്‍ട്ട് നല്‍കേണ്ടതാണ് ഭരണ വകുപ്പാണെന്നും രേഖകള്‍ വ്യക്തമാക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."