വടക്കാഞ്ചേരി നഗരസഭയില്‍ ഒരു കോടി 72 ലക്ഷം രൂപയുടെ വികസന പദ്ധതികള്‍
വടക്കാഞ്ചേരി: നഗരസഭയിലെ വിവിധ പദ്ധതികള്‍ക്കായി ഒരു കോടി 72 ലക്ഷം രൂപയുടെ പദ്ധതികള്‍ക്ക് അംഗീകാരം ലഭിച്ചതായി അനില്‍ അക്കര എം.എല്‍.എ അറിയിച്ചു.
ചാലിക്കുന്ന് റോഡിന്റെ പുനരുദ്ധാരണത്തിന് 34 ലക്ഷം, മങ്കര പാരീസ് റോഡിന്റെ പുനര്‍നിര്‍മാണത്തിന് 26 ലക്ഷം, ചരല്‍പറമ്പ് ഫോറസ്റ്റ് റോഡ് കോണ്‍ക്രീറ്റിങിന് 12 ലക്ഷം, വടക്കാഞ്ചേരി റെയില്‍വേ സ്റ്റേഷന്‍ ജങ്ഷന്‍ വികസനത്തിന് ഒരു കോടിരൂപ എന്നിങ്ങനെയാണ് ഒരു കോടി 72 ലക്ഷം രൂപയുടെ പദ്ധതികള്‍ക്ക് അംഗീകാരം ലഭിച്ചത്.
ഇതിനു പുറമേ അംബേദ്കര്‍ ഗ്രാമവികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി റെയില്‍വേ കോളനിയിലെ പട്ടികജാതി വിഭാഗക്കാരുടെ വീടുകളുടെ പുനരുദ്ധാരണത്തിനും കുടിവെള്ള പദ്ധതിക്കുമായി ഒരു കോടി രൂപയുടെ പദ്ധതി നടപ്പിലാക്കുന്നതിന് നിര്‍മിതികേന്ദ്രയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
ഇതേ മാതൃകയില്‍ ഒരു കോടിരൂപ അനുവദിച്ച് കുമ്പളങ്ങാട് വേട്ടാംകോട് പട്ടികജാതി കോളനിയിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അവസാന ഘട്ടത്തിലാണ്.
നേരത്തേ എം.എല്‍.എ ഫണ്ടില്‍ നിന്നും അനുവദിച്ച എങ്കക്കാട് ഷേണായ് മില്‍ റോഡ് ജങ്ഷന്‍ ഇന്റര്‍ലോക്കിങ് ചെയ്ത് നവീകരിക്കുന്നതിന് 3.4 ലക്ഷം രൂപയും വാഴാനി റോഡ് ബൈലൈന്‍ കോണ്‍ക്രീറ്റ് ചെയ്യുന്നതിന് 2.5 ലക്ഷംരൂപയും അനുവദിച്ച് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.
സംസ്ഥാന റവന്യൂ വകുപ്പ് അനുവദിച്ച 25 ലക്ഷം രൂപ ഉപയോഗിച്ച് ഞാറക്കുളങ്ങര ക്ഷേത്രം റോഡ്, കാട്ടിലങ്ങാടി റോഡ്, ഊത്രാളിക്കാവ് ക്ഷേത്രം റോഡ് എന്നീ റോഡുകള്‍ പുനരുദ്ധാരണം നടത്തുന്നതിന് നഗരസഭയുടെ ആവശ്യപ്രകാരം വടക്കാഞ്ചേരി നഗരസഭയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
പാര്‍ളിക്കാട് മുതല്‍ അകമല ശാസ്താ ക്ഷേത്രം വരെയുള്ള റോഡ് ബി.എം ആന്റ് ബിസി മോഡല്‍ ടാറിങ് നടത്തുന്നതിന് 10 കോടി രൂപ അനുവദിക്കുകയും നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി വരികയുമാണെന്നും എം.എല്‍.എ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."