ഇന്ത്യ- ചൈന ഭായ് ഭായ് ബന്ധം തുടരും
കസാൻ (റഷ്യ): അതിർത്തിയിലെ സമാധാനത്തിനും പരസ്പര വിശ്വാസത്തിനും ബഹുമാനത്തിനുമാണ് ഇന്ത്യ പ്രാധാന്യം നൽകുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ബ്രിക്സ് ഉച്ചകോടിക്കിടെ ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങിന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘവുമായി കൂടിക്കാഴ്ച നടത്തുകയായിരുന്നു അദ്ദേഹം.
യഥാർഥ നിയന്ത്രണ രേഖയിൽനിന്ന് സൈന്യത്തെ പിൻവലിക്കാൻ ഉൾപ്പെടെ ഇന്ത്യയും ചൈനയും ധാരണയായിരുന്നു. 2019 ന് ശേഷം ഇതാദ്യമായാണ് ഇന്ത്യയും ചൈനയും നയതന്ത്രതല യോഗം നടക്കുന്നത്. ലഡാക്കിലെ ഗാൽവാനിൽ സൈനിക ഏറ്റുമുട്ടലിനു ശേഷം ഇന്ത്യയും ചൈനയും തമ്മിലുള്ള നയതന്ത്രബന്ധം വഷളായിരുന്നു.
അതിർത്തിയിൽ 2020 മെയ് മാസത്തിനു മുൻപുള്ള തൽസ്ഥിതി തുടരാനും ധാരണയായി. അഞ്ചുവർഷത്തിനിടെ ആദ്യമായുള്ള യോഗമാണിതെന്ന് മോദി ഷീ ജിൻപിങ്ങിനോട് പറഞ്ഞു. അതിർത്തിയിൽ സ്ഥിരതയും സമാധാനവുമാണ് ഇന്ത്യ ആഗ്രഹിക്കുന്നത്. എല്ലാ പ്രശ്നങ്ങളും ചർച്ചകളിലൂടെ പരിഹരിക്കപ്പെടണമെന്നും മോദി പറഞ്ഞു.
ഇരുരാജ്യങ്ങളിലെ ജനങ്ങളും അന്താരാഷ്ട്ര സമൂഹവും ഈ യോഗം ജാഗ്രതയോടെ വീക്ഷിക്കുന്നുണ്ടെന്ന് ഷീ ജിൻപിങ്ങ് പറഞ്ഞു. ഇരു രാജ്യങ്ങളിലെയും അടിസ്ഥാന താൽപര്യങ്ങൾ സംരക്ഷിക്കപ്പെടണം. ഇന്ത്യയുമായി ആശയങ്ങളും നയതന്ത്ര ബന്ധവും പ്രശ്നങ്ങളും ചർച്ച ചെയ്യപ്പെടുമെന്ന് ഷീ ജിൻപിങ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."