സ്കൂള്‍, പ്ലസ് വണ്‍, കോളജ് സ്പോര്‍ട്സ് തിരഞ്ഞെടുപ്പ് 22ന്
ആലപ്പുഴ: 2019-20 അധ്യയന വര്‍ഷത്തിലേക്ക് സ്റ്റേറ്റ് സ്പോര്‍ട്സ് കൗണ്‍സിലിന്റെ കീഴില്‍ വിവിധ ജില്ലകളില്‍ പ്രവര്‍ത്തിക്കുന്ന സ്കൂള്‍, പ്ലസ് വണ്‍, കോളജ്, ഐ.ടി.ഐ, പോളി ടെക്നിക് സ്പോര്‍ട്സ് ഹോസ്റ്റലുകളിലേക്ക് കായികതാരങ്ങളെ തിരഞ്ഞെടുക്കുന്നു. 22ന് രാവിലെ എട്ടു മുതല്‍ ജില്ലാതല സെലക്ഷന് ആലപ്പുഴ ഇ.എം.എസ് സ്റ്റേഡിയത്തില്‍ നടക്കും. അത്ലറ്റിക്സ്, ബാസ്ക്റ്റ്ബോള്‍, വോളിബോള്‍, ഫുട്ബോള്‍ എന്നീ കായികയിനങ്ങളിലാണു സെലക്ഷന്. സ്കൂള്‍ ഹോസ്റ്റലുകളിലേക്ക് ഏഴ്, എട്ട് ക്ലാസുകളിലേക്കാണു പ്രവേശനം. സംസ്ഥാന മത്സരങ്ങളില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടിയവര്‍ക്കും ദേശീയ മത്സരങ്ങളില്‍ പങ്കെടുത്തവര്‍ക്കും ഒന്‍പതാം ക്ലാസിലേക്കുള്ള സെലക്ഷനില്‍ പങ്കെടുക്കാം. ദേശീയ മത്സരങ്ങളില്‍ സബ് ജൂനിയര്‍, ജൂനിയര്‍ സ്കൂള്‍ വിഭാഗത്തില്‍ മെഡല്‍ നേടിയ കായികതാരങ്ങള്‍ക്ക് ഏഴ്, എട്ട് ഒന്‍പത് ക്ലാസുകളിലേക്ക് നേരിട്ട് പ്രവേശനം നല്‍കും. ഉയരത്തിന് വെയിറ്റേജ് മാര്‍ക്ക് ലഭിക്കും. പ്ലസ് വണ്‍, കോളജ്, ഐ.ടി.ഐ, പോളി ടെക്നിക് സ്പോര്‍ട്സ് ഹോസ്റ്റലുകളിലേക്ക് പ്രവേശനം ലഭിക്കേണ്ട കായകതാരങ്ങള്‍ ജില്ലാ, സംസ്ഥാന മത്സരങ്ങളില്‍ പങ്കെടുത്തിരിക്കണം.
ദേശീയ മത്സരത്തില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടിയവര്‍ക്ക് ശാരീരികക്ഷമതയുടെ അടിസ്ഥാനത്തില്‍ നേരിട്ടു പ്രവേശനം നല്‍കും. ഉയരത്തിനു വെയിറ്റേജ് ലഭിക്കും. ജില്ലാതല തിരഞ്ഞെടുപ്പില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ 22ന് രാവിലെ എട്ടിനു പാസ്പോര്‍ട്ട് സൈസ് ഫോട്ടോ, ജനന സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്, സ്കൂള്‍ അധികാരികളില്‍നിന്ന് ലഭിക്കുന്ന വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, കായികരംഗത്തെ പ്രാവീണ്യം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04772253090.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."