കമിതാക്കളെ കോടതിയില്‍ എത്തിക്കുന്നതിനിടെ സംഘര്‍ഷം; പൊലിസ് ലാത്തിവീശി
നാദാപുരം: ഒളിച്ചോടിയ കമിതാക്കളെ കോടതിയില്‍ എത്തിക്കുന്നതിനിടെ സംഘര്‍ഷം. സംഭവത്തില്‍ പൊലിസ് ലാത്തിവീശി. ഇന്നലെ വൈകിട്ട് നാദാപുരം മജിസ്ട്രേറ്റ് കോടതി പരിസരത്താണു നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. കഴിഞ്ഞയാഴ്ച സ്വകാര്യ കോളജില്‍ പഠിക്കുന്ന കുറ്റ്യാടി സ്വദേശിനിയായ പതിനെട്ടുകാരി എടച്ചേരി സ്വദേശിയായ യുവാവിനൊപ്പം ഒളിച്ചോടിയിരുന്നു. ഇവരെ ഇന്നലെ കുറ്റ്യാടി പൊലിസ് കണ്ടെത്തി നാദാപുരം കോടതിയില്‍ ഹാജരാക്കുന്നതിനിടെയാണു കോടതി പരിസരത്ത് സംഘര്‍ഷമുണ്ടായത്.
കോടതിയില്‍ ഹാജരാക്കുന്ന വിവരമറിഞ്ഞ് ഇരുവിഭാഗത്തില്‍പെട്ട ആളുകള്‍ ഇവിടെ സംഘടിച്ചു. ഇതിനിടെ കാമുകനൊപ്പം കാറിലെത്തിയ യുവതിയെ ബന്ധുക്കള്‍ ബലമായി മറ്റൊരു കാറില്‍ കയറ്റാന്‍ ശ്രമിച്ചു. ഇതോടെ പൊലിസ് ലാത്തി വീശി ആളുകളെ വിരട്ടിയോടിക്കുകയായിരുന്നു. ഇരുവരെയും നാദാപുരം സ്റ്റേഷനില്‍ എത്തിച്ച് നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി വന്‍ സുരക്ഷയോടെ കോടതിയില്‍ ഹാജരാക്കി. യുവാവിനൊപ്പം പോകുന്നതായി മജിസ്ട്രേറ്റ് മുന്‍പാകെ മൊഴിനല്‍കിയ യുവതിയെ കോടതി ഇയാള്‍ക്കൊപ്പം വിട്ടയച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."