വര്‍ഗീയതയും പ്രത്യയശാസ്ത്രവും തോറ്റു, ജയിച്ചത് കെജ്‌രിവാളിന്റെ ഭരണമികവ്
ഡല്‍ഹി: വര്‍ഗീയത വേണോ മികച്ച ഗവേണന്‍സ് വേണോ എന്ന ചോദ്യത്തിന് ഡല്‍ഹി മധ്യവര്‍ഗം ഗവേണന്‍സ് എന്നുത്തരം നല്‍കിയതാണ് ആം ആദ്മി പാര്‍ട്ടിയെ വീണ്ടും അധികാരത്തിലെത്തിച്ച ഡല്‍ഹി തെരഞ്ഞെടുപ്പ് ഫലം. പ്രത്യയ ശാസ്ത്രത്തിനല്ല മികച്ച അടിസ്ഥാന സൗകര്യങ്ങള്‍ക്കാണ് നഗരങ്ങള്‍ വോട്ടു ചെയ്യുകയെന്ന ആം ആദ്മി പാര്‍ട്ടി സിദ്ധാന്തം ഇത് രണ്ടാം തവണയാണ് ഫലം കണ്ടത്. ഫാഷിസവും ഫാഷിസ്റ്റ് വിരുദ്ധരും തമ്മിലുള്ള മത്സരമായിരുന്നില്ല ഡല്‍ഹിയിലേത്. ഫലവും അങ്ങനെയല്ല. 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മധ്യവര്‍ഗത്തെ ബി.ജെ.പിക്കൊപ്പം നിര്‍ത്തിയ മികച്ച ഭരണവും വികസനവും എന്ന അതേ സിദ്ധാന്തമാണ് ഡല്‍ഹിയില്‍ ആംആദ്മി പാര്‍ട്ടിയ്ക്ക് അനുകൂലമായും പ്രവര്‍ത്തിച്ചത്. മോദി സര്‍ക്കാറില്‍ നിന്ന് വ്യത്യസ്തമായി കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയില്‍ അത് പ്രായോഗികമാക്കാന്‍ ആംആദ്മി പാര്‍ട്ടിക്ക് കഴിഞ്ഞു.
ന്യൂനപക്ഷങ്ങളും സംഘപരിവാറിനെ എതിര്‍ക്കുന്ന ഒരു വിഭാഗവും ബി.ജെ.പിയുടെ തോല്‍പ്പിക്കാന്‍ ശേഷിയുള്ള എതിരാളിയായി ആംആദ്മി പാര്‍ട്ടിയെ കണ്ടിരുന്നു. അതോടൊപ്പം ബി.ജെ.പിയുടെ തന്നെ വോട്ടുബാങ്കായ ഹിന്ദു മധ്യവര്‍ഗത്തിലെ ഒരു വിഭാഗവും മികച്ച ഭരണത്തിന്റെ പേരില്‍ ആംആദ്മി പാര്‍ട്ടിയ്‌ക്കൊപ്പം നിന്നു. ഇതു രണ്ടും കൂടിച്ചേര്‍ന്നതാണ് ആം ആദ്മി പാര്‍ട്ടിയെ വീണ്ടും അധികാരത്തിലെത്തിച്ചത്. അതോടൊപ്പം സാധാരണക്കാരുടെ പിന്തുണ കൂടി ചേര്‍ന്നതോടെ വര്‍ഗീയ വിഭജനം മാത്രം ലക്ഷ്യമിട്ടുള്ള ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തെ അതിജീവിക്കാന്‍ ആംആദ്മി പാര്‍ട്ടിയ്ക്കായി.
കെജ്‌രിവാള്‍ മേരാ ഹീറോ, ബിജ്‌ലി ബില്‍ മേരാ സീറോ എന്നതായിരുന്നു ആംആദ്മിയുടെ തെരഞ്ഞെടുപ്പ് മുദ്രാവാക്യം. നരേന്ദ്രമോദിയുടെ നല്ലകാലത്ത് പോലും ഡല്‍ഹി മോദി തരംഗത്തെ സ്വീകരിച്ചിട്ടില്ല. 2014ല്‍ മോദി സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരമേറ്റതിന് ശേഷം 2015ലാണ് ആംആദ്മി പാര്‍ട്ടി ആകെയുള്ള 70 സീറ്റുകളില്‍ 67 സീറ്റുകള്‍ നേടി അധികാരത്തിലെത്തുന്നത്.
തെരഞ്ഞെടുപ്പില്‍ കെജ്‌റിവാളിന് ഭീഷണിയാകുന്ന ഒരു ഘടകം പോലുമുണ്ടായിരുന്നില്ല. നിശ്ചിത ഉപയോഗത്തിന് വൈദ്യുതി ബില്‍ ഇല്ലാതായിട്ടുണ്ട്. വാട്ടര്‍ബില്ലും ഇല്ലാതായി. സ്ത്രീകള്‍ക്ക് ബസ്സുകളില്‍ പൂര്‍ണമായും സൗജന്യയാത്രയാണ്. ആശുപത്രികള്‍ ഡല്‍ഹിയിലെ ചരിത്രത്തിലൊരിക്കലുമില്ലാത്ത വിധം മെച്ചപ്പെട്ടു. വിദ്യാഭ്യാസ മേഖലയില്‍ സര്‍ക്കാര്‍ കൊണ്ടുവന്ന വികസനം വലുതാണ്. ബി.ജെ.പിയുടെ മോദി തരംഗവും രാംമന്ദിര്‍ മാനിയയുമൊന്നും മികച്ച ഗവേണന്‍സ് എന്ന കെജ്‌റിവാളിന്റെ ആശയത്തിന് മുന്നില്‍ വിലപ്പോയില്ല.
തുടര്‍ച്ചയായി 10 വര്‍ഷം ഭരിച്ച കോണ്‍ഗ്രസ് സര്‍ക്കാറില്‍ നിന്ന് ഭരണം എടുത്തുമാറ്റി പുതുതായി വന്ന ആംആദ്മി പാര്‍ട്ടി സര്‍ക്കാറിനെ 2013ല്‍ അധികാരമേല്‍പ്പിച്ചവരാണ് ഡല്‍ഹിക്കാര്‍. പിന്നാലെ 2015ലെ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ മൂന്ന് സീറ്റിലൊതുക്കിലാണ് കെജ്‌റിവാളിന് സുഗമമായ ഭരണത്തിന് ജനം അവസരമൊരുക്കിയത്. അതുകൊണ്ട് തന്നെ കേന്ദ്ര സര്‍ക്കാറായിരുന്നു കഴിഞ്ഞകാലത്ത് ഡല്‍ഹിയില്‍ പ്രതിപക്ഷത്ത്.
10 വര്‍ഷം ഡല്‍ഹി ഭരിക്കുകയും മെട്രോ ഉള്‍പ്പടെയുള്ള ഡല്‍ഹിയുടെ നവീകരണത്തിന് തുടക്കമിടുകയും ചെയ്ത കോണ്‍ഗ്രസ് സര്‍ക്കാര്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മൂന്നാംസ്ഥാനത്തായിപ്പോയതായിരുന്നു ഡല്‍ഹിയുടെ തെരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ വൈപരീത്യം. ഇത്തവണ കോണ്‍ഗ്രസ് പൂര്‍ണമായും തകര്‍ന്നടിഞ്ഞു. കോണ്‍ഗ്രസിന്റെ വോട്ടുവിഹിതം കൈക്കലാക്കിയ ആംആദ്മി പാര്‍ട്ടി ബി.ജെ.പി വോട്ടുകളില്‍ ഒരു വിഹിതവും കൊണ്ടുപോയി.
കഴിഞ്ഞ മൂന്നു അസംബ്ലി തെരഞ്ഞെടുപ്പുകളിലും ബി.ജെ.പി വോട്ടുവിഹിതം 32നും 36നും ഇടയില്‍ നില്‍ക്കുകയാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഇത് 32 ശതമാനമായിരുന്നു. ചെറുപാര്‍ട്ടികളെയും സ്വതന്ത്രരെയും ഡല്‍ഹി പ്രോത്സാഹിപ്പിക്കാറില്ലെന്നതാണ് മറ്റൊന്ന്. കഴിഞ്ഞ പ്രധാന തെരഞ്ഞെടുപ്പുകളിലെല്ലാം ആംആദ്മി, ബി.ജെ.പി, കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികളുടെ ചേര്‍ന്നുള്ള വോട്ടുവിഹിതം 95 ശതമാനമായിരുന്നു. പുറത്തുപോയത് അഞ്ചുശതമാനം മാത്രം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."